പാലക്കാട്: ജില്ലയ്ക്കു ലഭിച്ച സര്‍ക്കാര്‍ മെഡിക്കല്‍കോളജിന് സ്ഥലം അനുവദിക്കുന്നത് തടയാന്‍ യാക്കരയിലെ ഐടിഐ പുതിയ പദ്ധതിപ്രഖ്യാപനവുമായി രംഗത്തെത്തി.
തുടക്കത്തില്‍ തൊഴിലാളികള്‍ ഉദ്യാനപ്രോജക്ടുമായാണ് രംഗത്തെത്തിയതെങ്കില്‍ ഇപ്പോള്‍ ബയോമെട്രിക് പ്രോജക്ടു മായാണ് തല്പരകക്ഷികള് രംഗത്തെത്തിയിരിക്കുന്നത്.
യാക്കരയിലുള്ള ഐടിഐ (ഇന്‍ഡ്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ്)യുടെ സ്ഥലമാണ് മെഡിക്കല്‍ കോളജിനായി കണ്ടെത്തിയിട്ടുള്ളത്. 110 ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന നിര്‍ദ്ദിഷ്ട സ്ഥലത്തുനിന്ന് ആദ്യഘട്ടത്തില്‍ 50 ഏക്കര്‍ ഏറ്റെടുക്കാനാണ് നിലവില്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐടിഐ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ജീവനക്കാര്‍ രംഗത്തെത്തിയതാണ് പ്രശ്നമായത്.
സ്ഥലം വിട്ടുകിട്ടുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ഉന്നതതല യോഗം നടന്നിരുന്നു. കേന്ദ്ര വ്യവസായ ധനസഹായ പുനരുദ്ധാരണ ബ്യൂറോയ്ക്ക് ഹര്‍ജി നല്കാന് തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ബി.വത്സലകുമാരി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തികഴിഞ്ഞു. സ്ഥലം വിട്ടുകിട്ടുന്നതിന് ആവശ്യമെങ്കില്‍ നിയമോപദേശം തേടാനും യോഗത്തില്‍ നിര്ദേശമുയര്ന്നി ട്ടുണ്ട്.
അതേ സമയം നിര്‍ദ്ദിഷ്ടസ്ഥലത്ത് ഐടിഐ ബോര്‍ഡ് സ്ഥാപിച്ച് മുന്നോട്ടിറങ്ങിയത് പ്രശ്നം വീണ്ടും സങ്കീര്‍ണമാക്കുകയാണ്. ബയോമെട്രിക് കാര്‍ഡ് നിര്‍മിക്കുന്നതിനുള്ള കേന്ദ്രം ഇവിടെ തുടങ്ങാനാണ് പദ്ധതി. മെഡിക്കല്‍ കോളജിന് സ്ഥലം പരിഗണിച്ച സമയത്തുതന്നെ ഐടിഐ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മുടങ്ങിക്കിടക്കുന്ന ഐടിഐയുടെ വികസനം യാഥാര്‍ഥ്യമാകുന്ന ഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പുനഃരുദ്ധാരണത്തെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക. 2004 ല്‍ 504/04 നമ്പര്‍ പ്രകാരം ബിഐഎഫ്ആറിലേക്ക് നിര്‍ദേശിക്കപ്പെട്ട സ്ഥാപനമാണ് ഐടിഐ. വിവിധപുനഃരുദ്ധാരണ പാക്കേജുകളും നിര്‍ദേശങ്ങളും പ്രോജക്ടുകളും സമര്‍പ്പിക്കപ്പെട്ടെങ്കിലും പ്രായോഗികമായിട്ടിട്ടില്ല. ഐടിഐയെ പ്രതിരോധവകുപ്പ് ഏറ്റെടുക്കണമെന്ന നടപടിക്രമങ്ങളുമായി മുന്നോട്ടുനീങ്ങുന്നതിനിടെയാണ് മെഡിക്കല്കോളജും ഭൂമി ഏറ്റെടുക്കലുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു.
എല്ലാവര്ക്കും എളുപ്പത്തില്‍ എത്തിച്ചേരാമെന്ന പരിഗണനയിലാണ് യാക്കരയിലുള്ള ഐടിഐ സ്ഥലം മെഡിക്കല്‍ കോളജിനായി പരിഗണിച്ചിട്ടുള്ളത്. ആരോഗ്യ, റവന്യൂ, എസ്.സി വകുപ്പുകള്‍ ഇതുസംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു.
നിര്ദ്ദിഷ്ടഭൂമി ആവശ്യത്തിന് ഉപയോഗിക്കാത്ത സാഹചര്യത്തില്‍ പൊതുആവശ്യത്തിന് സംസ്ഥാനത്തിനുതന്നെ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ഭൂമി ആവശ്യപ്പെടുക. ഭൂമി ലഭ്യമാക്കല്‍ സാങ്കേതിക കുരുക്കിലായതോടെ അനുബന്ധ നീക്കുപോക്കുകളും എളുപ്പത്തിലായിട്ടില്ല. നിലവില്‍ കോളജിന് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിക്കാന്‍ പട്ടികജാതി വികസനവകുപ്പ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാനുള്ള അപേക്ഷയും സമര്‍പ്പിക്കണം. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമേ നടപടി ക്രമങ്ങള്‍ എളുപ്പത്തിലാകൂ. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലാണ് മെഡിക്കല്‍കോളജ് അനുവദിച്ചിട്ടുള്ളത്.
പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടിയും അനുവദിക്കപ്പെട്ടിട്ടുണ്ട്. സ്ഥലപ്രശ്നം പരിഹരിക്കാത്തപക്ഷം മെഡിക്കല്‍ കോളജിന്റെ മുന്നോട്ടുപോക്കിനും കടമ്പകള്‍ കൂടിവരികയാണ്.
മെഡിക്കല്‍ കോളജ് സാങ്കേതിക പ്രശ്നം പറഞ്ഞ് ഇപ്പോഴും നൂലാമാലകളില്‍ തന്നെയിടാനാണ് ഐടിഐയുടെ ശ്രമമെന്ന് ഇതോടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: