അഗര്‍ത്തല: ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ ത്രിപുരയില്‍ പിടിയിലായി. ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുരയുടെ ഭീകരരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 25 ലക്ഷം രൂപയും ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ത്രിപുരയുടെ പടിഞ്ഞാറന്‍ മേഖലയായ ജിറാനിയയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഭീകരപ്രവര്‍ത്തകരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ത്രിപുരയില്‍ അടുത്ത വര്‍ഷമാദ്യം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആള്‍ബലവും ആയുധങ്ങളും കൂട്ടാന്‍ ഭീകരപ്രവര്ത്തകര് ശ്രമിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മുമ്പ് കീഴടങ്ങിയ 27 ഭീകരരെ കാണാതായിട്ടുണ്ട്. ഇവര്‍ സംഘടനയില്‍ തിരിച്ചെത്തി സംസ്ഥാനത്ത് വിഘടനപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്ന് സംസ്ഥാനത്ത് കൂടുതല്‍ ഭീകരരെ എത്തിച്ച് സുരക്ഷയും സമാധാനവും തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അടുത്തിടെ ദല്‍ഹിയില്‍ നടന്ന സുരക്ഷാ അവലോകനയോഗത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിര്‍ത്തി സംസ്ഥാനമായ ത്രിപുര വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് ബംഗ്ലാദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രന്റ് ഓഫ് ത്രിപുര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: