ന്യൂദല്‍ഹി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിലും റിസര്‍വ് ബാങ്ക് പ്രധാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. ഇന്നലെ നടന്ന അര്‍ധവാര്‍ഷിക പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്താതെ 4.75 ശതമാനമായി നിലനിര്‍ത്തി. റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. ഇത് എട്ട് ശതമാനമായി തുടരും.
രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം നിയന്ത്രിച്ച് സാമ്പത്തിക രംഗം ശക്തപ്പെടുത്തുന്നതിനായി വായ്പാ നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
രാജ്യത്ത് പണപ്പെരുപ്പം 7.55 ശതമാനമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാതിരുന്നത്. ഈ സാഹചര്യത്തില്‍ വായ്പാ നിരക്കുകള്‍ കുറച്ചാല്‍ പണപ്പെരുപ്പം വീണ്ടും രൂക്ഷമാകുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
മെയ്മാസത്തില്‍ ചില്ലറ വില്പന മേഖലയിലെ പണപ്പെരുപ്പ നിരക്ക് 10.36 ശതമാനമായിരുന്നു. ഏപ്രിലില്‍ ഇത് 10.26 ശതമാനവും.
രൂപയുടെ മൂല്യശോഷണം കയറ്റുമതി വര്‍ധിപ്പിക്കുമെന്നും ആര്‍ബിഐ അഭിപ്രായപ്പെട്ടു. ഭാവിയില്‍ നിരക്കുകള്‍ കുറക്കുന്നത് ബാഹ്യ ഘടകങ്ങളേയും ആഭ്യന്തര പുരോഗതിയേയും പണപ്പെരുപ്പത്തേയും ആശ്രയിച്ചായിരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
അതേസമയം റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്താത്തത് വിപണിയെ പ്രതികൂലമായി ബാധിച്ചു. നിരക്കുകളില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ ഉണര്‍വ് പ്രകടമായിരുന്നു. ആര്‍ബിഐയുടെ അടുത്ത ധന അവലോകന യോഗം ജൂലൈയിലാണ് നടക്കുക. അന്ന് നിരക്കുകളില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ്മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 7.55 ശതമാനത്തില്‍ എത്തിയ സാഹചര്യത്തില്‍ സാമ്പത്തിക പുരോഗതി വീണ്ടെടുക്കുന്നത് റിസര്‍വ് ബാങ്കിന് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരും.
വളര്‍ച്ചാ നിരക്ക് ഉത്തേജിപ്പിക്കുന്നതിനേക്കാള്‍ പണപ്പെരുപ്പ നിരക്ക് കുറക്കുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവു പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ റിസര്‍വ് ബാങ്ക് മുഖ്യ നിരക്കുകളില്‍ അര ശതമാനം കുറവ് വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: