കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ട് കാലമായി കാസര്‍കോട് ജില്ലയില്‍ ദുരന്തം വിതച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വ്വീര്യമാക്കാന്‍ നടപടി തുടങ്ങി. ഇതോടെ ജനങ്ങളില്‍ ആശങ്കാകുലമാക്കിയ വിപത്തിന് അറുതിയാവുന്നു. പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷണ്റ്റെ കശുമാവിന് തോട്ടങ്ങളില്‍ വര്‍ഷങ്ങളോളം ഹെലികോപ്ടറില്‍ നിന്നും തെളിച്ച എന്‍ഡോസള്‍ഫാന്‍ ജില്ലയുടെ ജൈവ സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുകയായിരുന്നു. പൂമ്പാറ്റയും അണ്ണാനും, ഓന്തുകളും അരണയും മയിലും വണ്ടുകളും, തേനീച്ചകളും കൊണ്ട് സംഋദ്ധമായ കശുമാവിന്‍തോട്ടങ്ങള്‍ മരുപ്പറമ്പായത് എന്‍ഡോസള്‍ഫാണ്റ്റെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. പെരിയയിലേയും, ചീമേനിയിലേയും, രാജപുരത്തേയും തോട്ടങ്ങളില്‍ പെയ്തിറങ്ങിയ വിഷമഴ ഒരു തലമുറയെതന്നെ നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. ഒന്നരപതിറ്റാണ്ടോളം പ്ളാണ്റ്റേഷന്‍ കോര്പ്പറേഷന് വര്‍ഷിച്ച വിഷമഴയില്‍ പൊലിഞ്ഞത് 732 മനുഷ്യ ജീവനുകളാണ്. ഇന്നും ജീവശവങ്ങളായി കഴിയുന്ന ആയിരങ്ങളുടെ ജീവിതം ദുരിത കാഴ്ചതന്നെയാണ്. ഒരു കാലത്ത് എന്‍ഡോസള്‍ഫാനെ ന്യായീകരിച്ച ഭരണ പ്രതിപക്ഷങ്ങള്‍ ഇന്ന് ഇതൊരു വിപത്താണെന്ന് മനസ്സിലാക്കിക്കഴിഞ്ഞു. 1993 ല്‍ കൃഷി ഓഫീസറായിരുന്ന പെരിയയിലെ ലീലാകുമാരിയമ്മ എന്‍ഡോസള്‍ഫാന്‍ തെളിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിഷമഴയ്ക്ക് അറുതിയായത്. ലോക രാജ്യങ്ങളില്‍ പല വികസിത രാജ്യങ്ങളിലും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും ഇന്ത്യ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാനാണ് പ്ളാണ്റ്റേഷന്‍ കോര്പ്പറേഷന് പരിസരത്ത് താമസിക്കുന്നവരുടെ ദുരിത ജീവിതത്തിന് കാരണമെന്ന് അംഗീകരിക്കാന്‍ അടുത്ത കാലം വരെ കേന്ദ്രസര്‍ക്കാറുകളും, കൃഷി മന്ത്രാലയവും തയ്യാറായിരുന്നില്ല. ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും, മനുഷ്യാവകാശ കമ്മീഷണ്റ്റെയും നിരീക്ഷണം എന്‍ഡോസള്‍ഫാന്‍ കൊടിയ വിഷം തന്നെ ആണെന്നായിരുന്നു. ഈ നിരീക്ഷണം എ കാറ്റഗറിയില്‍പ്പെട്ട കീടനാശിനികളുടെ നിരോധാനത്തിലേക്കും വഴി തെളിയിച്ചു. പതിയെ ജൈവകൃഷിയിലേക്ക് നടന്നു നീങ്ങുന്ന കാസര്‍കോട് ജില്ലയ്ക്ക് എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കാന്‍ ഒരു പുതിയ ഉണര്‍വാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: