കണ്ണൂര്‍: തളിപ്പറമ്പ് അരിയലിലെ ലീഗ് പ്രവര്ത്തകന് അബ്ദുള്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ 22ന് വീണ്ടും ചോദ്യം ചെയ്യും. നേരത്തെ ജയരാജനെ ചോദ്യം ചെയ്തപ്പോഴുണ്ടായ മൊഴിയിലെ വൈരുധ്യവും പോലീസ് പരിശോധിച്ച് വരുന്നുണ്ട്. അന്വേഷണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ജയരാജന് ബോധപൂര്‍വ്വം പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതായി പോലീസ് അനുമാനിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ടി.വി.രാജേഷിനെ ചോദ്യം ചെയ്യുന്നത് ജൂലൈ ഒന്നിലേക്ക് മാറ്റി. ജയരാജനെ ഒരുതവണ കൂടി ചോദ്യം ചെയ്തശേഷം രാജേഷിനെ ചോദ്യം ചെയ്താല്‍ മതിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
ലീഗുകാരുടെ ആക്രമണത്തിന് ശേഷം ജയരാജനും രാജേഷും തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ആശുപത്രിയില്‍ വെച്ച് ഷുക്കൂര്‍ വധത്തിന്റെ ഗൂഢാലോചന നടന്നുവെന്ന് പോലീസ് അനുമാനിക്കുന്നു. ഇത് സംബന്ധിച്ച് ആശുപത്രി ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. ഷുക്കൂറിന്റെ പടം മൊബെയിലില്‍ പകര്‍ത്തി എസ്എംഎസ് അയച്ചതിന് ശേഷമാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഇത് സംബന്ധിച്ച വിശദവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: