ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറതകരുന്നു എന്ന സത്യമാണ് ഈയടുത്ത ദിവസങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. എട്ട് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും നെല്ലൂര്‍ ലോക് സഭാമണ്ഡലത്തിലെ ഫലവുമാണ് കാലിക രാഷ്ട്രീയം ഉരച്ചു നോക്കാന്‍ സഹായകമായിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് നടന്ന 26 നിയമസഭാ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സിന്റെ സിറ്റിങ്ങ് സീറ്റുകളായിരുന്നു. എന്നാലിപ്പോള്‍ സിറ്റിങ്ങ് സീറ്റുകളില്‍ രണ്ടെണ്ണത്തിലൊഴികെ എല്ലാം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്സ് വന്‍തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുന്നു. ആന്ധ്രയിലും മറ്റും കടപുഴകി വീണ കോണ്‍ഗ്രസ്സിന് ദേശീയ തലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട് ഉഴറുന്ന അവസ്ഥയില്‍ ഇടതുപക്ഷത്തില്‍ നിന്ന് നെയ്യാറ്റിന്‍കര പിടിച്ചെടുക്കാനായത് മാത്രമാണ് ഏക ആശ്വാസം.
രാജ്യത്തിന് ശാപവും ഭാരവുമായി മാറിയ യു.പി.എ അഴിമതി ഭരണത്തിന് ജനങ്ങളെതിരാണെന്ന് ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശിലെ നല്ലൂര് പാര്‍ലമെന്റ് മണ്ഡലത്തില്‍ 2009 ല്‍ കോണ്‍ഗ്രസ്സ് ജയിച്ചതായിരുന്നു. സിറ്റിങ്ങ് എം.പി. രാജ്മോഹന്‍ റെഡ്ഡി രാജി വെച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പു നടന്നത്. ഇപ്പോഴവിടെ മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സുബ്ബിരാമി റെഡ്ഡി അതിദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. കോണ്‍ഗ്രസ്സ് ശക്തികേന്ദ്രമെന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലത്തില്‍ വിജയിച്ച വൈ.എസ്.ആര് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി 5,35,436 വോട്ട് നേടിയപ്പോള്‍ തോറ്റ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കു ലഭിച്ചത് കേവലം 2,43,691 വോട്ടുകള്‍ മാത്രമാണ്. 2.91 ലക്ഷം വോട്ടിന്റെ റിക്കാര്‍ഡ് വ്യത്യാസത്തില്‍ കോണ്‍ഗ്രസ്സ് തോറ്റു എന്നതിനര്‍ത്ഥം അവരുടെ എക്കാലത്തേയും ശക്തികേന്ദ്രമായ ആന്ധ്രഅവരെ കയ്യൊഴിഞ്ഞു എന്നതാണ്.
ജാര്‍ഖണ്ഡിലെ ഹട്രിയ നിയോജകമണ്ഡലത്തില്‍ സിറ്റിങ്ങ് കോണ്‍ഗ്രസ്സ് അംഗത്തിന്റെ നിര്യാണം മൂലമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്നാലിപ്പോള്‍ അവിടെ കോണ്‍ഗ്രസ്സ് തോറ്റുവെന്നു മാത്രമല്ല 4-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു ഉത്തര്‍പ്രദേശിലെ മാത്നിയമസഭാ സീറ്റില്‍ കേന്ദ്രമന്ത്രി അജിത് സിംഗിന്റെ മകന്റെ രാജിയെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് തിരിച്ചടിയുണ്ടായി. മദ്ധ്യപ്രദേശിലെ മഹേശ്വര് നിയമസഭാ മണ്ഡലത്തില്‍ ബിജെപി യാണ് ജയിച്ചത്. കേരളത്തിലെ നെയ്യാറ്റിന് കരയിലൊഴികെ മേറ്റ്ല്ലായിടത്തും കോണ്‍ഗ്രസ്സിന്റെ താഴൊട്ടുപൊക്കിനാണ് ഉപതെരഞ്ഞെടുപ്പ് ഇടയാക്കിയിട്ടുള്ളത്. ആന്ധ്രയിലെ ജഗന് തരംഗം തുടരാനിടയായാല് 2014 ല്‍ ഇന്ത്യ ഭരിക്കാന്‍ കോണ്‍ഗ്രസ്സിന് ജനവിധി ലഭിക്കില്ലെന്നുറപ്പാണ്.
നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്സ് നേടിയവിജയം നാടിനൊട്ടാകെ അപമാനകരമാണ്. കോണ്‍ഗ്രസ്സ് വിരുദ്ധവികാരം ജനവികാരമായി ആ സേതുഹിമാലയം ആളിക്കത്തവേ ഇവിടെ മാത്രം ജനവിരുദ്ധ കോണ്‍ഗ്രസ്സിന് പിടിവള്ളികിട്ടിയത്. സിപിഎം എന്ന പാര്‍ട്ടിയുടെ ബുദ്ധിമോശം ഒന്നു കൊണ്ടുമാത്രമാണ്. സി.പി.എം പാളയത്തിലെ പടയും അക്രമരാഷ്ട്രീയം നെഞ്ചിലേറ്റി നടക്കുന്ന നിലപാടുമൊക്കെയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത്. ടി.പി.ചന്ദ്രശേഖരന്റെ വധവും തുടര്‍ന്ന് ആ പ്രശ്നം സിപിഎം കൈകാര്യം ചെയ്ത രീതിയും സാമാന്യം ബുദ്ധിയുടെ അഭാവം ആവോളമുള്ളവരുടെ പാര്‍ട്ടിയാണ് കേരളത്തിലെ സിപിഎം എന്ന് തെളിയിച്ചിരിക്കുന്നു.
നെയ്യാറ്റിന്‍കരയിലെ ആര്.ശെല്‍വരാജിന്റെ വിജയം വര്‍ഗ്ഗീയ ശക്തികളുടെ വിജയമായിട്ടാണ് കണക്കാക്കേണ്ടതായിട്ടുള്ളത്. പള്ളിയും പട്ടക്കാരും ചേര്‍ന്ന് രാഷ്ട്രീയത്തെ തങ്ങളുടെ കാല്ക്കീഴിലാക്കുന്നതില് വിജയിച്ചിരിക്കുന്നു.ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിനുതടയിടാനുള്ള കരുത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് സമാഹരിക്കാനാവുമെന്ന ആത്മവിശ്വാസവും നെയ്യാറ്റിന്‍കര നല്കുന്നു. ഓ. രാജഗോപാലനെന്ന സംശുദ്ധതയുടെ പര്യായമായ രാജനൈതിക നായകന്റെ സ്ഥാനാര്‍ത്ഥിത്വവും ഇരുമുന്നണികളുടെയും ന്യൂനപക്ഷപ്രീണനത്തിനെതിരായ പ്രതിഷേധവുമാണ് ബിജെപിക്ക് 30,000 ത്തില്‍പ്പരം വോട്ടുകള്‍ നേടിത്തന്നിട്ടുള്ളത്. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരായ നിലപാട് കേരളത്തിലെ പൊതുസമൂഹം ഏറ്റെടുത്ത സന്ദര്‍ഭത്തില്‍ അതിന്റെ ഗുണം യുഡിഎഫിന് ഇന്ധനമായി എന്ന വസ്തുതയും മുഴച്ചുനില്ക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ബിജെപി മുന്നേറ്റത്തിന്റെ മര്‍മ്മമാണ്. നെയ്യാറ്റിന്‍കരയിലെ രാജഗോപാലിന്റെ മുന്നേറ്റത്തിന്റെ വിജയരഹസ്യം ബിജെപി ഉയര്‍ത്തിക്കാട്ടിയ ഹിന്ദുത്വ അജണ്ടയാണ്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും നെയ്യാറ്റിന്‍കരയും സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ദേശീയ കോണ്‍ഗ്രസ്സിനെ ന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ പ്രഹരിച്ച മണ്ഡലങ്ങളാണ്. മന്നത്തു പത്മനാഭനും, ആര്. ശങ്കറും, പട്ടം താണുപിള്ളയും ബിഷപ്പ് ഹൗസ്സുകളും അരമനകളും കോണ്‍ഗ്രസ്സിന്റെ കിടപ്പറയാകുന്നതിനെതിരെ പോരാട്ടം നടത്തി ഹിന്ദുത്വ രാഷ്ട്രീയം പയറ്റി ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ഇതില്‍ നിന്നും പാഠം പഠിച്ച കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം കേരളത്തിലെ കോണ്‍ഗ്രസ്സ് ഘടകത്തെ ദേശീയ രാഷ്ട്രീയത്തിലെ പുഴുകുത്തായിപ്പോലും ചിത്രീകരിച്ചിരുന്നു. പക്ഷേ ആറുപതിറ്റാണ്ടുകള്‍ക്കുശേഷം മന്നവും ശങ്കറും ഉയര്‍ത്തിക്കാട്ടിയ വര്‍ഗ്ഗീയ ശക്തികള്‍ കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായും കീഴടക്കിയിരിക്കുന്നു എന്നതാണ് 2012 ലെ ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്ന ഒരു മുന്നറിയിപ്പ് ബിജെപിക്ക് ഇരുമുന്നണികളില്‍ നിന്നും ഒഴുകിയെത്തിയ വന്‍തോതിലുള്ള പുതിയ വോട്ടുകള്‍ ഈ വര്‍ഗ്ഗീയതയ്ക്കെതിരെ പോരാടാനുള്ള ആത്മവിശ്വാസവും ഹിന്ദുത്വരാഷ്ട്രീയത്തിന് പകര്‍ന്ന് നല്കുന്നു.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: