നിയമസഭയെക്കുറിച്ച് നമുക്കൊരു ബോധ്യമുണ്ട്. ആയത് പ്രതിപക്ഷനേതാവിനുമുണ്ട്. അതിന് വ്യത്യാസം വന്നു എന്നു വരുകില്‍ കാര്യമായ എന്തോ പ്രശ്നമുണ്ട് എന്നു ധരിച്ചുകൊള്ളുക. രാജ്യത്തിനാകമാനം മാതൃകയാണ് നമ്മുടെ തിര്വന്തോരത്തെ നിയമസഭാകേന്ദ്രം. നിയമനിര്‍മാണത്തിന്റെ ശ്രീകോവില്‍. മേപ്പടി കോവിലില്‍ നിയമനിര്‍മാണം നടത്തുന്നവര്‍ക്ക് എന്തുമാകാമെന്നുവെച്ചാല് സ്ഥിതിഗതികള്‍ സങ്കീര്‍ണമാവും. അത്തരം സങ്കീര്‍ണതകളെ നിര്‍ധാരണം ചെയ്യാന്‍ ഇന്നത്തെ ചുറ്റുപാടില്‍ കഴിയുമോ എന്നത് വേറെ കാര്യം.
ടിസഭയെ അങ്ങേയറ്റം ആദരവോടെ കാണുന്നയാളാണ് നമ്മുടെയും പാര്‍ട്ടിയുടെയും (ച്ചാല്‍ വിപ്ലവപ്പാര്‍ട്ടി എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ) പ്രതിപക്ഷനേതാവ്. കുലീനമായ സഭാതലം ഒരു തരത്തിലും കളങ്കപ്പെടരുത് എന്ന് ടിയാന് നിര്‍ബ്ബന്ധമുണ്ട്. അതുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ അദ്യം സഭ ബഹിഷ്കരിച്ചു. സ്പീക്കറോട് രണ്ടു വര്‍ത്തമാനം പറഞ്ഞേച്ച ശേഷമാണ് ഇറങ്ങിപ്പോയതെന്നുമാത്രം. മലപ്പുറം ജില്ലയിലെ കുനിയില്‍ എന്ന സ്ഥലത്ത് ലീഗുകാര്‍ ചില പിള്ളേരുകളി കളിച്ചു. അതിന്റെ ഫലമായി രണ്ടുപേര്‍ സിദ്ധി കൂടുകയും ചെയ്തു. മേപ്പടി സംഭവത്തിലെ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെ പൊലീസുകാര്‍ ഉള്‍പ്പെടുത്തിയത്രേ. അതായത് ടിയാനെ ആറാം പ്രതിയാക്കി. പണ്ടെങ്ങോ നടത്തിയ ഒരു പ്രസംഗമാണത്രേ മൂപ്പരെ കൊലപാതകവുമായി ബന്ധപ്പെടുത്തിയത്. ഏതായാലും പ്രതിയായ ബഷീറിന് ഇരിക്കാന്‍ പറ്റുന്നയിടമല്ല നിയമസഭാഹാള്‍. ശാക്തര്‍ ആന്റ് കൗള്‍ പുസ്തകത്തില്‍ ഇതനെക്കുറിച്ച് എന്ത് പരാമര്‍ശമാണ് ഉള്ളതെന്നറിയില്ലെങ്കിലും അച്യുതാനന്ദന് എന്ന ധീരവീര സഖാവ് ജീവിതത്തില്‍ ഇന്നേവരെ ധാര്മികതക്കെതിരായി ഒരു ചെറുവിരല്‍ അനക്കംപോലും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ നിയമസഭ ബഷീറിനെ പോലുള്ളവര്‍ക്ക് ഒളിത്താവളമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കട്ടായം പറഞ്ഞുകൊണ്ട് ടിയാന് ഇറങ്ങിപ്പോന്നു.
ബഷീര്‍ സഭയില്‍ ഉള്ളതുകൊണ്ടാണോ തന്റെ പാര്‍ട്ടിയിലെ (പാര്‍ട്ടി ഏതാണെന്ന് ബഹുഭൂരിപക്ഷത്തിനും സംശയമുണ്ട്) ബഷീറിയന്‍ ശൈലി ഉള്ളവര്‍ സഭയിലുള്ളതുകൊണ്ടാണോ മൂപ്പര് ഇറങ്ങിപ്പോയത് എന്നറിയില്ല. കാരണം അദ്യം ആദ്യം തന്നെ ഇറങ്ങി നടക്കുകയായിരുന്നു. ശേഷിച്ചവരൊക്കെ അങ്ങനെത്തന്നെയിരുന്നു. അച്യുതാനന്ദന് പുറത്തുള്ളതുകൊണ്ട് സഭയില്‍ തന്നെ ഇരിക്കാമെന്ന് കരുതിയതിനാലാണോ അങ്ങനെ സംഭവിച്ചത് എന്നറിയില്ല. പാര്‍ട്ടിക്ക് ബഷീറിനേക്കാള്‍ ചതുര്‍ഥി അച്യുതാനന്ദനായിരിക്കുന്ന സ്ഥിതിക്ക് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് എന്തുവേണമെങ്കിലും എഴുതാമെന്ന സാഹചര്യവുമുണ്ട്. ഒളിവില്‍ പാര്ത്തുപരിചയമുള്ളവര്ക്ക് ഒളിയിടങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടാവും. അത്തരം ബോധ്യങ്ങള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത് നമുക്ക് നല്ല കാര്യവുമാണ്. ഉമ്മന്‍ചാണ്ടിക്ക് മുട്ടില്ലാതെ സഭ നടത്തിക്കൊണ്ടുപോകാന്‍ ഒരവസരമായില്ലേ? കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കേ ഇതൊക്കെ പ്രശ്നമാവൂ.
വി.എസ്സിന്റെ ആത്മാര്‍ഥതയും നൈതികതയും എത്രകണ്ട് വരും എന്ന ചോദ്യത്തിന്റെ ഇതള്‍ വിടര്ത്താനൊരു ശ്രമം നടത്തുന്നു പി.എം. ബിനുകുമാര്‍. കലാകൗമുദി (ജൂണ്‍ 17)യില്‍ നിരീക്ഷണം എന്ന പംക്തിയിതലാണ് ഇരകളിനിയും ഇരകളാകാതിരിക്കട്ടെ എന്ന് ബിനു പ്രാര്‍ഥിക്കുന്നത്. ഒഞ്ചിയത്തെ കൊലപാതകം പാര്‍ട്ടിയെ അടിക്കാനുള്ള നല്ല വടിയാക്കിയ അച്യുതാനന്ദന്റെ നിലപാടുകള്ക്കുള്ളിലെ അര്‍ഥം തേടുകയാണിതില്‍. പാര്‍ട്ടിയിലെ അപ്രമാദിത്വത്തിന്റെ പേരിലുള്ള കൊമ്പുകോര്‍ക്കലില്‍ ഒരായുധം തേടി നടക്കുകയായിരുന്ന വി.എസ്സിന് തേടിയവള്ളി കാലില്‍ ചുറ്റി എന്നു പറഞ്ഞതുപോലെയായി കാര്യങ്ങള്‍. ജയകൃഷ്ണന്‍വധം, പരുമലയിലെ വിദ്യാര്‍ഥികളുടെ വധം, സൗമ്യവധം, ശാരി വധം തുടങ്ങി മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച കൊലപാതകങ്ങള്‍ക്കു നേരെ സ്വതസിദ്ധമന്ദഹാസം ചൊരിഞ്ഞ വി.എസ്സിന് ഒഞ്ചിയത്തെ വധം കണ്ണീര്നിറയ്ക്കാനുള്ള നാടകം മാത്രമാവുന്നുവെന്നാണ് ബിനുകുമാറിന്റെ കണ്ടെത്തല്‍. പോറ്റിവളര്‍ത്തി പദവി നല്കിയ പാര്‍ട്ടിയെ നിര്ണായകസമയങ്ങളില് തള്ളിപ്പറയുക എന്നു പറഞ്ഞാല്‍ അമ്മയുടെ നെഞ്ചില്‍ കഠാരമുന ഇറക്കുക എന്നതുതന്നെ അര്‍ഥം. പാര്‍ട്ടിയോടാണോ, തന്നോടാണോ, തന്റെ ഒത്താശക്കാരോടാണോ താല്‍പ്പര്യം എന്ന വലിയ ചോദ്യത്തിന് ഉത്തരം കിട്ടുംവരെ യയാതിയെ പോലെ നടക്കലത്രെ വിഎസ്സിന് കരണീയം. അവസരവാദത്തിന്റെ അടിസ്ഥാനശില പാകാന്‍ ദത്തശ്രദ്ധനായ ടിയാനെക്കുറിച്ച് ബിനു പറയുന്നത്. നോക്കുക: വി.എസ്സിന്റെ സമീപനം ആത്മാര്‍ത്ഥത നിറഞ്ഞതായിരുന്നെങ്കില്‍ അദ്ദേഹം സര്‍ക്കാര്‍ വാഹനവും പൊലീസും ഉപേക്ഷിച്ച് ആരെയും അറിയിക്കാതെ ചന്ദ്രശേഖരന്റെ വീട്ടില്‍ ചെല്ലണമായിരുന്നു. ചന്ദ്രശേഖരന്റെ ഭാര്യ രമയെ പിതൃതുല്യമായ വാത്സല്യത്തോടെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണമായിരുന്നു. കൃത്രിമ ആശ്വാസങ്ങളുടെ പിറകെ പോയി ശീലമുള്ള വിദ്വാന്മാരില് നിന്ന് അതൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല എന്നത് എത്ര ശരി! ഇരകള്‍ക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ അടിതെറ്റാത്തത് പണ്ടത്തെ പാര്‍ട്ടിയുടെ നന്മ അല്പം ശേഷിച്ചതുകൊണ്ടുമാവാം.
നിത്യഹരിത നായകന്റെ ഓര്മ നിലനിര്‍ത്തുന്നതിലും മതത്തിന്റെ കര്‍ക്കശ നിലപാടുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ മുസ്ലീമിന്റെ പ്രതിമ സ്ഥാപിക്കുന്നത് ഹറാമാണെന്നാണ് ജമാഅത്ത് കൗണ്‍സില്‍ പറയുന്നത്. ഇതിന്റെ പിന്നാമ്പുറ കാര്യങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളുമായി ദിപിന് മാനന്തവാടി കലാകൗമുദിയിലെത്തുന്നു. ചിറയിന്‍കീഴുകാരന്‍ അബ്ദുള്‍ഖാദര്‍ പ്രേംനസീറായതിന്റെ പിന്നില്‍ മതത്തിന് എന്ത് സ്ഥാനമുണ്ടായിരുന്നു എന്ന് ചോദിച്ചാല്‍ ഒരു ജമാഅത്തിനും മറുപടിയുണ്ടാകില്ല. ഒരു മതത്തിന്റെ ഇത്തിരിച്ചിമിഴിലേക്ക് ഒതുക്കിവെക്കേണ്ട വ്യക്തിത്വമല്ല അദ്ദേഹത്തിന്റേത്. പാര്‍ലമെന്റ് ഹൗസില്‍ ഇസ്ലാമിക് പണ്ഡിതന് അബ്ദുള്‍കലാം ആസാദിന്റെയും ജാമിയ മില്ലിയ ഇസ്ലാമിക സര്‍വകലാശാലയുടെ മുന്നില്‍ മിര്സഗാലിബിന്റെയും പ്രതിമ സ്ഥാപിച്ചതിന്റെ ഔചിത്യമെന്ത് എന്ന് തിരിച്ചുചോദിച്ചാല്‍ മതവെറിയുടെ വൈറസുകള്‍ രമിക്കുന്ന മസ്തിഷ്കമുള്ളവര്ക്ക് മറുപടിയുണ്ടാവില്ല. സ്ഫോടനത്തിന് എങ്ങനെ വെടിമരുന്ന് എത്തിച്ചുകൊടുക്കാന്‍ കഴിയും എന്ന ചിന്തയാണല്ലോ അത്തരക്കാരെ നയിക്കുന്നത്. ഏതായാലും ഈ സംഭവത്തിലെ കാപട്യത്തിന്റെയും കാലഷ്യത്തിന്റെയും മുഖംമൂടി വലിച്ചുകീറുന്ന പ്രതികരണങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ദിപിന് മാനന്തവാടിയുടെ റിപ്പോര്‍ട്ട്. കലാകാരനായത് മുസ്ലീം ആയതുകൊണ്ടല്ല: ഹമീദ് ചേന്നമംഗലൂര്‍, സംവാദങ്ങളാകാം, പ്രതിമയ്ക്ക് തടസ്സമാകരുത്: കെഇഎന്‍, മുന്നോട്ടു പോകണം: ടി.കെ. ഹംസ, ഇത് താലിബാന്വത്കരണത്തിന്റെ മുന്നോടി: കെ. സുരേന്ദ്രന് എന്നിവയാണ് പ്രതികരണങ്ങള്‍. പ്രേംനസീറിന്റെ വിശ്വവിശാല ഇസ്ലാം വീക്ഷണത്തെ കുടുസ്സായ മതപാഠശാലയിലേക്ക് പറിച്ചു നടുന്നത് ആ നടനോടും അദ്ദേഹത്തിന്റെ വിസ്മയാവഹമായ അഭിനയ നേട്ടങ്ങളോടും ചെയ്യുന്ന മഹാപാതകമെന്നേ പറയാനാവൂ.
ടി.പി. ചന്ദ്രശേഖരന് വധത്തിന്റെ പശ്ചാത്തലത്തില്‍ കമ്മ്യൂണിസത്തിന്റെ സ്വത്വവും സത്തും പരിശോധിക്കുന്ന പതിപ്പാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ (ജൂണ്‍ 17) ഈ ലക്കം. എന്തല്ല കമ്യൂണിസം- സോമശേഖരന്‍, മാര്‍ക്സിസ്റ്റുകള്‍ ഇനി എന്തു ചെയ്യണം? വി.കെ. ബാബു, എന്താണ് പാര്‍ട്ടി? എന്താണ് സിപിഎം- ജെ. രഘു, പാര്‍ട്ടിഘടനയിലെ കുലഗോത്രബോധം- സി.ആര്. നീലകണ്ഠന് എന്നിവ അതീവ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. 31 പേജുകളിലൂടെ പോവുമ്പോള്‍ ഇപ്പോഴത്തെ കമ്മ്യൂണിസം എന്താണ് വാസ്തവത്തില്‍ പ്രതിനിധാനം ചെയ്യുന്നത് എന്ന ചോദ്യം നമ്മെ അസ്വസ്ഥപ്പെടുത്തുക തന്നെ ചെയ്യും.
തൊട്ടുകൂട്ടാന്‍
പറയേണ്ടതേ പറയുന്നുള്ളൂ ഞങ്ങളും
വിട്ടുകളയട്ടെ വേണ്ടാത്തവര്‍
എതിര്‍പ്പുകളുടെ രാഗഛായ
അഹന്തകൊണ്ടല്ല അളക്കേണ്ടത്
ഒരു വാക്കിന്റെയും നന്മ;
തിന്മയും
ഉമേഷ്ബാബു കെ.സി.
കവിത: ഞങ്ങള്‍
മാധ്യമം ആഴ്ചപ്പതിപ്പ്(ജൂണ്‍ 18)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: