കണ്ണൂര്‍-പയ്യന്നൂര്‍ റോഡില്‍ നിന്നും തിരിഞ്ഞ് ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ കുറച്ചുദൂരം മുന്നോട്ട് പോകുമ്പോള്‍ ഒരു വലിയ കുളം. ഏതാണ്ട് നാലേക്കറോളം വിസ്തീര്‍ണ്ണം വരുന്ന ഈ ചിറ അഗസ്ത്യമുനി കുളിച്ചിരുന്ന പൊയ്കയായിരുന്നു എന്ന് ഐതിഹ്യം. വേനല്‍ക്കാലത്തുപോലും കുളം നിറയെ തെളിനീര്. കുളക്കരയ്ക്ക് ചുറ്റും നടവഴി. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തരെക്കൊണ്ട് നിറയുന്ന ഈ വഴിക്കരുകില്‍ വേണുഗോപാലമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീവാസുദേവപുരം ക്ഷേത്രം. കുളക്കരവിട്ട് ഇടത്തോട്ട് തിരിയുമ്പോള്‍ ശ്രീഭൂതനാഥ ക്ഷേത്രം. തൊട്ടടുത്തായി ശ്രീരാജരാജേശ്വര ക്ഷേത്രം.
ബ്രഹ്മദേവന്റെ സന്തതികളായ സനകാദി മുനിമാര്‍ സൂര്യഭഗവാന്റെ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ സൂര്യഗോളം കടയാന്‍ തുടങ്ങി. കടയുമ്പോഴുണ്ടായ ധൂളികളും അമൃതും കൂട്ടിച്ചേര്‍ത്തപ്പോള്‍ ആത്മായ പ്രഭാവത്തോടുകൂടിയ മൂന്നു ശിവലിംഗങ്ങള്‍ ഉണ്ടായി. ഈ ശിവലിംഗങ്ങള്‍ അവര്‍ ബ്രഹ്മഭഗവാന് സമ്മാനമായി നല്കി. ബ്രഹ്മദേവന് അത് പൂജിച്ചുകൊണ്ടിരുന്നു. പിന്നീട് അത് പാര്‍വ്വതി ദേവിക്ക് നല്കി. ശ്രീ പാര്‍വ്വതി തന്നെ പ്രത്യക്ഷപ്പെടുത്താന്‍ ഉഗ്രതപസ് ചെയ്തുകൊണ്ടിരിക്കുന്ന മൂന്നുരാജാക്കന്മാര്‍ക്ക് ആ ശിവലിംഗങ്ങള്‍ നല്കി. മാന്ധാതാവ്, മുചുകുന്ദന്, ശതസോമന് എന്നിവരായിരുന്നു അവര്‍. ഈ ശിവലിംഗങ്ങള്‍ ഓരൊറ്റ ജീവിയുടെയും ശവശരീരങ്ങള്‍ അടക്കം ചെയ്യാത്ത സ്ഥലത്ത് പ്രതിഷ്ഠിച്ച് പൂജിച്ചാല്‍ ഐശ്വരമുണ്ടാകുമെന്ന് ദേവന് അരുളിചെയ്തു. അത്തരത്തിലൊരു സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ ഒരു ചെറുതളികമാത്രം വയ്ക്കാന്‍ പറ്റുന്ന സ്ഥലം കണ്ടെത്തി. സര്‍വ്വഐശ്വര്യങ്ങളും തികഞ്ഞ ഈ സ്ഥലത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്തത്. അങ്ങനെ ഈ സ്ഥലത്തെ തളിപ്പറമ്പ് എന്നറിയപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.
കൃതയുഗത്തില്‍ നടന്ന ഈ പ്രതിഷ്ഠാകര്‍മ്മം ലോകത്തെ ആദ്യത്തേതെന്ന് വിശ്വസിച്ചുപോരുന്നു. കാലാന്തരത്തില്‍ ഈ ജ്യോതിര്‍ലിംഗം താഴാന്‍ തുടങ്ങി. അപ്പോള്‍ ശതസോമ രാജാവ് അഗസ്ത്യമുനിയുടെ സഹായത്തിനായി തപസ്സ് ചെയ്തു. അഗസ്ത്യമുനി പ്രത്യക്ഷപ്പെടുകയും ഒരു നെയ്വിളക്ക് കത്തിച്ചുവച്ചശേഷം പന്ത്രണ്ടുപ്രാവശ്യം സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. പതിമൂന്നാമത്തെ പ്രാവശ്യം നിലത്തുകിടന്ന് പ്രണമിക്കാന്‍ തുടങ്ങിയപ്പോള്‍ ശിവലിംഗം ഉറച്ചതായി കണ്ടു. അഗസ്ത്യമഹര്‍ഷി അന്നുകത്തിച്ച നെയ്വിളക്ക് ഇന്നും കെടാത്ത ഇവിടത്തെ ശ്രീകോവിലില്‍ തെളിയുന്നു.
തപസ്സുചെയ്കമൂലമാണ് രാജാക്കന്മാര് രാജര്‍ഷികളായത്. ഇവര്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ് രാജരാജേശ്വരന് എന്ന് വന്നതെന്ന് പറയപ്പെടുന്നു. രാജാക്കന്മാരുമായുള്ള ക്ഷേത്രബന്ധം തുടര്‍ന്നു. ആനയെ നടക്കിരുത്തി പ്രാര്‍ത്ഥിച്ചതിന് ശേഷമേ തിരുവിതാംകൂര്‍ രാജാക്കന്മാര് കിരീടമണിയാറുണ്ടായിരുന്നുള്ളൂ. രാജപട്ടമണിയുന്ന രാജാവ് കൊട്ടാരത്തിലുള്ള ആനകളെ നിരത്തി നിര്‍ത്തി ഒരു പഴക്കുലയുമായി അവയുടെ മദ്ധ്യത്തിലേക്കിറങ്ങും. ഏത് ആന കുല പിടിക്കുന്നുവോ ആ ആനയെ നടക്കിരുത്തുന്നു. ഏതിനെ എന്നത് രാജാവ് ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല. അത് രാജരാജേശ്വരന് തന്നെ നിശ്ചയിക്കട്ടെ എന്ന സങ്കല്പമായിരിക്കാം ഇതിന്റെ പിന്നില്‍.
ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനകത്ത് നെയ്വിളക്ക് മാത്രമേയുള്ളൂ. എണ്ണയ്ക്ക് അകത്ത് പ്രവേശനമില്ല. അത്താഴപൂജയ്ക്കുശേഷമേ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്ത് കയറി തൊഴാന്‍ സാധിക്കൂ. പ്രധാനമൂര്‍ത്തി രാജരാജേശ്വരന്, ശൈവ-വൈഷ്ണവ സങ്കല്പങ്ങള് ഇവിടെ ഇഴ ചേരുന്നു. ഗണപതി, സുബ്രഹ്മണ്യന്, മഹാകാളന്‍, നന്ദികേശന്, പാര്‍വ്വതി, യക്ഷി, വൃഷഭന്‍, പുറത്തുള്ള ഭൂതനാഥനും ചിറവക്കിലുള്ള ശ്രീകൃഷ്ണനും ഉപദേവന്മാര്.
നാരദന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ ജീര്‍ണ്ണോദ്ധാരണം പരശുരാമന് നിര്‍വ്വഹിച്ചുവെന്നും അഭിഷേകാദികള്‍ അഗസ്ത്യമുനി നടത്തിയെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രപ്രദക്ഷിണം നടത്തി സന്താനഭാഗ്യം നേടാന്‍ എത്തുന്നവരും ശയനപ്രദക്ഷിണം നടത്തി അപസ്മാര രോഗം മാറ്റാനെത്തുന്നവരും അനവധിയാണ്. ക്ഷേത്രത്തിനകത്ത് ഒരു ഗംഗ. ആദ്യകാലത്ത് കിണര്‍ കുഴിച്ചിട്ടും വെള്ളം കിട്ടിയില്ല. ഒടുവില്‍ പരശുരാമന് ഗംഗയെ ആവാഹിച്ചുവരുത്തിയെന്നാണ് ഐതിഹ്യം. ശിവരാത്രിയും വിഷുവും കര്‍ക്കിടക സംക്രാന്തിയും ഇവിടെ വിശേഷം. ശിവരാത്രിക്കും വിഷുവിനും തൃച്ചമ്പരത്ത് നിന്നും ശ്രീകൃഷ്ണന് എഴുന്നെള്ളുമെന്ന് സങ്കല്പം. പണ്ട് ശിവരാത്രി മുതല്‍ അറുപത്തിനാല് ദിവസത്തെ ഉത്സവം ഇവിടെ ഉണ്ടായിരുന്നു.
പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: