തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കാന്‍ കാരണം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും വി.എസ് അനുകൂലികളുടെ പിന്തുണയുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പറഞ്ഞു. ബിജെപിയുടെ നിലപാടുകള്‍ ശരിവയ്ക്കുന്നതാണ് തെരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാടാര്‍ ക്രിസ്ത്യന്‍ വോട്ടുകളുടെ ശക്തമായ ഏകീകരണമാണ് നെയ്യാറ്റിന്കരയിലുണ്ടായത്. പോളിംഗ് ദിവസം ഉച്ചയ്ക്കു ശേഷം ഒ.രാജഗോപാല്‍ ജയിക്കുമെന്ന വ്യാപക പ്രചാരണം പ്രത്യേക സമുദായങ്ങളുടെ ഇടയിലുണ്ടാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇതിനെ പിന്താങ്ങി രംഗത്തു വരികയും ചെയ്തു. ഇത് കടുത്ത സാമുദായിക ധ്രുവീകരണത്തിന് വഴി തെളിച്ചു. തുടര്‍ന്ന് ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകള്‍ കൂട്ടമായി ശെല്‍വരാജിന് ലഭിക്കുകയാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വി.എസ്സിന്റെ ബന്ധുവിന് അന്യായമായി ഭൂമി നല്കിയ കേസും മകന് അരുണ്‍കുമാറിനെതിരായ കേസും യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്. പകരം വി.എസ്.അച്യുതാനന്ദന് പാമോയില്‍ കേസില്‍ അപ്പീല്‍ നല്‍കില്ലെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറ്റിന്‍കരയില്‍ വി.എസ് വിഭാഗത്തിന്റെ വോട്ടും മറിച്ചു നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെ കുലംകുത്തിയെന്നു വിളിച്ചതും സാധാരണക്കാരെ യുഡിഎഫിന് അനുകൂലമാക്കി. ടി.പിയുടെ കൊലപാതകം പ്രചരണായുധമാക്കി യുഡിഎഫ് വോട്ടിംഗ് തങ്ങള്‍ക്കനുകൂലമാക്കി. ശെല്‍വരാജിന്റെ വിജയം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കഴിഞ്ഞ തവണ യുഡിഎഫിന് 43 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ ഇക്കുറി 3 ശതമാനം കുറഞ്ഞ് 40 ശതമാനമായിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
സാമുദായിക ഘടകങ്ങള്‍ അനുകൂലമാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. മാത്രമല്ല സാമുദായിക നേതാക്കളെ പ്രലോഭനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കി. മുസ്ലീം ലീഗടക്കമുള്ള സംഘടനകളെ സമ്മര്‍ദമുണ്ടാക്കാന്‍ പാകത്തില്‍ വളര്‍ത്തിയത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. ഇതിനെതിരെ മറ്റു സാമുദായിക സംഘടനകള്‍ രംഗത്തു വരുന്നത് സ്വാഭാവികമാണ്. മതതീവ്രവാദികളെ സംരക്ഷിക്കുകയും മുസ്ലീം ലീഗിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാടിന് തിരിച്ചടിയും ശക്തമായ താക്കീതുമാണ് ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാലിനു ലഭിച്ച വോട്ടു വര്‍ധന. ഇതവഗണിച്ചു മുന്നോട്ടു പോയാല്‍ യുഡിഎഫ് സര്‍ക്കാരിന് ഇതിലും വലിയ തിരിച്ചടി ഉണ്ടാകും. മുരളീധരന് വ്യക്തമാക്കി.
ഇത്തവണ 22 ബൂത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ 50ല്‍ താഴെ വോട്ടുകളാണ് ചില ബൂത്തുകളില്‍ ബിജെപിക്കു ലഭിച്ചത്. തിരുപുറം, കാരോട് പഞ്ചായത്തുകളിലെ ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളുടെ ഏകീകരണം ബിജെപിക്ക് പ്രതികൂലമായി. എന്നാല്‍ ചെങ്കല്‍, അതിയന്നൂര്‍, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ മുന്നേറ്റം ബിജെപി നിലപാട് ശരിവയ്ക്കുന്നതായിരുന്നു. പ്രതീക്ഷിച്ചിരുന്ന എല്‍ഡിഎഫ് വോട്ട് ബിജെപിക്കു ലഭിച്ചു. എന്നാല്‍ പ്രതീക്ഷിച്ച അത്രയും യുഡിഎഫ് വോട്ട് ലഭിച്ചില്ല. സിപിഎം ബിജെപിക്ക് അനുകൂലമായി വോട്ടു മറിച്ചെന്ന വാദത്തെ കുറിച്ച് അതുന്നയിക്കുന്നവരോടു തന്നെ ചോദിക്കണം. ബിജെപിക്കനുകൂലമായി മറ്റു പാര്ട്ടിക്കാര് നടത്തുന്ന പ്രചരണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സംഘടനാ ശേഷി ഭദ്രമാണെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നു. ഒ.രാജഗോപാല്‍ എന്ന സംശുദ്ധ വ്യക്തിത്വവും കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യവും നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് ഏറെ അനുകൂലമായെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: