ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്റു കൂടിയായ എ.പി.ജെ അബ്ദുള്‍ കലാം മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പറഞ്ഞു. കലാമിന്റെ സ്ഥാനാര്‍ഥിത്വത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും പിന്തുണയ്ക്കുന്നുണ്ടെന്നും കലാമിന് മുന്‍കൂറായി അഭിനന്ദനങ്ങള്‍ കൈമാറുകയാണെന്നും മമത പറഞ്ഞു.
കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മുലായം സിംഗ് യാദവ് പിന്നാക്കം പോയെന്ന റിപ്പോര്‍ട്ടുകളെ തള്ളിയ മമത ഇക്കാര്യത്തില്‍ തര്‍ക്കമോ വഴക്കോ ഇല്ലെന്നും വ്യക്തമാക്കി. കലാമിനെ പിന്തുണയ്ക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാകണമെന്നും രാഷ്ട്രപതി സ്ഥാനത്തേക്ക് രാഷ്ട്രീയം പരിഗണിക്കരുതെന്നും മമത അഭ്യര്‍ഥിച്ചു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മമതാ ബാനര്‍ജി കലാമിനെ ‘നമ്മുടെ സ്ഥാനാര്‍ത്ഥി’ എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസിന്റെ വാക്കുകളെ യാദവിന്റെ വായിലേക്ക് തള്ളിക്കയറ്റരുതെന്നായിരുന്നു മമതയുടെ പ്രതികരണം.
നമ്മുടെ സ്ഥാനാര്‍ത്ഥി എന്ന് ഉദ്ദേശിച്ചത് തൃണമൂലിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥി എന്നാണ്. താന്‍ ഹിന്ദി ഭാഷയില്‍ മോശമായതിനാലാണ് ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടായതെന്നും മമത വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: