തിരുവനന്തപുരം: പിന്നോക്ക മേഖലയിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി 1994ല്‍ മലപ്പുറം ജില്ലയില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും.35 സ്കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന മേഖലയില്‍ ഏരിയാ ഇന്റന്‍സീവ് പ്രോഗ്രാം ഫോര്‍ എജ്യുക്കേഷണലി ബാക്ക്വേഡ് പരിപാടിയുടെ ഭാഗമായി 41 സ്കൂളുകളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ഇതില്‍ 24 എല്‍.പി സ്കൂളുകള്‍, 11 യു.പി സ്കൂളുകള്‍, ആറ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഉള്‍പ്പെടും.
2003 ജനുവരി 16 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സ്കൂളുകള്‍ക്ക് ഈ പദവി നല്‍കും. അന്നുമുതല്‍ ഇതുവരെയുള്ള ആനുകൂല്യങ്ങള്‍ പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.എം.എല്ലിലെ ആറു തൊഴിലാളികളെ സ്ഥിരപ്പെടുത്തും. തൃശൂര്‍, പൊന്നാനി മേഖലയില്‍ വ്യാപിച്ചുകിടക്കുന്ന കോള്‍കൃഷി വികസനത്തിനായുള്ള 425.2 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 799.77 കോടിയുടെ പദ്ധതിയാണ് കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നത്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നതിനു കോള്‍ വികസന സമിതി രൂപീകരിക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചു. തൃശൂര്‍ കളക്ടര്‍ ഫ്രാന്‍സിസ് ആയിരിക്കും വികസന സമിതിയുടെ സി.ഇ.ഒ. തൃശൂര്‍, പൊന്നാനി മേഖലയിലെ എം.പി, എം.എല്‍.എ, ജില്ലാ പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൃഷിമന്ത്രിയുടെ സാന്നിധ്യത്തില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം വിളിച്ചുചേര്‍ക്കും. 11 പദ്ധതികളാണ് നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ കീഴില്‍ 114.2 കോടിയുടെയും ആര്.ഐ.ബി.എഫ് വഴി 300 കോടിയുടെയും പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് ഉദ്യോഗസ്ഥരെ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നേമം വിദ്യാധിരാജ ഹോമിയോ മെഡിക്കല്‍ കോളജിലെ അധ്യാപക, അനധ്യാപക തസ്തികകള്‍ക്കു മന്ത്രിസഭ അംഗീകാരം നല്കി. എയ്ഡഡ് ഹോമിയോ പാറ്റേണ്‍ അനുസരിച്ചുള്ള തസ്തികകള്‍ ധനവകുപ്പായിരിക്കും അനുവദിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: