ന്യൂദല്‍ഹി: രാജ്യത്തെ വിവിധ ഐഐടികളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പൊതുപ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഐഐടി ഫെഡറേഷനുമായി ഇന്ന് ചര്‍ച്ച നടത്തും. എന്‍ജിനീയറിംഗ് പൊതുപ്രവേശനപരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഐഐടികളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിവിധ ഐഐടികള്‍ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഐടി ഫാക്കല്‍റ്റി ഫോറം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇത്തരം തീരുമാനങ്ങളില്‍ അക്കാദമിക്ക് താത്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും പൊതുപ്രവേശനപരീക്ഷക്കുള്ള കേന്ദ്രമാനവവിഭവമന്ത്രാലയത്തിന്റെ നീക്കം തടയണമെന്നും ഫാക്കല്‍റ്റി ഫോറം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പൊതുപ്രവേശനപരീക്ഷ എന്ന സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കില്ലെന്നും സ്വന്തം നിലയില്‍ പരീക്ഷ നടത്തുമെന്നും ഐഐടി കാണ്‍പൂര്‍ പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. പ്രശ്നത്തില്‍ നിഷ്പക്ഷത പാലിച്ച ദല്‍ഹി, മുംബൈ ഐഐടികളും പൊതുപ്രവേശനപരീക്ഷ വേണ്ടെന്ന നിലപാടിലേക്ക് കടക്കുന്നതായാണ് സൂചന. ഐഐടികള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഗണിക്കുമെന്നും സ്വയംഭരണാവകാശത്തിന് കോട്ടം തട്ടുന്ന നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും കേന്ദ്രമാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഐഐടികളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: