തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് കൊലക്കേസിലെ പ്രതി ടി.കെ.രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ കൊലക്കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മനുഷ്യമനസാക്ഷിയെ നടുക്കിയതും ചരിത്രത്തില്‍ സമാനതകളില്ലാത്തതുമായ ക്രൂരകൃത്യമായതിനാല് അന്നത്തെ മാര്‍ക്സിസ്റ്റ് സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും തുടക്കം മുതല്‍ ഈ കേസ് അട്ടിമറിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും പരിശ്രമിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. നിരന്തരമായ പ്രക്ഷോഭങ്ങളുടെയും നിയമനടപടികളുടെയും ഫലമായാണ് കേസില്‍ ഏതാനും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായത്. സാക്ഷി പറഞ്ഞാല്‍ വീണ്ടും ജയകൃഷ്ണന് എന്ന് ക്ലാസ്സ് മുറിയില്‍ തന്നെ എഴുതി വച്ച് സിപിഎം നേതൃത്വം കേസ്സുമായി സഹകരിക്കാന്‍ തയ്യാറായ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തി. അത്യന്തം പ്രതികൂല സാഹചര്യത്തിലാണ് സാക്ഷികള്‍ കോടതിയില്‍ മൊഴികൊടുക്കാന്‍ തയ്യാറായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിച്ചും പ്രോസിക്യൂഷന് കള്ളക്കളികള്‍ കളിച്ചും കേസ് അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തിനൊടുവിലും 5 പ്രതികള്‍ക്ക് വധശിക്ഷ നേടിക്കൊടുക്കാനായത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തിലെ പുതിയ അനുഭവമായിരുന്നു.
തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധി പിന്നീട് കേരള ഹൈക്കോടതിയും ശരിവയ്ക്കുകയാണുണ്ടായത്. വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് തലശ്ശേരി കോടതിയും ശരി വച്ചുകൊണ്ട് ഹൈക്കോടതിയും നടത്തിയ നിരീക്ഷണങ്ങള്‍ നീതിന്യായ കേസുകളുടെ ചരിത്രത്തില്‍ ആരുടെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ഹീനശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേസിന്റെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ബാഹ്യ ഏജന്‍സികളുടെ അന്വേഷണം എത്രയും വേഗം നടത്താന്‍ കോടതി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിധിപ്പകര്‍പ്പിന്റെ കോപ്പി ചീഫ് സെക്രട്ടറി വഴി അന്നത്തെ കേരള മുഖ്യമന്ത്രിയുടെ മുമ്പിലും എത്തപ്പെട്ടു. എല്ലാവരും നീതിമാനെന്ന് വിശേഷിപ്പിക്കുന്ന എ.കെ.ആന്റണി ഇക്കാര്യത്തില്‍ ചെറുവിരല്‍പോലും അനക്കിയില്ല. നിരവധി നിവേദനങ്ങളും പ്രക്ഷോഭങ്ങളും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയിട്ടും എ.കെ.ആന്റണിയും തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ കൊലക്കേസില്‍ കോടതി ആവശ്യപ്പെട്ട പ്രകാരം പുനരന്വേഷണം നടത്താന്‍ എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും അന്ന് തയ്യാറായിരുന്നുവെങ്കില്‍ ടി.പി.ചന്ദ്രശേഖരനടക്കം നിരവധിയാളുകളുടെ കൊലപാതകം കേരളത്തില്‍ നടക്കുമായിരുന്നില്ല.
കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെ പുതിയ വാദം അന്വേഷണം നടത്താന്‍ സര്‍ക്കാരിന് താത്പര്യമില്ലാത്തതിന്റെ സൂചനയാണ്. ടി.കെ. രജീഷിന്റെ മൊഴി കേസിലെ യഥാര്‍ഥ പ്രതികളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്കാന് കഴിയുന്നതുമാണ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതി പോലീസ് കസ്റ്റഡിയില്‍ ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടി കാണിക്കുന്ന അലംഭാവം ഞെട്ടിപ്പിക്കുന്നതാണ്. കോടതിവിധികളും ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടുകളും നടപ്പാക്കാത്തതിന്റെ ദുരന്തമാണ് കേരളത്തില്‍ അക്രമരാഷ്ട്രീയവും കൂട്ടക്കൊലകളും തീവ്രവാദി അക്രമങ്ങളം നിരന്തരമായി നടക്കാന്‍ കാരണം.
2003 മേയ് 2ന് മാറാട് കടപ്പുറത്ത് നടന്ന ഏകപക്ഷീയമായ ഹിന്ദു കൂട്ടക്കൊലയുടെ കാര്യത്തിലും ഇടതുവലതു സര്‍ക്കാരുകള്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. മാറാട് കൂട്ടക്കൊലയുടെ ഗൂഢാലോചനയും സാമ്പത്തിക സ്രോതസ്സും തീവ്രവാദി ബന്ധവും ബാഹ്യ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷനായ തോമസ് പി. ജോസഫ് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പാക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തയ്യാറാകാത്തതു തീവ്രവാദികള്‍ക്കും അക്രമി സംഘങ്ങള്‍ക്കും കൂടുതല്‍ കരുത്തു നല്കി. വര്‍ധിച്ചു വരുന്ന തീവ്രവാദി ഭീഷണി കണക്കിലെടുത്തും വേട്ടയാടപ്പെട്ട ഭൂരിപക്ഷ സമുദായത്തിന്റെ ചിരകാലഭിലാഷമായ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം അടിയന്തരമായ നടപ്പാക്കണം. കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് അശ്വനികുമാറിന്റെ കൊലപാതക കേസിലും സര്‍ക്കാര്‍ അന്വേഷണം ശക്തിപ്പെടുത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ബിജെപി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പുനരന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ജയകൃഷ്ണന് വധം സര്‍ക്കാര്‍ പുനരന്വഷിക്കണമെന്നും ടി.പി.ചന്ദ്രശേഖരന് വധത്തിലെ മുഴുവന്‍ പ്രതികളയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകങ്ങളിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം പൊളിറ്റ് ബ്യൂറോ സ്വീകരിക്കുന്നത്. ടി പിയുടെയും ഷൂക്കുറിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് മുതല്‍ ജില്ലാതലം വരെയുള്ള നേതാക്കള്‍ക്ക് പങ്കുള്ളതായ വിവരങ്ങളാണ് പുറത്തു വരുന്നത്.
കേസന്വേഷണവുമായി സഹകരിക്കുമെന്ന് പറയുന്ന സിപിഎം പ്രതികള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുകയുമാണ് ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. ഇതിനെതിരായ ജനമനസാക്ഷി ഉണരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുസ്ലിംലീഗ് എംഎല് എ പി.കെ.ബഷീര്‍ മലപ്പുറത്ത് മര്യാദയ്ക്കാണ് പ്രസംഗിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കൊലപാതത്തിന് പ്രേരണ നല്‍കുന്നതായി ചാനലില്‍ വന്നു കേട്ടപ്പോള്‍ തോന്നിയില്ല. ആരെയും ഹിംസിക്കാനോ കൊല്ലാനോ പറഞ്ഞതായി തോന്നിയില്ല. പ്രസംഗത്തിന്റെ പേരില്‍ ബഷീറിനെതിരെ പോലീസെടുത്ത കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും രമേശ് പറഞ്ഞു.
ബിജെപി പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: കെ.ടി.ജയകൃഷ്ണന്മാസ്റ്ററുടെ വധത്തിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനവ്യാപകമായി പ്രക്ഷോഭം നടത്തും. ഇതിന് മുന്നോടിയായി 21ന് കണ്ണൂര്‍ ജില്ലാകളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തില്‍ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയാണ്. കേസിലെ യഥാര്‍ത്ഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിമയത്തിനമുന്നില് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കേസില്‍ വിശദ അന്വേഷണം ആവശ്യമാണെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കേരള പോലീസിലെ ഉദ്യോഗസ്ഥരെകൊണ്ട് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുകയെന്നത് അപ്രായോഗികവും അസാധ്യവുമാണ്. അതിനാല്‍ പുതിയ സാഹചര്യത്തില്‍ ജയകൃഷ്ണന് മാസ്റ്റര്‍ വധം സിബിഐ അന്വേഷിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആവശ്യപ്പെടും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയില്‍ ജൂലൈ 6ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും മറ്റ് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടക്കും.
ജയിലുകളില്‍ എട്ടുവര്‍ഷം തടവ്ശിക്ഷ പൂര്‍ത്തിയാക്കിയവരെ പുറത്തുവിടാന്‍ തീരുമാനമെടുത്തതിന്റെ മറവില്‍ കാലാവധി പൂര്‍ത്തിയാവാതെ ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിലെ പ്രതിയായ പ്രദീപന് പുറത്തുവിടാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെയാണ് ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ ഹര്‍ജി നല്‍കിയത്. തീരുമാനമെടുത്തപ്പോള്‍ പ്രദീപന് എട്ടുവര്‍ഷം പൂര്‍ത്തിയാക്കാന്‍ 64 ദിവസം ബാക്കിയുണ്ടായിരുന്നു. കോടതി നടപടി 3 മാസത്തേക്ക് സ്റ്റേചെയ്തു. വീണ്ടും ഹര്‍ജി പരിഗണിക്കുന്ന സമയത്ത് പ്രദീപന് കാലാവധി തികച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളുകയോ പിന്‍വലിക്കുകയോ മാത്രമേ സാദ്ധ്യമാവുകയുള്ളുവെന്ന് മുരളീധരന് പറഞ്ഞു.
മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനമെടുക്കുന്ന സര്‍ക്കാര്‍ നിലപാട് തുടരുകയാണ്. മാറാട് ഗൂഢാലോചനയായാലും രണ്ട് പുതിയ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്ന വിഷയങ്ങളായാലും ലീഗിന്റെ സമ്മര്‍ദ്ദത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ നിലപാട് തുടര്‍ന്നാല്‍ ബിജെപി ശക്തമായ സമരപരിപാടികളിലേക്ക് നീക്കേണ്ടിവരും. അഴീക്കോട് കൊലപാതകത്തില്‍ എംഎല്‍എ പി.കെ.ബഷീറിനെ എംഎല്‍എ ആയതുകൊണ്ട് സര്‍ക്കാരിന് സ്വാഭാവികമായും സംരക്ഷിക്കേണ്ടിവരും. ഇല്ലെങ്കില്‍ സര്‍ക്കാര്‍ താഴെപ്പോവുന്ന അവസ്ഥയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. സിപിഎമ്മുമായി ഒത്തുകളിച്ചെന്ന കോണ്‍ഗ്രസ് ആരോപണത്തിന് അടിസ്ഥാനമില്ല.
കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന രീതിയില്‍ ബിജെപിയുടെ നയമുണ്ടാകണമെന്ന് വിചാരിച്ചാല്‍ അതിനല്ല ബിജെപി പ്രവര്‍ത്തിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ സിറ്റിംഗ് എംഎല്‍എയോടാണ് ബിജെപി മത്സരിച്ചത്. സിപിഎം അവിടെ മൂന്നാംസ്ഥാനത്തായിരുന്നു. അവിടത്തെ രാഷ്ട്രീയസാഹചര്യമനുസരിച്ചാണ് ബിജെപി പ്രചരണം നടത്തിയത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ മാത്രമാണ് വിമര്‍ശിക്കുന്നത്. സിപിഎമ്മിനെ വിമര്ശിക്കാത്തതിനുകാരണം സിപിഎം അവിടെ അപ്രസക്തമാണ്. ബിജെപി കോണ്‍ഗ്രസിനോട് മൃദുസമീപനം സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ടാവും. അതിനുവേണ്ടി ബിജെപിക്ക് നിലകൊള്ളാനാവില്ല. നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ് അനുഭാവികളുടെ വോട്ട് കിട്ടാന്‍ വേണ്ടിയുള്ള പ്രചരണമാണ് നടത്തിയത്. അതിനുള്ള സ്വാതന്ത്ര്യം ബിജെപിക്കുണ്ട്.
ജയകൃഷ്ണന്‍മാസ്റ്റര്‍ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച 19ന് നിയമസഭാ മാര്‍ച്ച് നടത്തും. കൂടുത ല്‍ പ്രക്ഷോഭപരിപാടികള്‍ 14ന് തീരുമാനിക്കുമെന്ന് യുവമോര്‍ച്ച അധ്യക്ഷന്‍ വി.വി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: