കൊച്ചി: സംസ്ഥാനത്ത് സൈബര്‍ ക്രൈം വര്‍ധിക്കുന്നതായി വനിത കമ്മീഷന് അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു. നിലവിലുള്ള സൈബര്‍ ക്രൈം നിയമത്തില്‍ പരിഷ്കരണം വരുത്തുന്നതിനുള്ള കരട് നിര്‍ദേശം തയ്യാറായതായും അവര്‍ പറഞ്ഞു. കാക്കനാട് വനിതാ കമ്മീഷന് സംഘടിപ്പിച്ച മെഗ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള നിയമത്തില്‍ കാലോചിതമായി മാറ്റം വരുത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹത്തിനുശേഷം മാസങ്ങള്‍ക്കുള്ളില്‍ ബന്ധത്തില്‍ വിള്ളല്‍ വരുന്നത് നിത്യസംഭവമാകുകയാണ് കേരളത്തില്‍. കുട്ടികള്‍ക്കു വേണ്ടി ത്യാഗം ചെയ്യാന്‍ ഇന്നത്തെ സമൂഹം തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
ലിംഗ സമത്വം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമാണ്. കുട്ടികളില്‍ അതിനുള്ള പാകപ്പെടുത്തല്‍ ഉണ്ടാക്കുന്നതിനായി പാഠപുസ്തകങ്ങളില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. സ്ത്രീകളുടെ സ്വാശ്രയത്വം വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ജാഗ്രതാ സമതികള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട, കുരിയാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ധ്യാനകേന്ദ്രങ്ങളെക്കുറിച്ച് അഞ്ചിലേറെ പരാതികളാണ് കമ്മീഷന് കിട്ടിയത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി പരിഹരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ഇവിടെ പോകുന്ന കുട്ടികളെ മറ്റിടങ്ങളിലേക്ക് അയക്കുകയാണെന്നാണ് പരാതി.
അഞ്ചു ബെഞ്ചുകളിലായി 72 പരാതികളാണ് കമ്മീഷന് ഇന്നലെ പരിഗണിച്ചത്. ഇതില്‍ 22 എണ്ണത്തില്‍ പരിഹാരമായി. ബാക്കിയുള്ളവ അടുത്ത തെളിവെടുപ്പില്‍ പരിഗണിക്കാനായി മാറ്റി. 18 കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്മീഷന് അംഗം നുര്‍ബീന റഷീദ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സാജിത സിദ്ദിഖ്, അഡ്വ. പി.ആര്. ഷാജി എന്നിവരും തെളിവെടുപ്പില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: