തിരുവനന്തപുരം: പകര്‍ച്ചപ്പനി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതുസംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പകര്‍ച്ചപ്പനി തടയുന്നതിലും മാലിന്യ സംസ്കരണത്തിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പകര്‍ച്ചപ്പനി മൂലം വ്യാപകമായി മരണം സംഭവിച്ചിട്ടും സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണെന്ന് അദ്ദേഹം ആരോപിച്ചു.
മാലിന്യ സംസ്കരണത്തിന് വിജയകരമായ ഒരു മാതൃക ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. മാലിന്യ സംസ്കരണ സാങ്കേതിക വിദ്യ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 236 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ഇപ്പോള്‍ ആറു സ്ഥലങ്ങളില്‍ മേജര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാനത്ത് ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത യൂണിറ്റ് സ്ഥാപിക്കുന്നതിന് 90 ശതമാനം ഗ്രാന്റ് നല്‍കാമെന്ന് പറഞ്ഞിട്ടും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 100 കോടിരൂപയാണ് മാറ്റി വച്ചത്. വാര്‍ഡ് ഒന്നിന് ശുചീകരണ പ്രവര്‍ത്തനത്തിന് 25,000 രൂപ നല്‍കി. ഇതും ഫലപ്രദമായി ഉപയോഗിച്ചില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കടുത്ത വീഴ്ചയാണ് വരുത്തിയത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ആലോചിക്കണം. തിരുവനന്തപുരം കോര്‍പ്പറേഷന് ഒരു ലക്ഷം പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 5.7 കോടി രൂപ നല്‍കി. എന്നാല്‍ പതിനായിരത്തില്‍ താഴെമാത്രമാണ് സ്ഥാപിച്ചത്. വിളപ്പില്‍ ശാലയില്‍ കോടതി വിധി നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ താല്‍പര്യം. എന്നാല്‍ അവിടുത്തെ ജനങ്ങളുടെ വികാരം അവഗണിക്കാനാകില്ല. എന്നാല്‍ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.
വിളപ്പില്‍ ശാലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരുന്നതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മാലിന്യം ഇവിടേക്ക് കൊണ്ടിടുക മാത്രമാണുണ്ടായത്. മാലിന്യം കുന്നു കൂടി ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതി വന്നപ്പോള്‍ അവര്‍ പ്രതികരിച്ചു. കോര്‍പ്പറേഷന്റെ അനാസ്ഥമൂലമാണ് ഇത്തരത്തിലൊരു സ്ഥിതി സംജാതമായത്. മാലിന്യ സംസ്കരണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുകയും ചിലതു നടപ്പാക്കുകയും ചെയ്യുകയാണ്. അതിന്റെ ഭാഗമായാണ് റെയില്‍വേ പ്ലാറ്റ് ഫോം നിര്‍മ്മിക്കുന്നതിനായി മാലിന്യം ഉപയോഗിക്കുന്നത്.
35 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന പ്ലാന്റ് തിരുവനന്തപുരത്തെ ചാലയില്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. കൊച്ചിയില്‍ 500 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതിന്റെ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞു. കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, കൊല്ലം എന്നിവിടങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പനി ഭീതിദമായി പടരുന്നില്ലെന്ന് കണക്കുകളെ ഉദ്ധരിച്ച് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചുമാസത്തിനിടയില്‍ 7,47,178 പേര്‍ക്കാണ് പനി ബാധിച്ചത്. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ 1,58,307 പനിക്കേസുകളും മെയ് മാസത്തില്‍ 1,42,164 പനിബാധിതരും ചികിത്സ തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക പനിവാര്‍ഡ് തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബ് സംവിധാനവും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിരിഞ്ഞുപോകുന്ന ഡോക്ടര്‍മാരുടെ സേവനം മൂന്നുമാസത്തേക്കു കൂടി നീട്ടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച മൊബെയില്‍ ഫീവര്‍ ക്ലിനിക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അടിയന്തര പ്രമേയത്തിന് ചര്‍ച്ചയ്‌ക്കുള്ള അനുമതി നിഷേധിച്ചത്. സര്‍ക്കാര്‍ എല്ലാം ചെയ്തെന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പനി വ്യാപകമായി പടര്‍ന്നു പിടിക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്കിന് മുമ്പ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാത്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കുന്നുവെന്നു പറയുന്ന പണം ആവശ്യക്കാരുടെ കൈകളിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം. സര്‍ക്കാര്‍ നടപടികളൊന്നും ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവത്തിനെതിരെ വാക്കൗട്ട് നടത്തുകയാണെന്നും വി.എസ് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: