മനുഷ്യന് അഷ്ടരാഗങ്ങളില്‍ അകപ്പെട്ടു സ്വയം നശിക്കുകയാണ്. ഇക്കാര്യം ജ്ഞാനിയായ ഗുരു കാട്ടിത്തരും. തുടര്‍ന്ന് കര്‍മ്മബന്ധങ്ങള്‍ പൊട്ടിച്ചിതറാനായി അഷ്ടാംഗയോഗസാധനയിലേര്പ്പെടണം. അതോടെ ഉള്ളില്‍ ആത്മപ്രകാശം തെളിയാനിടയാകും.
അഷ്ടരാഗങ്ങള്‍ ഇളകിമറിയുന്ന ഇടമാണ് സംസാരം. ഈ കോലാഹലത്തിര് കഴിഞ്ഞുകൂടുന്നതുകൊണ്ട് നഷ്ടമല്ലാതെ ഒരു ലാഭവും ഉണ്ടാകാനില്ല. ജ്ഞാനനിഷ്ഠനായി ആനന്ദത്തില്‍ മുഴുകിക്കഴിയുന്ന ഗുരു വ്യക്തമായി ഇക്കാര്യം കാണിച്ചുതരും. തുടര്‍ന്ന് അഷാംഗയോഗസാധനയും മറ്റും ഗുരുതന്നെ ഉപദേശിക്കും. അഷ്ടാംഗയോഗസാധനകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പാതഞ്ജലയോഗസൂത്രം നോക്കിയറിയേണ്ടതാണ്. യോഗസാധനകള്‍ ചിത്തത്തെ അഷ്ടരാഗങ്ങളെന്ന കെട്ടുകളില്‍ നിന്ന് മോചിപ്പിക്കും. അതോടെ ചിത്തം പ്രസന്നമായി ആത്മാനുഭവം സാദ്ധ്യമായിത്തീരുകയും ചെയ്യും.
ഖണ്ഡമെന്നും അഖണ്ഡമെന്നും വേര്‍തിരിച്ചു ചിന്തിക്കാന്‍ തന്നെ പോകരുത്. അനന്തകോടി ബ്രഹ്മാണ്ഡങ്ങളൊക്കെ ഒരേയൊരു ബോധം തന്നെയാണ്. പുറംകണ്ണിന് തെളിയാതെ മറവിയിലകപ്പെട്ടുപോയ ചിദാകാശം അഥവാ ബോധകാശം എങ്ങും നിറഞ്ഞു വിളങ്ങുന്നു. എല്ലാവരും അതുതന്നെയാണ്.
ആദിയും അന്തവുമില്ലാതെ കാണപ്പെടുന്ന ആകാശം ശൂന്യാകാശമല്ല. അത് ബോധാകാശമാണ്. അതില്‍ ഉണ്ടായി മറയുന്നവയാണ് പ്രാണന് മുതല്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങളെല്ലാം. ഒന്നിനും ഒരിക്കലും അതില്‍നിന്ന് വിട്ടുപോകാന്‍ സാധ്യവുമല്ല. അപ്പോള്‍ ചിദാകാശത്തില് ഉണ്ടായി മറയുന്ന എല്ലാം ചിദാകാശംതന്നെയാണെന്ന് തീര്‍ച്ചയാണല്ലോ. ഇക്കാര്യം വിചാരം ചെയ്തറിയാത്ത ബുദ്ധിക്ക് ചിദാകാശം ഓര്‍മയില്‍ നിന്ന് മറന്ന് പോയിരിക്കുകയാണ്. അങ്ങനെയുള്ളയാള്‍ക്ക് ശുന്യാകാശമാണ് ഇത്. അതില്‍ കാണുന്ന പലതും വെവ്വേറെ സത്യവുമാണ്. അങ്ങനെ അജ്ഞതകൊണ്ട് വന്ന് ചേര്‍ന്ന സാപേക്ഷചിന്തകളാണ് ഖണ്ഡം. അഖണ്ഡം എന്നും മറ്റുമുള്ള ചിന്തകള്‍.വാസ്തവത്തില്‍ ഇവിടെ ഒരേയൊരു ബോധവസ്തുമാത്രമേയുള്ളു. അനന്തകോടി ബ്രഹ്മാണ്ഡങ്ങളൊക്കെ അതുതന്നെയാണ്. എല്ലാവരുടെയും സ്വരൂപം അതുതന്നെ.
ആത്മാനുഭവം സാദ്ധ്യമായാല്‍ ബന്ധചിന്തയും മോക്ഷചിന്തയും ഒക്കെ അവിടെ ഒഴിഞ്ഞു മാറുന്നു. ബന്ധമോ മോക്ഷമോ ഒന്നുമില്ലാത്ത ശുദ്ധ ബോധസ്വരൂപനാണ് ആത്മാവ്. അതിന് ആദിയോ അനന്തമോ ഇല്ല. ബന്ധമോക്ഷങ്ങളെ വിലയിരുത്തുന്ന ബുദ്ധിപോലും അവിടെ ശൂന്യമായി ഭവിക്കുന്നു.
ശുദ്ധമായ ആത്മസ്വരൂപത്തില്‍ ബന്ധമോക്ഷങ്ങള്ക്കൊന്നും പ്രസക്തിയില്ല. സങ്കല്പങ്ങളാണ് ബന്ധമോക്ഷ ചിന്തകള്‍ക്കൊക്കെ കാരണം. ബന്ധുമുണ്ടുന്ന് സങ്കല്പിച്ചാല് ബന്ധചിന്ത.മോക്ഷം വേണമെന്നാഗ്രഹിച്ചാല്‍ മോക്ഷചിന്ത. ബന്ധമുണ്ടെന്ന് തോന്നുന്നവര്‍ മോക്ഷത്തിനുവേണ്ടിയത്നിക്കുന്നു. ആദിയും അന്തവുമില്ലാത്ത അഖണ്ഡബോധമാണ് ആത്മാവ്. തുടക്കമോ ഒടുക്കമോ ഇല്ലാത്തതിനെ എന്ത് ബന്ധിക്കാന്‍? ബന്ധമില്ലാത്തത് എന്തില്‍ നിന്ന് മോചിക്കാന്‍? മരുഭുമിയില്‍ കാണപ്പെടുന്ന കാനല്‍ജലംപോലെ ആത്മാവില്‍ പൊന്തിവരുന്ന ഒരു ശൂന്യദൃശ്യമാണ് ബുദ്ധി അഥവാ അന്തഃകരണം. ഇരുട്ട് പിശാചിന്റെ തോന്നല്‍ ഉളവാക്കുന്നതുപോലെ ഈ ബുദ്ധിയാണ് പിന്നെ ബന്ധമോക്ഷങ്ങളെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടുന്നത്. തത്ത്വാനുഭവത്തോടെ ബുദ്ധിതന്നെ എങ്ങോ പോയിമറയുന്നു. പിന്നെ എന്ത് ബന്ധം, എന്ത് മോക്ഷം.
സ്വാമി ശാന്താനന്ദഗിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: