കോട്ടയം: ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന തെളിവുകള്‍ കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കാന്‍ തക്കതാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം വളരെ മികച്ച രീതിയിലാണ് മുന്നോട്ട്പോകുന്നത്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിയിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിനിയന്ത്രിക്കുന്ന തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ പോലീസ് നടത്തുന്ന അന്വേഷണത്തെ അനുകൂലിക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളിലെ സിപിഐ,ആര്‍എസ്പി തുടങ്ങിയ ഭൂരിഭാഗം പേരും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സിപിഎമ്മിലെ ഒരു വിഭാഗവും അന്വേഷണം തൃപ്തികരമാണെന്ന അര്‍ത്ഥം വരുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നു.
സിപിഎമ്മിലെ ഒരു ന്യൂനപക്ഷം മാത്രമാണ് അന്വേഷണത്തെ വിമര്‍ശിക്കുകയും ഉദ്യോഗസ്ഥരെ അവഹേളിക്കുകയും ചെയ്യുന്നത്. റാലി നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നതിനായാണ് സിപിഎം ശ്രമം. ടി.പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിലെ എല്ലാവര്ക്കും സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കേസ് അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടാന്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. ഏതെങ്കിലും കേസില്‍ പുനരന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അക്കാര്യം പരിഗണിക്കും. അവരുടെ ആവശ്യം ന്യായമാണെങ്കില്‍ അന്വേഷണം നടത്തും. തെളിവ് നല്കാന് സിപിഎം തയ്യാറാകണം. കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ തെളിവുണ്ടെങ്കില്‍ അന്വേഷണം നടത്തും. ടിപി വധക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ജയകൃഷ്ണന് വധക്കേസില്‍ പുനരന്വേഷണം വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: