ബീജിംഗ്: രാജ്യത്ത് ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കുന്നത് പാക് സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ ക്ഷമക്ക് അതിരുണ്ടെന്നുമുള്ള യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റയുടെ പ്രസ്താവനയോട് പ്രതികരണവുമായി പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. യുഎസ് ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ഒരു സമയത്ത് സാധാരണ നിലയിലാകുമെന്ന് സര്‍ദാരി പറഞ്ഞു. യുഎസിനും പാക്കിസ്ഥാനും അവരുടേതായ താല്പര്യങ്ങളുണ്ട്. സാവധാനം, എന്നാല്‍ തീര്‍ച്ചയായും, തങ്ങള്‍ സാധാരണ ബന്ധത്തിലേക്ക് എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നടക്കുന്ന ഷാങ്ന്ഘായി ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സര്‍ദാരി.
ചൈനയില്‍ സര്‍ദാരിയുടെ ഒന്‍പതാമത്തെ സന്ദര്‍ശനമാണ് ഇത്. കാബൂള്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ കാര്യത്തില്‍ യുഎസിന്റെ ക്ഷമക്ക് അതിരുണ്ടെന്ന് പനേറ്റ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സര്‍ദാരി.
പാക്കിസ്ഥാനിലെ പ്രാദേശിക മേഖലകളില്‍ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരുമെന്നും പനേറ്റ പറഞ്ഞിരുന്നു. ഇസ്ലാമാബാദിന്റെ പരമാധികാരത്തെ ഹനിക്കുന്ന തരത്തിലുള്ള അമേരിക്കന്‍ വിരുദ്ധ വികാരങ്ങള്‍ ഉയരുന്നതുവരെ ഈ ആക്രമണങ്ങള്‍ തുടരുമെന്നും പനേറ്റ പറഞ്ഞിരുന്നു.
ഇക്കാര്യത്തെക്കുറിച്ച് സര്‍ദാരിയോട് ചോദിച്ചപ്പോള്‍, രാഷ്ട്രീയനേതാക്കള്‍ സംസാരിക്കുന്നത് രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചായിരിക്കും. യുഎസില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അവരുടെ ആഭ്യന്തര രാഷ്ട്രീയ സ്ഥിതികളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനിലെ യുദ്ധങ്ങളുടെ പരിണിതഫലങ്ങളെക്കുറിച്ച് ആര്‍ക്കും അറിയില്ല. ഭീകരവാദപ്രവര്ത്തനങ്ങളിലൂടെ 40,000 ജീവനുകളാണ് നഷ്ടപ്പെട്ടത്, സര്‍ദാരി പറഞ്ഞു.
ഷാങ്ന്‍ഘായ് കോര്പ്പറേഷന് ഓര്ഗനൈസേഷന് വളരെ ചെറുപ്പമാണ്. ഇതിന് സ്വയം വളരുവാനുള്ള സമയം തീര്‍ച്ചയായും നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സര്‍ദാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: