കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയും ഗുഢാലോചനക്കാരെയും സംരക്ഷിക്കാനാണ് സി.പി.എമ്മിനെപ്പോലെ കോണ്‍ഗ്രസ്സും ശ്രമിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആരോപിച്ചു. ജയകൃഷ്ണന് മാസ്റ്റര്‍ കൊല്ലപ്പെട്ടതിനുശേഷം ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ദേശീയ നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ. കരുണാകരന്, രമേശ് ചെന്നിത്തല, വി.എം. സുധീരന്, പി.സി. തോമസ് എന്നിവരെ സമീപിച്ചിരുന്നു. എന്നാല്‍ പി.സി. തോമസ് ഒഴികെ ഉള്ളവര്‍ നികൃഷ്ടമായ നിലപാടാണ് സ്വീകരിച്ചത്. മുഖം തിരിഞ്ഞ് നില്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം അന്ന് സ്വീകരിച്ചത്.
കൊലപാതകക്കേസ്സില്‍ വിധി പറഞ്ഞ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധി പകര്‍പ്പ് ഗവണ്മെന്റ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയും സംഭവത്തിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി ഈ വിഷയത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ചെറുവിരല്‍ പോലും അനക്കാന്‍ ആന്റണി തയ്യാറായില്ല. എന്തുകൊണ്ട് നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് ആന്റണിയും കോണ്‍ഗ്രസ്സ് നേതൃത്വവും വ്യക്തമാക്കണം. 22 കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ് കണ്ണൂരില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒറ്റക്കേസിലെ പ്രതികള്‍ക്ക് പോലും വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ കേരളം ഭരിക്കുന്ന കോണ്‍ഗ്രസ്സിന് സാധ്യമായിട്ടില്ല. കെ. സുധാകരന് ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം
സി.പി.എം ഭരണകാലത്ത് എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ 120 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ ഒരാള്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രദീപനായിരുന്നു. ശിക്ഷാ കാലാവധി തീരുന്നതിന് 64 ദിവസം മുമ്പ് വിട്ടയക്കാനായിരുന്നു തീരുമാനം. എന്നാല്‍ കെ.ടി. ജയകൃഷ്ണന്മാസ്റ്ററുടെ അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് പ്രകാരം സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 90 ദിവസം കഴിഞ്ഞശേഷമാണ് 120 പേരെയും വിട്ടയച്ചത്. എന്നാല്‍ ഈ സമയത്ത് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി ഒന്നും ചെയ്തില്ല.
ടി.പി. ചന്ദ്രശേഖരന്‍വധം ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ കേസ് മുമ്പില്‍ വെച്ച് ഭീഷണിപ്പെടുത്തി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എമാരുടെ വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമം. യഥാര്‍ത്ഥ ഗൂഢാലോചനക്കാര്‍ ഈ കേസിലും പുറത്തു വരാതിരിക്കാന്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നുകഴിഞ്ഞു. ടി.കെ. രജീഷിലും കുഞ്ഞനന്തനിലും കേസ് നില്ക്കും. ടി.കെ. രജീഷിന് പി. ജയരാജനുമായി അടുത്തബന്ധമാണുള്ളത്. കേസ് അവിടെ എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പവലിയന് ഉദ്ഘാടന ചടങ്ങില്‍ ഒരു പ്രത്യേക സമുദായത്തിലെ കുട്ടികളെ സ്റ്റേജില്‍ വിളിച്ചുവരുത്തി ഇവരാണ് ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആയി വരാന്‍ പോകുന്നതെന്ന് സി.ഇ.ഒ. അബ്ദുള്‍ ലത്തീഫ് അല്‍മുള്ള പറഞ്ഞതിനെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ഇത് യാദൃച്ഛിക സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: