കൊച്ചി: ഹാര്‍ബര്‍ പാലം പൈതൃകസ്മാരകമായി സംരക്ഷിച്ച് ടുറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനം. പാലം അടക്കേണ്ടതില്ലെന്നും രാവിലെ ഏഴു മുതല്‍ രാത്രി എട്ടു വരെ ഇരു-മുചക്ര വാഹനങ്ങള്‍ക്ക് ഗതാഗതത്തിന് വിട്ടുകൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
പാലം നിലനിര്ത്തുന്നതുവഴിയുള്ള ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും. ഇതിന്റെ ഭാഗമായി അലക്സാണ്ടര്‍ പറമ്പിത്തറ റോഡു മുതല്‍ ബിഒടി പാലം വരെ നിര്‍മിക്കുന്ന വാക്ക്വേ ഹാര്‍ബര്‍ പാലം വരെ നീട്ടും. ഇതിനുതാഴെയായി കോഫി ഷോപ്പ് ഉള്‍പ്പടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വിവിധ പദ്ധതികള്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപ്പാക്കുമെന്ന് തോമസ് പറഞ്ഞു.
പാലം പൈതൃകമായി സംരക്ഷിക്കുന്നതിനൊപ്പം ഇതിന്റെ പരിപാലനം ഒരു ഏജന്‍സിയെ ഏല്പ്പിക്കുന്നതാവും ഉചിതമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ജിസിഡിഎ ഇക്കാര്യം ഏറ്റെടുക്കാമെന്ന് യോഗത്തില്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പാലത്തിന്റ അറ്റകുറ്റപ്പണി എത്രയും വേഗം തുടങ്ങാന്‍ ധാരണയായി. മോശമായ തടികള്‍ ഉടനെ മാറ്റി പാലം ഉറപ്പുള്ളതാക്കും. തമ്പകത്തിന്റെ തടിയാണ് ഇതിനുപയോഗിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇതിനായി വനം വകുപ്പില്‍ നിന്ന് തമ്പകം എത്തിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കും. നേരത്തെ പൊതുമരാമത്ത് വകുപ്പ് ഇതിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് എടുത്തിരുന്നു.
ടൂറിസവുമായി ബന്ധപ്പെട്ട സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഡി.ടിപിസി വിശദമായ രൂപരേഖ തയ്യാറാക്കും. ആവശ്യമെങ്കില്‍ കേന്ദ്രസഹായം ലഭ്യമാക്കാനാവുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പാലത്തില്‍ പുതുതായി ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും ഒരു ടൂറിസം കാഴ്ച്ചപ്പാട് വേണമെന്നാണ് യോഗത്തില്‍ ഉണ്ടായ ധാരണ.
യോഗത്തില്‍ മന്ത്രിമാരെ കൂടാതെ മേയര്‍ ടോണി ചമ്മണി, ഡോമിനിക് പ്രസന്റേഷന് എംഎല്‍എ, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക് പരീത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
1930-കളില്‍ നിര്‍മിച്ച ഈ പാലം വില്ലിങ്ങ്ടണ്‍ ഐലന്റ്, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവടങ്ങളെ എറണാകുളം നഗരവുമായി ബന്ധിപ്പിക്കുന്ന ഏക കണ്ണിയായിരുന്നു. ഹാര്‍ബര്‍ വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച പാലം 1954 വരെ കൊച്ചി പോര്‍ട്ടാണ് പരിപാലിച്ചുപോന്നത്. 54-ല്‍ ഇത് ദേശീയപാത 47-ന്റെ ഭാഗമായി പ്രഖ്യാപിച്ചു. ദേശീയപാതയുടെ ഡപ്പോസിറ്ററി പ്രവൃത്തിയായി പോര്‍ട്ടാണ് തുടര്‍ന്നും പാലം പരിപാലിച്ചത്. 1987-ല്‍ ഇടപ്പള്ളി-അരൂര്‍ ബൈപാസ് തുറന്നതോടെയാണ് ഇതിന്റെ പ്രാധാന്യം കുറഞ്ഞുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: