തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേടിന്റെ പേരില്‍ വിസി, പ്രോ വിസി തുടങ്ങിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ലോകായുക്ത റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മുന്‍ വിസി അടക്കം ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാണ് മറ്റു പ്രതികള്‍.
നിയമനം റദ്ദാക്കാനും മുന്‍ വിസി, പ്രോ വിസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ശുപാര്‍ശ ചെയ്യുന്ന 2011 ഡിസംബര്‍ 29ലെ ലോകായുക്ത റിപ്പോര്‍ട്ടാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് നിയമനം ഉപലോകായുക്ത ജഡ്ജ് ജസ്റ്റിസ് ജി.ശശിധരന്‍ ആണ് റദ്ദാക്കിയത്.
മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ.രാമചന്ദ്രന്‍ നായര്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ.വി.ജയപ്രകാശ്, സിന്‍ഡിക്കറ്റ് അംഗങ്ങളായ എ.എ.റഷീദ്, വി.എസ്.രാജീവ് , കെ.എ.ആന്‍ഡ്രൂ, എം.പി.റസല്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനായിരുന്നു ലോകായുക്ത ശുപാര്‍ശ. സിന്‍ഡിക്കേറ്റംഗങ്ങള്‍ സിപിഎം നേതാക്കളാണ്.
ഉത്തരക്കടലാസുകള്‍ നശിപ്പിച്ച് കളഞ്ഞതായിരിക്കാമെന്നും യൂണിവേഴ്സിറ്റി ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമനം നടത്തിയതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടിയിരുന്നു. നിയമനത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നിട്ടുണ്ടെന്നും ലോകായുക്ത കുറ്റപ്പെടുത്തി. പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് വീണ്ടും പരീക്ഷ നടത്താനും ലോകായുക്ത ആവശ്യപ്പെട്ടു.
മൂന്നു വര്‍ഷം മുമ്പാണ് കേരള യൂണിവേഴ്സിറ്റി അസിസ്‌റന്റ് നിയമനം നടന്നത്. 1401 പേരുടെ റാങ്ക്ലിസ്‌റില്‍ നിന്ന് 149 പേര്‍ക്കാണ് നിയമനം നല്‍കിയത്. ഇത് ചോദ്യം ചെയ്ത് തഴയപ്പെട്ട ഉദ്യോഗാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്.
വിവാദമായ അസിസ്റ്റന്റ് ഗ്രേഡ് നിയമനങ്ങള്‍ റദ്ദാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. നിയമനം റദ്ദാക്കാനുള്ള ഉപലോകായുക്ത ഉത്തരവ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
ലോകായുക്ത വിധി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളുടെ ആവശ്യം. എന്നാല്‍ ലോകായുക്ത വിധി അംഗീകരിക്കണമെന്നും ഇതിനെതിരെ സര്‍വകലാശാല അപ്പീല്‍ നല്‍കാന്‍ പാടില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ വാദം. ഒരു ഘട്ടത്തില്‍ ബഹളം കയ്യാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു. വോട്ടെടുപ്പിലൂടെ നിയമനം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടിനെതിരെ 11 വോട്ടുകള്‍ക്കാണ് തീരുമാനമെടുത്തത്.
എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്ത റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വൈകുകയായിരുന്നു. നഗ്നമായ അഴിമതിയെന്ന് വ്യക്തമായിട്ടും സിന്‍ഡിക്കേറ്റിലെ മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്‍ രക്ഷപ്പെട്ടു നില്‍ക്കുകയായിരുന്നു സിപിഎം നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: