നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രേഡ്ഫെയര്‍ സെന്റര്‍ ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിലേക്കുള്ള വിഐപി റോഡിന് സമീപത്തായി അഞ്ചേക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ബിസിനസ് സെന്ററിന്റെ ആകെ വിസ്തൃതി 43500 ചതുരശ്രയടിയോളമാണ്. പൂര്‍ണമായും ശീതീകരിച്ച അത്യാധുനിക സൗകര്യങ്ങളുള്ള ട്രേഡ് ഫെയര്‍ സെന്റര്‍ ഇനി മുതല്‍ അന്താരാഷ്ട്ര ട്രേഡ് ഫെയറുകള്‍ക്കും വന്‍കിട ബിസിനസ്സ് മീറ്റുകള്‍ക്കും എക്സിബിഷനുകള്‍ക്കും വേദിയാകും. 13 കോടിയിലേറെ രൂപയാണ് അന്താരാഷ്ട്ര നിലവാരമുള്ള ഈ ട്രേഡ് സെന്ററിന്റെ നിര്‍മാണത്തിനായി ചെലവഴിച്ചത്.
ട്രേഡ് ഫെയര്‍ സെന്ററിന്റെ രൂപകല്‍പ്പനയും നിര്‍മാണ മേല്‍നോട്ടവും നിര്‍വഹിച്ചത് കിറ്റ്കോയാണ്. എക്സിബിഷനുകള്‍ക്കായി ഏകദേശം 30,000 സ്ക്വയര്‍ഫീറ്റ് സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. എക്സിബിഷനുകള്‍ക്കും മറ്റുമായി വ്യത്യസ്ത അളവുകളിലുള്ള സ്റ്റാളുകള്‍ തയ്യാറാക്കുന്നതിന് അനുയോജ്യമായ തരത്തിലുള്ള തൂണുകളോ മറ്റ് തടസ്സങ്ങളോ ഇല്ലാത്ത വിശാലമായതും പൂര്‍ണമായും ശീതീകരിച്ചതുമായ ഹാളാണ് ഇവിടെയുള്ളത്. വലിയ വ്യാവസായിക-കാര്‍ഷിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുന്ന 100 ചതുരശ്രയടി വിസ്തൃതിയുള്ള 175 സ്റ്റാളുകള്‍ ഇവിടെ തയ്യാറാക്കാം.
ട്രേഡ് ഫെയര്‍ സെന്റര്‍ ഉദ്ഘാടന യോഗത്തില്‍ മന്ത്രി കെ.ബാബു അദ്ധ്യക്ഷനായിരിക്കും. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ.പി.ധനപാലന്, പി.രാജീവ്, എംഎല്‍എമാരായ ജോസ് തെറ്റയില്‍, അന്‍വര്‍ സാദത്ത്, സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന് ഐഎഎസ്, സിയാല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: