ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ലാഹോറിലെ സര്‍വീസസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് നവജാത ശിശുക്കള്‍ വെന്തുമരിച്ചു. പത്തു കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയില്‍ ശിശുപരിചരണ വിഭാഗത്തിലാണ് അഗ്നിബാധയുണ്ടായത്.
എ.സി. യൂണിറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അപകടത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചു. നഴ്സറി വാര്‍ഡില്‍ 17 കുട്ടികളാണ് ഉണ്ടായിരുന്നതെന്ന് ആശുപത്രിയിലെ നഴ്സുമാര്‍ പറഞ്ഞു. ഇവരില്‍ ചിലര്‍ ഇന്ക്യുബേറ്ററിലുമായിരുന്നു.
അപകടത്തില്‍പെട്ട കുട്ടികളുടെ ബന്ധുക്കളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍വ്വീസസ് ആസ്പത്രി അധികൃതര്‍ തുനിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മാധ്യമങ്ങളില്‍ നിന്നും ഇവരെ അകറ്റാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്ന് ആരോപിച്ചായിരുന്നു ചിലര്‍ സംഘര്‍ഷമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: