താനെ: പ്രധാനമന്ത്രി മന്മോഹന് സിങ് റിമോട്ട് നിയന്ത്രിത വ്യക്തിയെന്ന് അണ്ണാ ഹസാരെ. റിമോട്ട് കണ്ട്രോള് ഭരണത്തില്‍ എങ്ങനെ ഒരാള്‍ക്കു സ്വതന്ത്രനായി പ്രവര്‍ത്തിക്കാനാകുമെന്നും ഹസാരെ ചോദിച്ചു. കല്‍ക്കരി അഴിമതി വിഷയത്തില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല. അദ്ദേഹം നല്ല മനുഷ്യനാണ്. ഇതേവരെ അഴിമതിയാരോപണങ്ങള്‍ക്ക് ഇട നല്‍കിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സമയം നന്നല്ലെന്നും ഹസാരെ പറഞ്ഞു.
കല്‍ക്കരി ഖനി അഴിമതിക്കേസില്‍ പ്രധാനമന്ത്രി നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സ്വതന്ത്ര അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു. കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട് അണ്ണാ ഹസാരെയും സംഘവും പ്രധാനമന്ത്രിയ്ക്കെതിരെ വിമര്‍ശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. അതിനെ തുടര്‍ന്ന് തനിയ്ക്കെതിരെ ഉന്നയിച്ച അഴിമതിആരോപണം തെളിയിച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ തയ്യാറാണെന്ന് മന്മോഹന് സിങ് പ്രതികരിച്ചിരുന്നു.
അഴിമതി കേസുകളില്‍ കേന്ദ്രമന്ത്രി സഭയിലെ ചിദംബരം ഉള്‍പ്പടെയുള്ള 15 മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് അണ്ണാ ഹസാരെ സംഘത്തിലെ അരവിന്ദ് കേജ്രിവാള്, പ്രശാന്ത് ഭൂഷണ് എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഇതില്‍ പ്രതിസ്ഥാനത്ത് പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: