ചങ്ങനാശ്ശേരി: സിപിഎമ്മിന്റെ കൊലപ്പട്ടികയില്‍ പൊന്നപ്പന്‍പിള്ളയുടെ പേരും വെളിപ്പെട്ടതോടെ അദ്ദേഹത്തെ തേടി ബന്ധുക്കളും പഴയകാല സുഹൃത്തുക്കളും പെരുന്നയിലെ ആരിശേരി വീട്ടിലേക്കൊഴുകുന്നു. അഞ്ചേരി ബേബിക്ക് പുറമേ പൊന്നപ്പന്പിള്ളയെയും കൊലപ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെന്ന് സിപിഎം ശാന്തന്‍പാറ മുന്‍ ഏരിയാ സെക്രട്ടറി പി.എന്‍ മോഹന്‍ദാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ കൊലപ്പട്ടികയിലുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയാണ് അറിയാന്‍ കഴിഞ്ഞിരുന്നതെന്നും ആ നടുക്കത്തില്‍നിന്ന് വിട്ടുമാറാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രീധരന് നായര്‍ എന്ന പൊന്നപ്പന്‍പിള്ള പറയുന്നു.
കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ അതേ രീതിയാണ് ഇടുക്കി ജില്ലയിലെ ഹൈറേഞ്ചില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. തോട്ടം തൊഴിലാളികള്‍ കൂടുതലും സിഐടിയുക്കാരായിരുന്നു. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് താനായിരുന്നു. അതായിരിക്കാം പാര്‍ട്ടിക്ക് തന്നോടുള്ള വൈരാഗ്യമെന്നും 81 കാരനായ ശ്രീധരന് നായര്‍ പറഞ്ഞു. തോട്ടം മേഖലയില്‍ പൊന്നപ്പന്‍പിള്ളയുടെ പ്രവര്‍ത്തനവും സംഘടനാ പാടവവും മികച്ചതായിരുന്നു. മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ഉള്ളിലുള്ളതു തുറന്നുപറയാന്‍ സാഹചര്യമൊരുക്കിയതിലുള്ള സന്തോഷവും ഇപ്പോള്‍ പൊന്നപ്പന്പിള്ളയ്ക്കും കുടുംബത്തിനുമുണ്ട്.
സേനാപതി പഞ്ചായത്തില്‍ 16 വര്‍ഷം പ്രസിഡന്റായും ഉടുമ്പന്‍ചോലയില്‍ വൈസ്പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെക്കുറിച്ച് തനിക്കറിയില്ല. ശാന്തന്‍പാറയിലെ കാര്‍ഡമം മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ പാര്‍ട്ടിയുടെ പിന്തുണയോടുകൂടി ഏറ്റവും കൂടുതല്‍ വോട്ടുവാങ്ങി മകന് ഹരികുമാര്‍ വിജയിച്ചതായും പൊന്നപ്പന്‍പിള്ള ഓര്‍മ്മിക്കുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അന്ന് അവിടെ സമാധാനമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത മേഖലയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ശബ്ദിച്ചാല്‍, അവരുടെ ചെയ്തികളെ ചോദ്യം ചെയ്താല്‍ അവര്‍ തിരിച്ചടിക്കുമായിരുന്നു. വാര്‍ദ്ധക്യവും ശാരീരികവുമായ പ്രയാസങ്ങളുടെയും കൂടെ ഞെട്ടുന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ അതിശയിച്ചുപോയി. ഓരോ വാക്കുകള്‍ പറയുമ്പോഴും എന്തിന് എന്നെ അവര്‍ ലിസ്റ്റിലിട്ടു എന്നറിയാന്‍ കഴിയുന്നില്ലെന്നും പൊന്നപ്പന്‍പിള്ള പറയുന്നു.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: