കോട്ടയം: കെഎസ്ആര്‍ടിസി ബസില്‍ കുഞ്ഞിനെ പ്രസവിച്ച് യുവതി മുങ്ങി. കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആര്. എ. സി 625 നമ്പര്‍ ബസ്സ് ഇന്നലെ രാവിലെ 7.45ന് കോട്ടയം സ്റ്റാന്റിലെത്തിയപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടത്. യാത്രക്കാരുടെ ബാഗുകള്‍ക്കിടയില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ ബസ് കണ്ടക്ടര്‍ ബിജുവും ഡ്രൈവര്‍ ബാബുവും അതേ ബസില്‍ തന്നെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ ഉടന്‍തന്നെ ഇന്‍ക്യൂബേറ്ററില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ 4.10നാണ് കുമളിയില്‍നിന്ന് കെഎസ് ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചത്. ബസില്‍ കോട്ടയത്ത് ഇറങ്ങേണ്ട നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇവരുടെ ബാഗുകള്‍ സ്ത്രീകളുടെ സീറ്റിന് സമീപം അടുക്കി വച്ചിരുന്ന ഭാഗത്തുനിന്നാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ബസിന്റെ പ്ലാറ്റ്ഫോമില്‍ ചോര ചിതറിക്കിടപ്പുണ്ട്. പൊക്കിള്‍ കൊടിയുടേതെന്ന് സംശയിക്കുന്ന മാംസഭാഗവും കണ്ടെത്തിയിരുന്നു.
കുട്ടിയെ പ്രസവിച്ച് മുങ്ങിയ യുവതിയെ കണ്ടെത്താന്‍ കോട്ടയം വെസ്റ്റ് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അന്വേഷണം നടത്തുകയാണ്.കുട്ടി ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെ വാമറില്‍ കഴിയുകയാണ്. കുട്ടിക്ക് 3.17 കിലോഗ്രാം തൂക്കമുണ്ട്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആര്.എം.ഒ ഡോ. സൂസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: