സെന്റ്പീറ്റേഴ്സ് ബര്‍ഗ്: ആഭ്യന്തര കലാപം അനുദിനം രൂക്ഷമായ്ക്കൊണ്ടിരിക്കുന്ന സിറിയയ്ക്കെതിരെ നിലപാടെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് മേല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്മര്‍ദം ഏറുന്നു. പ്രക്ഷോഭങ്ങള്‍ക്ക് നേരെയുള്ള സിറിയന്‍ പട്ടാളത്തിന്റെ ഷെല്ലാക്രമണങ്ങള്‍ അവസാനിപ്പിക്കാനും യുഎന്‍ അറബിളെഗ് സമാധാന ദൂതന് കോഫി അന്നന്റെ ശ്രമങ്ങളോട് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സഹകരിക്കുവാനും റഷ്യ ആവശ്യപ്പെടും.
ആണവ സമ്പുഷ്ടീകരണത്തില്‍ ഇറാനോട് കൂടുതല്‍ കര്‍ശന നിലപാടെടുക്കണമെന്നും യൂറോപ്യന്‍ നയതന്ത്ര പ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയില്‍ ചേര്‍ന്ന ഉച്ചകോടിക്കിടെയാണ് ഈ നീക്കം. റഷ്യയുമായി വാണിജ്യ ബന്ധങ്ങള്‍ ശക്തമാക്കാനാണ് ഉച്ചകോടി. യൂറോപ്പില്‍ റഷ്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ നടപടികളെടുക്കണമെന്ന് പുടിന് ആവശ്യപ്പെട്ടു. സിറിയ, ഇറാന് വിഷയങ്ങളില്‍ യുഎസിന്റെയും യുഎന്നിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത നിലപാടാണ് റഷ്യ സ്വീകരിച്ചിട്ടുള്ളത്.
സിറിയയിലെ ഹൗലയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ യുഎന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അപലപിച്ചിരുന്നു. പ്രക്ഷോഭങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അസദ് ഭരണകൂടത്തിന് ആയുധങ്ങള്‍ നല്‍കുന്നത് റഷ്യയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ആക്രമങ്ങള്‍ പിന്നില്‍ അസദ് ഭരണകൂടമല്ലെന്നും വിദേശഭീകരരാണെന്നും തീവ്രവാദമാണ് ആക്രമണത്തിന് പിന്നിലെന്നും അസദ് ഞായറാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ ഹൗല കൂട്ടക്കൊലയ്ക്ക് ശേഷം അസദ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: