തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു. അറിവിന്റെ അക്ഷയഖനിയിലേക്ക് പിച്ചവയ്ക്കാന്‍ 3,30,000 കുരുന്നുകള്‍ ഇന്ന് അക്ഷരമുറ്റത്തേക്ക് എത്തിയത്. പുതുതായി ചേര്‍ന്ന കുരുന്നുകളെ സ്വീകരിക്കാന്‍ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പുത്തനുടുപ്പും പാഠപുസ്തങ്ങളുമായി എത്തിയ കുരുന്നുകള്‍ കൈനിറയെ സമ്മാനങ്ങളുമായിട്ടാണ് മടങ്ങിയത്.
പൊട്ടിക്കരഞ്ഞും അമ്മയെ കെട്ടിപ്പിടിച്ചും കിട്ടിയ സമ്മാനങ്ങള്‍ ബാഗിലാക്കിയും കുരുന്നുകളുടെ ആദ്യദിനം. സംസ്ഥാനത്ത് 12,644 സ്കൂളുകളിലാണ് പ്രവേശനം നടന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു. രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ആണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. മാര്‍ക്ക് വാങ്ങുന്ന കാര്യത്തില്‍ മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലും ഉന്നത നിലവാരം കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപക പാക്കേജുള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇക്കുറി അധ്യയന വര്‍ഷം തുടങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പു തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ കൈകളിലെത്തിക്കാന്‍ കഴിഞ്ഞതും സര്‍ക്കാരിന്റെ നേട്ടമായിട്ടാണ് കാണുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പാഠഭാഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ട ഗതികേടാണ് ഇതോടെ ഒഴിവായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാര്‍ഥികളെ അണിനിരത്തി രാവിലെ ഒമ്പതിന് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര കളക്ടര്‍ പി.ഐ.ഷേക്ക് പരീത് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ല, ഉപജില്ല, സ്കൂള്‍ തലങ്ങളിലും വിപുലമായ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. പ്രവേശനോത്സവത്തിനായി മിക്ക സ്കൂളുകള്‍ക്കും ഗ്രാന്റുകള്‍ വിതരണം ചെയ്തിരുന്നു. സ്കൂളുകളുടെ പ്രവേശന കവാടങ്ങളില്‍ വയ്ക്കാനുള്ള ഫ്ലക്സ് ബോര്‍ഡുകള്‍, പ്രദര്‍ശിപ്പിക്കാനുള്ള പോസ്റ്ററുകള്‍ എന്നിവയ്ക്കായി ഓരോ സ്കൂളിനും 500 രൂപ വീതം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ എല്ലാ വിഷയങ്ങളിലുമുള്ള പാഠപുസ്തകങ്ങളുമായാണ് ഇക്കുറി വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുക. ഈ അധ്യയനവര്‍ഷം പിറ്റിഎ ശാക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. ‘പഠിപ്പിക്കുക, പരിരക്ഷിക്കുക’ എന്ന ആശയത്തോടെ രക്ഷകര്‍ത്താക്കള്‍ക്ക് കൈപ്പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിക്കും ഈ വര്‍ഷം തുടക്കം കുറിക്കുകയാണ്.
എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രവേശനോത്സവങ്ങള്‍ നടന്നു. തിരുവനന്തപുരം- പോത്തന്‍കോട് ജിഎല്‍പിഎസ്. കൊല്ലം- അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്. ആലപ്പുഴ- ജി.എച്ച്എസ് കിടങ്ങറ, കുട്ടനാട്. പത്തനംതിട്ട- ജിവിഎച്ച്്എസ്എസ് കൈപ്പട്ടൂര്‍, കോന്നി. കോട്ടയം- സെന്റ് തോമസ് എല്‍പിഎസ്, പാമ്പാടി. ഇടുക്കി- സെന്റ് തോമസ് എച്ച്എസ്, കരിമണ്ണൂര്‍. തൃശൂര്‍- ഗവ. മാപ്പിള എച്ച്എസ്എസ് ചാമക്കാല, മതിലകം. പാലക്കാട്- ജിഎസ്ബിഎസ് പഴയ ലക്കിടി, ഒറ്റപ്പാലം. മലപ്പുറം-ജിഎം എല്‍പിഎസ്, ഊരകം. കോഴിക്കോട്- ജിഎച്ച്എസ്എസ്, പെരിങ്ങളം. വയനാട്- ജിഎച്ച്എസ് കാട്ടിക്കുളം, മാനന്തവാടി. കണ്ണൂര്‍- ജിഎച്ച്എസ് ആറളംഫാം, ഇരിട്ടി. കാസര്‍ഗോട് – ജിഎസ്ബിഎസ് കുമ്പള എന്നിവിടങ്ങളിലും പ്രവേശനോത്സവം നടന്നു.
ഉച്ചഭക്ഷണത്തിന് പുറമെ ഈ വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമുകളും ലഭിക്കും. സര്‍ക്കാര്‍ സ്കൂളുകളിലെ എട്ടാംക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളതും പട്ടിക വിഭാഗങ്ങളില്‍പ്പെട്ടതുമായ ആണ്‍കുട്ടികള്‍ക്കാണ് സൗജന്യ യൂണിഫോം ലഭിക്കുന്നത്. ഈ അധ്യയനവര്‍ഷം മുതല്‍ 200 പ്രവൃത്തി ദിവസങ്ങള്‍ ഉണ്ടായിരിക്കും. കഴിഞ്ഞവര്‍ഷം വരെ 194 അധ്യയന ദിനങ്ങളാണ് ഉണ്ടായിരുന്നത്. അധ്യയന ദിനങ്ങള്‍ തികയ്ക്കാന്‍ വേണ്ടി ആറു ശനിയാഴ്ചകളിലായി പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും. എല്‍.പി, യു.പി വിഭാഗങ്ങളില്‍ ഉള്‍പ്പെടെ 1000 അധ്യയന മണിക്കൂറുകളാണ് ഉണ്ടാകുക.
ഇന്ന് മുതല്‍ തന്നെ സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകും. ഉച്ചക്കഞ്ഞിക്ക് അര്‍ഹതയുള്ള കുട്ടികള്‍ക്ക് ഇന്ന് തന്നെ ആറുകിലോ അരി വീതം നല്‍കും. ഒരു വര്‍ഷത്തേക്ക് ഒരു കുട്ടിയ്ക്ക് 980 രൂപ വീതം ഭക്ഷണ ചെലവ് അനുവദിക്കാനാണ് തീരുമാനം. ഉച്ചഭക്ഷണത്തിനുള്ള പണം ഇത്തവണ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നേരിട്ടായിരിക്കും നല്‍കുക. സ്കൂളുകളിലെ ഡിവിഷനുകള്‍ക്ക് ആനുപാതികമായുള്ള ഗ്രാന്റ് ഒരാഴ്ച മുമ്പ് തന്നെ നല്‍കിയിട്ടുണ്ട്. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ച് സ്കൂള്‍ കുട്ടികളെയും യാത്രക്കാരെയും കുത്തിനിറച്ചുകൊണ്ട് മത്സരയോട്ടം നടത്തുന്നതോ അപകടകരമായി വണ്ടി ഓടിക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: