ഭാരതീയ വിദ്യയുടെ ഉറവിടം സംസ്കൃത ഭാഷയിലാണെന്ന് എല്ലാവരും സമ്മതിക്കുന്നു. അത് ഏതാണ്ട് മുഴുവനായിത്തന്നെ സഞ്ചയിച്ചിരിക്കുന്നതും ആ ഭാഷയില്‍ത്തന്നെയാണ്. അതൊരു മഹാസമുദ്രമാകുന്നു. അതിന്റെ ആഴം കണ്ടവരില്ലതാനും. ആയിരം വര്‍ഷക്കാലത്തെ വിദേശീയ ഭരണത്തിന്റെ ആഘാതങ്ങളേറ്റ് ആ ജ്ഞാനഭണ്ഡാരത്തിന്റെ നല്ലൊരു ഭാഗം നശിച്ചുപോയി. നലാന്റ, തക്ഷശില, വിക്രമശില, കാഞ്ചീപുരം, ഉജ്ജയിനി തുടങ്ങിയ എത്രയോ പ്രാചീന വിശ്വവിദ്യാലയങ്ങള്‍ ആ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. നലാന്റാ സര്‍വകലാശാലയുടെ വിനാശത്തിന് നേതൃത്വം നല്കിയ ഭക്ത്യാര്‍ ഖില്‍ജി അവിടത്തെ താളിയോല ഗ്രന്ഥങ്ങള്‍ പാചകത്തിനുള്ള വിറകായി ഉപയോഗിച്ചുവെന്ന് വായിച്ചിട്ടുണ്ട്. അതുമുഴുവന്‍ കത്തിത്തീരാന്‍ ആറുമാസത്തിലേറെയെടുത്തുവത്രെ. അതിന്റെ ഭഗ്നാവശിഷ്ടങ്ങള്‍ മണ്ണുനീക്കിയെടുത്ത് പുരാവസ്തു വകുപ്പുകാര്‍ സംരക്ഷിക്കുന്നു. അവിടെ നൂതനമായൊരു സര്‍വകലാശാല ആരംഭിക്കാനും ബീഹാര്‍ സര്‍ക്കാര്‍ മുന്കയ്യെടുക്കുന്നുണ്ടെന്ന് തോന്നുന്നു. പുതിയ സര്‍വകലാശാല ഇന്ന് ഭാരതത്തിലുള്ള മറ്റ് സര്വകലാശാലകളെപ്പോലെയുള്ളതാവുമോ, ലോകത്തിനുമുന്നില്‍ ഭാരതീയ വിദ്യകളെ പുനഃസ്ഥാപിക്കാനും വികാസത്തിന്റെ നൂതന പന്ഥാവിലൂടെ നയിക്കാനുള്ളതാവുമോ എന്നറിയേണ്ടിയിരിക്കുന്നു.
നമ്മുടെ നാട്ടിലെ സംസ്കൃത പഠനത്തിന്റെ അവസ്ഥ പരമദയനീയമായിക്കൊണ്ടിരിക്കുന്നത് ചൂണ്ടിക്കാട്ടുന്നതിനാണിത്രയും എഴുതിയത്. കേരള സര്‍ക്കാരിന്റെ നയങ്ങള്‍ അതിന് അന്ത്യകൂദാശ ചെയ്യുന്നതാവുമോ എന്നു ഭയക്കേണ്ടിയിരിക്കുന്നു. സിബിഎസ്ഇ വിദ്യാലയങ്ങളില്‍ സംസ്കൃതം നിര്‍ബന്ധ വിഷയമായിരുന്നു. കേരളത്തില്‍ മലയാളം നിര്‍ബന്ധമാക്കിയതോടെ സംസ്കൃതപഠനം അന്ത്യശ്വാസം വലിച്ചുതുടങ്ങി. സംസ്കൃതം പഠിക്കാന്‍ കുട്ടികള്‍ വിരളമായിത്തുടങ്ങിയതിനാല് പഠിപ്പിക്കാനുള്ളവര്ക്ക് പണിയില്ലാതാകുന്നു. താല്‍ക്കാലികമായി ജോലി നോക്കുന്നവര്‍ ആദ്യം വിരമിക്കേണ്ടിവരും, സ്ഥിരാദ്ധ്യാപകര്‍ ഉടന്‍തന്നെ അസ്ഥിരക്കാരും താമസിയാതെ വിരമിക്കേണ്ടവരുമാകും. രാജ്യത്തിന്റെ ഏതുഭാഗത്തു ജീവിക്കുന്നവരായാലും അവര്‍ക്ക് ഒരു പൊതുപാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ ബോധനം നല്കാന് കഴിയണമെന്ന മഹത്തായ ഉദ്ദേശ്യത്തോടെ മിക്കവാറും കേന്ദ്ര ജീവനക്കാരെ ഉദ്ദേശിച്ചാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങിയത്. ക്രമേണ അത് സ്വകാര്യ മേഖലയിലേക്കും ഇപ്പോള്‍ സ്വാശ്രയ മേഖലയിലേക്കും വ്യാപിച്ചു. പാഠ്യപദ്ധതിയും പാഠ്യക്രമങ്ങളുമൊക്കെ പ്രത്യയശാസ്ത്ര, രാഷ്ട്രീയതാല്പ്പര്യങ്ങള്ക്കിരയായി ദേശീയതാല്പ്പര്യത്തെയും രാഷ്ട്രനന്മയേയും തന്നെ അപകടപ്പെടുത്തുന്നവിധത്തില്‍ അധഃപതിച്ചതായിക്കാണാം. സിബിഎസ്ഇയുടെ പാഠ്യപദ്ധതിയില്‍ സംസ്കൃതപഠനം അനിവാര്യമാക്കിയിരുന്നതില് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അചിരേണ സംസ്കൃതത്തെ തീരെ ഒഴിവാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു.
കേരളത്തിന് വളരെ സമ്പന്നമായ ഒരു സംസ്കൃത പഠന പാരമ്പര്യം ഉണ്ടായിരുന്നു. കേവലം ബ്രാഹ്മണാധിപത്യ താല്‍പ്പര്യം സംരക്ഷണമായിരുന്നു ആ പാരമ്പര്യം സംരക്ഷിച്ചുവന്നത് എന്ന ദുഷ്പ്രചരണം കരുതിക്കൂട്ടി പ്രചരിപ്പിച്ചിരുന്നു, ഇന്നും പ്രചരിക്കുന്നുണ്ട്. വൈദിക ജ്ഞാന സമ്പാദനത്തിന്റെ കാര്യത്തില്‍ അത് ഭാഗികമായി ശരിയായിരിക്കാം. എന്നാല്‍ ഭാഷ സാഹിത്യം, മറ്റു വിജ്ഞാനശാഖകള്‍ എന്നിവയില്‍ ബ്രാഹ്മണേതര സമുദായങ്ങള്‍ക്കായിരുന്നു മുന്‍കൈ എന്നത് മറന്നുകൂടാ. വൈദ്യം, ജ്യോതിഷം, വാസ്തുശാസ്ത്രം, ശില്പ്പശാസ്ത്രം, ആയോധനമുറകള്‍ എന്നിവയിലെ പഠനം ഏതാണ്ട് മുഴുവനും തന്നെ കീഴ്ജാതികളെന്ന് പറയപ്പെടുന്നവരടക്കമുള്ള അബ്രാഹ്മണരുടെ കുത്തകയായിരുന്നുവെന്നു പറയാം.
സംഘപ്രചാരകനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനിടെയുണ്ടായ പല പരിചയങ്ങളിലും അനുഭവങ്ങളിലും നിന്ന് അത് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. കണ്ണൂര്‍ ജില്ലയിലെ ആശാരി സമുദായത്തില്‍പ്പെട്ട ഒരു മുഖ്യശിക്ഷകന്റെ വീട്ടില്‍ താമസിച്ച അവസരത്തില്‍, അയാള്‍ തന്റെ അച്ഛന്റെയും അമ്മാവന്റെയും അടുത്തുനിന്ന് വാസ്തുശാസ്ത്രത്തിന്റെ ഉപരിപഠനം നേടുന്നവിവരം മനസ്സിലാക്കി കയ്യും കണക്കുമെല്ലാം തന്നെ സംസ്കൃത സൂക്തരൂപത്തിലും മലയാളത്തിലുമാണ് ഉണ്ടായിരുന്നത്. ഒട്ടേറെ സാങ്കേതിക ചിഹ്നങ്ങളും വരകളും കാണാന്‍ കഴിഞ്ഞു. ഗൃഹത്തിന്റെ കണക്കുകള്‍ മുഴുവന്‍ തയ്യാറായാല്‍ അതിന്റെ സാരാംശം ഒരു മിനുക്കിയ പലകയിലെ ഏതാനും വരകളിലേക്ക് പകര്‍ത്തിയായിരുന്നു ആശാരിമാര് ഉപയോഗിച്ചിരുന്നത്.
വടകര താലൂക്കിലെ ചിക്കോന്നുമ്മല്‍ ഗ്രാമം അരനൂറ്റാണ്ട് മുമ്പ് ആറേഴു കിലോമീറ്റര്‍ നടന്നുമാത്രം എത്താന്‍ കഴിയുന്ന സ്ഥലമായിരുന്നു. തനി നാടന്‍ കര്‍ഷക സമൂഹം. അവിടത്തെ ശാഖയില്‍ സംസ്കൃതം പഠിക്കുന്നവര്‍ ധാരാളം. കാര്യമന്വേഷിച്ചപ്പോള്‍ അടുത്ത് വട്ടോളി എന്ന സ്ഥലത്ത് സംസ്കൃത സ്കൂളുണ്ട്. ഈഴവസമുദായക്കാരാണ് അവിടുത്തെ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലുമേറെയും. അന്ന് താമസിച്ച വീട്ടിലെ ഗോപാലന് ശ്രീനാരായണഗുരു തലയില്‍ കൈവച്ചനുഗ്രഹിച്ച ഭാഗ്യവാനായിരുന്നു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം സംസ്കൃതം പഠിച്ചു. മക്കളെയും ആ പാത തുടരാന്‍ പ്രേരിപ്പിച്ചു. സംസ്കൃത പുസ്തകങ്ങള്‍ പഠിക്കുന്ന കുട്ടികളെയും അവര്‍ക്ക് പാഠങ്ങള്‍ വിവരിച്ചുകൊടുക്കുന്ന അച്ഛനേയും അവിടെ കണ്ടു. സംസ്കൃതം പഠിക്കാന്‍ കഴിയാത്തതില്‍ ജാള്യത അനുഭവിച്ച അവസരമായിരുന്നു അത്.
തൊടുപുഴയ്ക്കടുത്ത് മുട്ടം എന്ന സ്ഥലത്ത് സംസ്കൃത വിദ്യാലയമുണ്ടായിരുന്നു. മാനേജര്‍ക്ക് അത് നടത്താന്‍ പ്രയാസമായപ്പോള്‍ സര്‍ക്കാരിന് വിട്ടുകൊടുത്തു. അതോടെ സംസ്കൃതം ഗളഹസ്തം ചെയ്യപ്പെട്ടു. അങ്ങനത്തെ അനുഭവങ്ങള്‍ കേരളത്തിലുടനീളം ഉണ്ടായി. മുമ്പൊക്കെ, ബ്രിട്ടീഷ് ഭരണകാലത്ത്, ശാസ്ത്രി, വിദ്വാന്, മഹോപാദ്ധ്യായ മുതലായ ബിരുദങ്ങളാണ് സംസ്കൃതം പഠിച്ചവര്‍ക്ക് നല്കപ്പെട്ടിരുന്നത്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രി പാസ്സായ ജോസഫ്, മഹോപാധ്യായ പാസ്സായ ഡാനിയല്‍ എന്നീ അധ്യാപകര്‍ ഉണ്ടായിരുന്നു. മഹാപണ്ഡിതനായിരുന്ന വിദ്വാന് എം.കെ.ശങ്കരന് പുത്തോട്ടയായിരുന്നു സംസ്കൃതാധ്യാപകന്.
ബ്രാഹ്മണേതര സംസ്കൃതപഠന പാരമ്പര്യം കേരളത്തില്‍ സാധാരണമായിരുന്നു. പാണിനീയ പ്രദ്യോതം എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കര്‍ത്താവായിരുന്നു ഐ.സി.ചാക്കോയും ഹൈന്ദവധര്‍മസുധാകരം എന്ന മഹാഗ്രന്ഥത്തിന്റെ രചയിതാവ് റാവു സാഹിബ് ഒ.എം.ചെറിയാനും ക്രിസ്ത്യന്‍ സമുദായത്തിലെയും എം.അലിക്കുഞ്ഞു ശാസ്ത്രി മുസ്ലീം സമുദായത്തിലേയും സംസ്കൃത പാണ്ഡിത്യത്തിന്റെ ഉദാഹരണങ്ങളാണ്.
വിദേശാധിപത്യത്തിന് കീഴില്‍ സംസ്കൃതപഠനം അധഃപതിച്ചതില്‍ അസ്വഭാവികമായി ഒന്നുമില്ല. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം അതിന് സര്വതോന്മുഖമായ പ്രോത്സാഹനം കിട്ടേണ്ടതായിരുന്നു. പാശ്ചാത്യ മാതൃകയെ അന്യൂനമെന്ന് കരുതി അനുകരിക്കുന്നതില്‍ പുരോഗമനം കാണുകയും ഭാരതത്തനിമയെ പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്ത നമ്മുടെ രാഷ്ട്രീയ നേതൃത്വം അക്കാര്യത്തില്‍ അക്ഷന്തവ്യമായ വീഴ്ച വരുത്തി. സംസ്കൃതം പാടെ അവഗണിക്കപ്പെട്ടു. സംസ്കൃതം അത്യാധുനികവും മൗലികവുമായ ഗവേഷണങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് ആരായാന്‍പോലും തയ്യാറാകാത്ത നമ്മുടെ രാഷ്ട്രീയ നേതൃത്വം ആ ചിന്ത തന്നെ വര്‍ഗീയവും പിന്തിരിപ്പനും കാലഹരണപ്പെട്ടതുമാണെന്ന് ആക്ഷേപിക്കുന്നു. മൗലികമായ പഠനങ്ങളോ ഗവേഷണങ്ങളോ നടക്കാത്ത മരവിപ്പു ബാധിച്ച, നിസ്സാരകാര്യങ്ങള്‍ക്കുപോലും പാശ്ചാത്യമാതൃകകളെ പിന്തുടരുന്ന ഒരു പതിവ് നമ്മുടെ നേതൃത്വം പിന്തുടരുകയാണ്.
വിശ്വസംസ്കൃത പ്രതിഷ്ഠാന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ സംസ്കൃതത്തെ അതിന്റെ ആദരണീയമായ സ്ഥാനത്തേക്ക് കൊണ്ടുവന്നു പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ പ്രോത്സാഹനത്തിനു പകരം അതിന് സര്‍ക്കാരില്‍നിന്ന് അവഗണനയാണ് ലഭിക്കുന്നത്.
കേരളത്തില്‍ സംസ്കൃതപഠനാവസരങ്ങളെ തീര്‍ത്തും ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് ഭരണതലത്തില്‍ നടക്കുന്നതെന്നും തോന്നുന്നു. കാലടിയിലെ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള കുഴപ്പങ്ങള്‍ തുടരുകയാണല്ലൊ. അതിന്റെ തുടക്കത്തിന് തന്നെ തുരങ്കം വെച്ചവരെ ഭരണമേല്‍പ്പിച്ച അവസരമുണ്ടായി. കക്ഷി, മത, സാമുദായിക മത്സരങ്ങളാണ് പഠനഗവേഷണങ്ങളെക്കാള് കൂടുതലായി അവിടെ നടക്കുന്നതത്രേ. മറ്റനേകം ഭാഷകളില്‍ ഒന്നെന്ന സ്ഥാനമേ സംസ്കൃതത്തിന് നല്കപ്പെട്ടിട്ടുള്ളൂ എന്നാണ് പറയപ്പെടുന്നത്.
ഭാരതീയ വിദ്യാഭവന് ഭാരതീയ വിദ്യകളെ അഭിവൃദ്ധിപ്പെടുത്താന്‍ മഹാമനീഷിയായിരുന്ന ഡോ.കെ.എം.മുന്‍ഷി ആരംഭിച്ച സ്ഥാപനമായിരുന്നു. അവിടെയും സംസ്കൃതം ബഹിഷ്കൃതമാകുകയാണെന്നാണ് കേരളത്തിലെയെങ്കിലും അവസ്ഥ. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമോ?
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: