ആരാണ് ധീരനായ കമ്മ്യൂണിസ്റ്റ്…? ഇടറിയ വാക്കുകൊണ്ട് വിടപറയാന്‍ പോലും ഇഷ്ടപ്പെടാത്ത ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരനായിരുന്നോ? കമ്മ്യൂണിസത്തിന്റെ കനല്‍പ്പാതകള്‍ താണ്ടിയെന്നവകാശപ്പെടുന്ന സഖാവ് വിഎസ്സാണ്, അക്രമികളാല്‍ ശിരസ്സ് പിളര്‍ക്കപ്പെട്ട ടി.പി.യെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചത്. പക്ഷേ, ആ ധീരതകൊണ്ട് തല്ക്കാലം എന്ത് പ്രയോജനം? ജ്വലിക്കുന്ന ഓര്‍മ്മകള്‍ ഗുണം ചെയ്യില്ല എന്നല്ല, സാധാരണ നിലയില്‍ വലിയ പ്രയോജനമുണ്ടാവില്ല. എന്നാല്‍ ധീരനാവണമെങ്കില് എന്തുവേണം? കരളുറപ്പുവേണം, ചങ്കുറപ്പുവേണം. അങ്ങനെയുള്ളവര്‍ ജീവനോടെയിരിക്കുകയും കൂടി ചെയ്താലോ?
അവിടെയാണ് നമുക്ക് സഖാവ് മണിയെ പരിചയപ്പെടേണ്ടത്. ചെയ്ത കാര്യം വള്ളിപുള്ളി വിസര്‍ഗം വിട്ടുപോകാതെ നാട്ടുകാരുടെ മുമ്പില്‍ പറയാന്‍ കെല്‍പ്പുള്ള കറകളഞ്ഞ കമ്മ്യൂണിസ്റ്റാവുന്നു എം.എം. മണി. പോലീസ്- ഭരണകൂട മാഫിയകളെ മുട്ടുകാലില്‍ അടിച്ചുവീഴ്ത്താന്‍ കെല്‍പ്പുള്ള ഈ മണിയല്ലേ വാസ്തവത്തില്‍ ധീരനായ കമ്മ്യൂണിസ്റ്റ്? വര്‍ഗവഞ്ചകരെയും വലതുപക്ഷ തീവ്രവാദികളെയും വണ്‍, ടു, ത്രീ എന്ന് എണ്ണിയെണ്ണി വകവരുത്താന്‍ കഴിയുക എന്നത് നിസ്സാരകാര്യമാണോ? അതാണ് മണി ചെയ്തത്. ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് പത്തിരുപത്തിനാല് വര്‍ഷം എന്തൊക്കെ ചെയ്തുകൂട്ടി എന്നറിയണമെങ്കില്‍ മണി കുറച്ചുകൂടി മനസ്സു തുറക്കണം. ആയതിന് പാര്‍ട്ടി തമ്പുരാക്കന്മാര് സമ്മതിക്കുമോ എന്ന് കണ്ടറിയാം.
ഒരു കാര്യം വെടിപ്പായി നടപ്പാക്കുകയും അത് നാലാളുടെ മുമ്പില്‍ വിളിച്ചുപറയുകയും ചെയ്യുക എന്ന ശീലം ഇനി മണിയാശാനില്‍ നിന്ന് പാര്‍ട്ടി കണ്ടു പഠിക്കണം. ഒഞ്ചിയത്തെ സഖാവിനെ തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഇപ്പോള്‍ നമുക്കു വിശ്വസിക്കുക. കാരണം നേരത്തെ വെട്ടിക്കൊന്ന, വെടിവെച്ചുകൊന്ന, കുത്തിക്കൊന്ന വിദ്വാന്മാരെപ്പറ്റി മണി പറഞ്ഞു. ഒഞ്ചിയത്തെ ടിപിയെ കോന്നിരുന്നെങ്കില് നിശ്ചയമായും മണി അറിഞ്ഞേനെ, പറഞ്ഞേനെ. അതുകൊണ്ട് ഇനി ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് പറയേണ്ട താമസം മനസ്സിലേക്കോടി വരേണ്ട ചിത്രം നമ്മുടെ എം.എം. മണിയുടേതാണ്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു മുമ്പു തന്നെ ഉചിതമായ ഉപഹാരങ്ങള്‍ കൊടുത്ത് ആ സഖാവിനെ ആദരിക്കണം. വി.എസ്. ധീരനായ കമ്മ്യൂണിസ്റ്റായി കണ്ട ദേഹത്തെ മാറ്റി മേപ്പടി മണിയെ തല്‍സ്ഥാനത്ത് ഉയര്‍ത്തി നിര്‍ത്തുകയും വേണം.
ടി.പി. ചന്ദ്രശേഖരന്റെ നേര്‍ക്ക് വീശിയെത്തിയ വാളിന്റെ പിന്നിലെ സംസ്കാരം എന്തുതന്നെയായാലും അത് മുറിവേല്‍പ്പിച്ചത് ഒരു വലിയ സമൂഹത്തെയാണ്. അതുണ്ടാക്കിയ നടുക്കത്തിന്റെ വ്യാപ്തിയും ആഴവും അറിയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അനിതരസാധാരണമായ പ്രതിഷേധ മുന്നേറ്റങ്ങളിലൂടെയാണ്. അന്വേഷണത്തെ നിശ്ശബ്ദമാക്കാനും നിഷ്പ്രഭമാക്കാനും പോരുന്ന രാഷ്ട്രീയ പേശീബലം ആ പാര്‍ട്ടി നിരന്തരം പ്രയോഗിക്കുകയാണ്. കേസ് കേസിന്റെ വഴിക്കു പോകട്ടെ എന്നല്ല, തങ്ങളുടെ വഴിക്കു വരട്ടെ എന്നാണ് പറയുന്നത്. അതിന്റെ ലോജിക്ക് എന്തുതന്നെയായാലും അതേപോലെ അസ്വസ്ഥപ്പെടുത്തുന്നതാവുന്നു കവിക്കു നേരെ നീണ്ട ഒരു പത്രാധിപരുടെ വാള്.
കൃതഹസ്തനായ കവിയാണ് പ്രഭാവര്‍മ്മ. കാവ്യപാരമ്പര്യത്തിന്റെ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. (ആര്‍ക്കാണ് ഇല്ലാത്തത്) പക്ഷേ, കവിതയുടെ ഛന്ദസ്സിലേക്ക് അപൂര്‍വമായേ ആ രാഷ്ട്രീയം കയറി വരാറുള്ളൂ. അത് അത്തരം സംസ്കാരം ദ്യോതിപ്പിക്കുന്ന വേളയില്‍ മാത്രമാണുതാനും. ജോലി ദേശാഭിമാനിയിലാവുമ്പോള് ലേഖനത്തില്‍ ഇടത് ചായ്വും ഇടതു ശരിയും വന്നില്ലെങ്കില്‍ ആ പത്രത്തില്‍ പണിയെടുക്കാന്‍ അദ്ദേഹം യോഗ്യനല്ലതന്നെ. എന്നാല്‍ കവിതയിലേക്കു വരുമ്പോള്‍ അദ്ദേഹത്തിന്റ കാവ്യസ്വാതന്ത്ര്യം മറ്റൊരു മാനം തേടുകയാണ്. ഈ ദ്വന്ദാത്മകതയിലെ സ്വത്വം മനസ്സിലാവാതെ പോവുമ്പോള്‍ ചിലര്‍ വാളെടുക്കും. അങ്ങനെയൊരു വാള്‍വീശലില്‍ പ്രഭാവര്‍മ്മയുടെ ശ്യാമമാധവം എന്ന കാവ്യം കബന്ധമായിരിക്കുകയാണ്. മലയാളം വാരികയില്‍ ഖണ്ഡശ്ശപ്രസിദ്ധീകരിച്ചു വരുന്ന കാവ്യത്തിന്റെ ഇനിയുള്ള ഭാഗങ്ങള്‍ കൊടുക്കില്ലെന്നത്രേ പത്രാധിപരുടെ നിലപാട്.
അതിന്റെ ന്യായീകരണമിങ്ങനെ: ടി.പി. ചന്ദ്രശേഖരന് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രതീകമായിരുന്നു. സ്വേച്ഛാധാര്ഷ്ട്യത്തിന്റെ നേരെ വിരല്‍ ചൂണ്ടുന്ന പ്രതീകം. അന്‍പത്തിയൊന്ന് വെട്ടുകള്‍ കൊണ്ടു നുറുക്കി ഒരു മനുഷ്യന്റെ ജീവന് അപഹരിച്ചവരെ ‘വാക്കിന്റെ സദാചാരം’ കൊണ്ട് ന്യായീകരിക്കുന്നതില്‍പ്പരം നിന്ദ്യവും ഹീനവുമായ ഒരു കൃത്യമില്ലെന്ന വിചാരക്കാരനാണ് ഞാന്‍. ‘ദേശാഭിമാനി’ ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ അതു ചെയ്തുകൊണ്ടിരിക്കുന്നു…. മൃഗീയമായ ആ കൊലപാതകത്തില്‍ എന്നെപ്പോലെയുള്ളവര്‍ ഹൃദയം നൊന്തു ജീവിക്കുമ്പോള്‍, അതിനെ നിസ്സാരവല്ക്കരിക്കാന് പരിശ്രമിക്കുന്ന പ്രഭാവര്‍മയോട് പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒരു വഴി ഇതു മാത്രമാണ്. ഞാന്‍ പത്രാധിപരായ ‘സമകാലിക മലയാള’ത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രഭാവര്‍മയുടെ ‘ശ്യാമമാധവം’ ഈ ലക്കത്തോടെ നിറുത്തിവയ്ക്കുക. വള്ളിക്കാട്ട് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതിന് എത്രയോ മാസങ്ങള്‍ക്കുമുമ്പ് എഴുതിയ കവിതയും കൊലപാതകവും തമ്മില്‍ എന്ത് ബന്ധം. അന്ന് ടി.പി.യുടെ ശിരസ്സിലേക്കു മാത്രമാണ് വടിവാള്‍ വീശപ്പെട്ടതെങ്കില് മലയാളം പത്രാധിപരുടെ വാള്‍വീശലില്‍ എത്രയെത്ര കാവ്യാസ്വാദകരുടെ തലച്ചോറാണ് ചിതറിത്തെറിച്ചിരിക്കുന്നത്. രാഷ്ട്രീയം ആവാം പത്രാധിപരേ, അത് ആഘോഷത്തിന്റെ നെറ്റിപ്പട്ടം കെട്ടിക്കൊണ്ടാകരുത്. പക്വതയുള്ളവര്‍ക്ക് മേപ്പടി സ്ഥാനം കൊടുത്തില്ലെങ്കില്‍ പറ്റുന്ന അബദ്ധമാണിതെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ വാരികതന്നെ ഇനി നിര്‍ത്തിക്കളയുമോ?
“ഇല്ലെനിക്കൊന്നിനുമുത്തരം; ആകയാല്‍
എന്നോടു തന്നെ ഞാന്‍ ചോദിക്കയാ,ണിന്നി-
തൊക്കെയും; ഉത്തരം ഉണ്ടായിരുന്നെങ്കി-
ലുണ്ടാകുമായിരുന്നില്ല ചോദ്യങ്ങളും”
എന്ന് ശ്യാമമാധവത്തിന്റെ (മലയാളം പ്രസിദ്ധീകരണം നിറുത്തിയ ഭാഗം) അവസാനത്തില്‍ കവി സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് ഉത്തരം ഇല്ലാത്തതിനാല്‍ ചോദ്യങ്ങളും ഉണ്ടാവും. ആ ചോദ്യങ്ങള്‍ക്കുവേണ്ടി ഉത്തരങ്ങള്‍ തേടുമ്പോള്‍ തലവെട്ടിപ്പിളര്ക്കലും കുത്തിച്ചതയ്ക്കലും, മര്ദ്ദിച്ചോടിക്കലും നിരന്തരം ഉണ്ടാവും. കവിത്വത്തെ രാഷ്ട്രീയനൃശംസതയാര്ന്ന വേലി കെട്ടിത്തിരിച്ച് ഇ.കെ.47 തോക്കുമായി പത്രാധിപന്മാര് നില്‍ക്കരുത്. കവിത, കവിതയുടെ വഴിക്കു പോകട്ടെ; ലേഖനം അങ്ങനെയും.
രാഷ്ട്രീയത്തില്‍ വളരെ പെട്ടെന്നു തന്നെ പകരക്കാര്‍ ഉണ്ടാകുന്നു. ഇടുക്കിയിലെ എം.എം. മണി പാര്ട്ടിപ്പണിമൂലം ഒളിവില്‍ പോകേണ്ട ഗതികേടിലായി. മേപ്പടി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ പരമയോഗ്യനായി ഒരു പുമാന് ഇതാ കോഴിക്കോട്ടുനിന്ന്. പേര് എളമരം കരീം. ഒടുവില്‍ കെടുമരമാവുമോ എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ സന്ദേഹിക്കുന്നത്. ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷമുള്ള സിപിഎമ്മിന്റെ ഇളകിയാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മേപ്പടി മൂത്താശാനാണ്. മണിയന്കളരിച്ചിട്ട പഠിച്ച ഏറെ ഘടാഘടിയന്മാര് പാര്‍ട്ടിക്കുള്ളിലുണ്ടെങ്കിലും പ്രചാരണരംഗത്ത് എളമരത്തോളം വരില്ല പടുമരങ്ങള്‍.
പത്രപ്രവര്‍ത്തനത്തിന്റെ ചൂടും ചൂരും നിറഞ്ഞ നിറസാന്നിധ്യമാണ് ജേക്കബ് സാര്‍. എന്നു വെച്ചാല്‍ ഇരവിപേരൂര്‍ ശങ്കരമംഗലത്ത് തൈപ്പറമ്പില്‍ തോമസ് ജേക്കബ്. മലയാള മനോരമയുടെ ശക്തിയുറ്റ ഒരു സ്തംഭം. പത്രപ്രവര്‍ത്തനത്തിന്റെ അവസാന വാക്കെന്നു പറഞ്ഞാലും വിശേഷണം പോരാതെ വരുന്ന ബഹുമാന്യ പത്രാധിപര്‍. അര നൂറ്റാണ്ട് തികയുന്ന ധന്യമായ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നു മാധ്യമം ആഴ്ചപ്പതിപ്പി(ജൂണ്‍ 4)ല്‍ കെ.പി. റജി. അദ്ദേഹവുമായി റജി നടത്തുന്ന ദീര്‍ഘസംഭാഷണം അവസാനിച്ചിട്ടില്ല. പത്രപ്രവര്‍ത്തനത്തിലെ ഇന്നത്തെ സൗകര്യങ്ങളും സാധ്യതകളും ഇല്ലാതിരുന്ന കാലത്ത് എങ്ങനെയായിരുന്നു ഇന്നത്തെക്കാള്‍ ഭംഗിയായി ആ കാര്യം നിര്‍വഹിച്ചു പോന്നിരുന്നത് എന്നറിയുന്നത് കൗതുകകരമാണ്.
ഈ മേഖലയിലേക്ക് കാലെടുത്തുവെക്കാന്‍ തുനിയുന്നവരും, വെച്ചവരും വള്ളിപുള്ളി വിടാതെ വായിക്കേണ്ടതാണ് ഇത്. ജാടയറിയാത്ത തോമസ് ജേക്കബ് എവിടെ നില്ക്കുന്നു ജാടയില്‍ മാത്രം ജീവിക്കുന്ന അധുനാധുന പത്രാധിപ കേമന്മാര് എവിടെ നില്ക്കുന്നു എന്നു കൂടി നമുക്കു വളരെ വ്യക്തമായി മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കും. ഏതായാലും വേറിട്ട വായനയുടെ വാതായനം തുറക്കാന്‍ മാധ്യമം കാണിച്ച താല്‍പ്പര്യത്തെ അഭിനന്ദിക്കാതെവയ്യ.
തൊട്ടുകൂട്ടാന്‍
ആരോ എന്റെ പേര് വിളിച്ചു
തിരിഞ്ഞു നോക്കിയപ്പോള്‍ വേറെ ഒരാള്‍
ചെന്നപ്പോള്‍
എന്നെപ്പോലെ തന്നെ മറ്റൊരാള്‍
വിളിച്ചത് ഒരാള്‍
വിളി കേട്ടത് ഞാന്‍
ചെന്നത് മറ്റൊരു ഞാന്‍
വിളിക്കാത്ത ഒരാളുടെ അടുത്ത്
രോഷ്ണി സ്വപ്ന
കവിത: ചുരുക്കം
മാതൃകാന്വേഷി മാസിക, ചെന്നൈ (മെയ്)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: