നെയ്യാറ്റിന്‍കരയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുകയാണല്ലോ. ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ച ഈ തെരഞ്ഞെടുപ്പില്‍ 15 സ്ഥാനാര്‍ത്ഥികളുണ്ട്. അതില്‍ മുഖ്യമായത് ബിജെപിയുടെ ഒ.രാജഗോപാലും ഇടതുമുന്നണിയുടെ ലോറന്‍സും ഐക്യമുന്നണിയുടെ ശെല്‍വരാജുമാണ്. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സമീപിച്ചപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞ പരാതികളില്‍ മുഖ്യമായതാണ് കുടിവെള്ളമില്ലായ്മ. ഇടതു- വലതു മുന്നണി സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇതിന് മറുപടി നല്കാന് കഴിയാതെ നന്നായി വിയര്‍ത്തു. സ്വാതന്ത്ര്യത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലം പാലാ പോലെയോ പുതുപ്പള്ളി പോലെയോ അല്ല. മുന്നണി സ്ഥാനാര്‍ത്ഥികളെ മാറിമാറി ജയിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സുകാരനും കമ്യൂണിസ്റ്റുകാരനും ജനതാദള്‍ കാരനുമെല്ലാം. എന്നിട്ടും ജനങ്ങളുടെ മുഖ്യപ്രശ്നമായ കുടിവെള്ളക്കാര്യത്തിന് ചെറിയൊരു ശ്രമംപോലും നടന്നില്ലെന്നറിയുമ്പോള് എങ്ങനെ വിയര്‍ക്കാതിരിക്കും. പലകുറി മത്സരിച്ചിട്ടും ഒരിക്കല്‍പ്പോലും ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധവും പലരിലും പ്രകടമാകുന്നതും കണ്ടു.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണത്രെ. സസ്യശ്യാമള കോമളമാണെന്ന വിശേഷണം കേരളത്തിന് പണ്ടേ ഉള്ളതുമാണ്. സമൃദ്ധമായ മഴയും 44 നദികളും കുളങ്ങളും കായലുകളും നീണ്ട കടലോരവും തന്നെയാണ് സസ്യശ്യാമള കോളമായ സ്ഥലമായി കേരളത്തെ മാറ്റിയത്. അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതുതന്നെയാണ് നെയ്യാറ്റിന്‍കരയിലടക്കം കുടിവെള്ളമില്ലാപ്പാട്ട് കേള്‍ക്കേണ്ടിവരുന്നത്. മണ്ഡലത്തിന് പേരുവീണത് തന്നെ നെയ്യാറിന്റെ കരയിലുള്ള പ്രദേശമായതുകൊണ്ടാണ്. നദീതടങ്ങള്‍ സംസ്കാരങ്ങളുടെ വിളനിലമാണല്ലോ. പരിവര്‍ത്തനങ്ങളുടെ പടഹധ്വനികള്‍ പലതും മുഴങ്ങിയതും നദീതടങ്ങളിലാണ്. നെയ്യാറിനും പറയാനുണ്ട് പരിവര്‍ത്തനത്തിന്റെ ചരിത്രം. നവോത്ഥാനത്തിന്റെ ഗാഥ. അറിയാല്ലോ, ഏതാനും ദശാബ്ദങ്ങള്‍ക്കു മുമ്പുവരെ കേരളത്തില്‍ നടമാടിയ അനാചാരങ്ങളും അത്യാചാരങ്ങളും. “കേരളം ഒരു ഭ്രാന്താലയം” എന്ന് സ്വാമി വിവേകാനന്ദനെക്കൊണ്ട് പറയിച്ചത് അയിത്താചരണമായിരുന്നു. അമ്പലങ്ങള്‍ സവര്ണര്ക്കുമാത്രം അര്‍ഹതപ്പെട്ടത്. അതിന്റെ നാലയലത്തുപോലും അവര്‍ണര്‍ക്ക് സഞ്ചരിച്ചുകൂടാ. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയില് പെടുന്നതുപോലും തെറ്റും കുറ്റവും.
‘നരന് നരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും
നരകമിവടമാണു ഹന്ത! കഷ്ടം!
ഹര! ഹര! യിങ്ങനെ വല്ലനാടുമുണ്ടോ’- മഹാകവി കുമാരനാശാനുപോലും ഇങ്ങനെ ചോദിക്കേണ്ട സാഹചര്യമാണ് അന്നുണ്ടായിരുന്നത്. അയിത്തം, അത് എല്ലാ സമുദായത്തിനും ക്ലേശമേ ഉണ്ടാക്കിയിട്ടുള്ളു. എന്നിട്ടും അത് മുറുകെ പിടിക്കാന്‍ എല്ലാവര്ക്കും താല്പര്യമായിരുന്നു. ആട്ടി അകറ്റുന്നവനും അകറ്റപ്പെടുന്നവനും ഒരുപോലെ സംതൃപ്തി അനുഭവപ്പെടുന്ന മാനസികാവസ്ഥ ശക്തമായി നിലനില്‍ക്കുമ്പോഴാണ് ശ്രീനാരായണ ഗുരുദേവന് ഒരു നിശ്ശബ്ദ വിപ്ലവത്തിന് തുടക്കം കുറിച്ചത്. അത് നെയ്യാറിന് തീരത്ത് അരുവിപ്പുറത്താണ്. അരുവിയില്‍ നിന്ന് മുങ്ങിയെടുത്ത ശില ശിവലിംഗമാക്കി പ്രതിഷ്ഠിച്ച് അവിടെ പൂജയും തുടങ്ങി. അന്ന് പ്രതിഷ്ഠാകര്‍മ്മം ബ്രാഹ്മണര്‍ക്കുമാത്രം അവകാശപ്പെട്ടതായിരുന്നുവല്ലോ. അത് ദൈവകല്പിതമെന്നും വിശ്വസിച്ചുപോന്നു. ശ്രീനാരായണ ഗുരുദേവന് ശിവലിംഗ പ്രതിഷ്ഠ നടത്തിയതില്‍ അതിശയവും അമ്പരപ്പും അമര്‍ഷവും വേണ്ടുവോളമുണ്ടായി. അവരുമായി ശണ്ഠകൂടാന്‍ നില്‍ക്കാതെ ഗുരുദേവന് “നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന” സൗമ്യമായ പ്രതികരണത്തില്‍ അമര്‍ഷങ്ങള്‍ അലിഞ്ഞുപോയി. ഒന്നിനെയും പരസ്യമായി എതിര്‍ക്കാതെ, എന്നാല്‍ അന്ന് മൂഢന്മാര് അനുഷ്ഠിച്ചുപോന്ന അനാചാരങ്ങളെ കീഴ്മേല്‍ മറിക്കുന്ന പ്രക്രിയ ഗുരുദേവന് ആരംഭിച്ചതാണ് ഇന്ന് കാണുന്ന പരിവര്‍ത്തനത്തിന് നാന്ദിയായത്. ആ അരുവിപ്പുറത്തിന് ഏറെ അകലെയല്ല നെയ്യാറ്റിന്‍കര. ഏറിയാല്‍ മൂന്ന് മൂന്നര കിലോമീറ്റര്‍. അഗസ്ത്യ പര്‍വ്വത നിരയില്‍ നിന്ന് ആരംഭിച്ച് 56 കിലോമീറ്റര്‍ ഒഴുകിത്തീരുന്ന നെയ്യാറിന്റെ തീരത്താണ് നെയ്യാറ്റിന്‍കര. ഈ ഉപതെരഞ്ഞെടുപ്പ് ഒരു നിമിത്തമായിരിക്കാം. കേരള രാഷ്ട്രീയത്തിലെ അയിത്തത്തിനും അനാചാരത്തിനും അശ്ലീലങ്ങള്‍ക്കും അറുതിവരുത്താനുള്ള നിമിത്തം.
കേരള രാഷ്ട്രീയം ചക്കുകാളകളെപ്പോലെ മുന്നണികളുടെ കുറ്റിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് നാല് പതിറ്റാണ്ടായി ഇത് തുടരുന്നു. ഒരടിപോലും മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിയുന്നില്ല. ‘പട്ടിപുല്ല് തിന്നുകയുമില്ല, പശുവിനെ ഒട്ട് തിന്നാനും വിടില്ല’- മുന്നണികളുടെ പെരുമാറ്റം അങ്ങനെയാണ്. അതിനെ മറികടക്കാന്‍ ജനങ്ങളെ അനുവദിക്കാറുമില്ല. ഒരു പരീക്ഷണത്തിനായി ഏതെങ്കിലും പ്രദേശത്തെ ജനങ്ങള്‍ മുന്നോട്ടുവരുമ്പോള്‍ ഇന്നലെ വരെ കീരിയും പാമ്പുമായി നടന്നവര്‍ വൈരം മറക്കും. അവരൊന്നാകും. ഒരു വര്‍ഷം മുമ്പ് നേമം മണ്ഡലത്തില്‍ കണ്ടത് അതാണ്. അവിടെ ഒ.രാജഗോപാലിനെ ജയിപ്പിക്കാന്‍ ജനങ്ങള്‍ മനസ്സുവച്ചപ്പോള്‍ കോണ്ഗ്രസ്സുകാര് കമ്യൂണിസ്റ്റുകാരന് വോട്ട് മറിച്ചുനല്‍കുന്ന സ്ഥിതിവന്നു. മകന് ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീരുകണ്ടാല്‍ മതി അവര്‍ക്ക്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൂന്നാംസ്ഥാനത്തേക്ക് ചവിട്ടിത്താഴ്ത്തി കമ്മ്യൂണിസ്റ്റുകാരനെ ഒന്നാംസ്ഥാനത്തെത്തിച്ചവരാണ് കോണ്ഗ്രസ്സുകാര്. അതുകൊണ്ട് മാത്രം നേമത്ത് രാജഗോപാല്‍ രണ്ടാംസ്ഥാനത്തായി. കാസര്‍ഗോട്ടും മഞ്ചേശ്വരത്തും അത് പലകുറി ആവര്‍ത്തിച്ചിരുന്നു. കേരള നിയമസഭയില്‍ ബിജെപി ജയിച്ചുകയറാന്‍ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യമാണവര്‍ക്ക്. തികച്ചും ജനാധിപത്യവിരുദ്ധമായ ധിക്കാരം. ബിജെപിയെ തൊടാന്‍ പറ്റില്ല. തൊട്ടവനെപ്പോലും തൊട്ടുകൂട. പണ്ടത്തെ ജാതിക്കോമരങ്ങള്‍ ഇന്ന് രാഷ്ട്രീയത്തില്‍ കുടിയേറി താമസമുറപ്പിച്ചിരിക്കുന്നു. അതിനെ അടിച്ചിറക്കാന്‍ കിട്ടിയ അവസരമാണ് നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പ്.
ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് ബിജെപിക്കാരന് അയിത്തമില്ല. ബിജെപിക്കാരന് നിര്‍ദ്ദേശിക്കുന്നവര്‍ക്കും തൊട്ടുകൂടായ്മയില്ല. പരമോന്നത പദവിയാണല്ലോ രാഷ്ട്രപതി. ബിജെപി നിര്‍ദ്ദേശിച്ച ഡോ.എ.പി.ജെ.അബ്ദുല്‍കലാം രാഷ്ട്രപതിയായി. രാഷ്ട്രീയ സ്വയംസേവക സംഘം എന്റെ പെറ്റമ്മയാണെന്നതില് അഭിമാനംകൊണ്ടിരുന്ന ഭൈറോണ്‍സിംഗ് ഷെഖാവത്ത് ഉപരാഷ്ട്രപതിയായി. എന്റെ എല്ലാ നല്ലഗുണങ്ങളും ആര്‍എസ്എസില്‍ നിന്നും ലഭിച്ചതാണെന്ന് ആവേശപൂര്‍വ്വം പറയുമായിരുന്ന ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയി മൂന്നുതവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണം ഒന്നാന്തരമെന്ന് ഇന്ത്യന്‍ ജനതമാത്രമല്ല, ലോകമാസകലം അംഗീകരിക്കപ്പെട്ടു. എല്‍.കെ.അദ്വാനി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ നേതൃസ്ഥാനം ബിജെപിക്കാണ്. രണ്ടു ഡസനിലേറെ കേന്ദ്ര കാബിനറ്റ് മന്ത്രിമാരുണ്ടായിരുന്ന പാര്‍ട്ടിയാണ് ബിജെപി. ഇന്ന് ഒന്‍പത് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ഉണ്ട്. അത്രതന്നെ പ്രതിപക്ഷ നേതാക്കള്‍. അര ഡസനിലധികം സംസ്ഥാന ഗവര്‍ണര്‍മാരെ സംഭാവന ചെയ്ത പാര്‍ട്ടിയാണ് ബിജെപി. മറ്റൊരിടത്തുമില്ലാത്ത അയിത്താചരണമാണ് കേരള രാഷ്ട്രീയത്തില്‍ ബിജെപിയോട് മുന്നണികള്‍ കാട്ടുന്നത്. ഇതിനൊരു മറുപടി നല്കാന് നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ക്ക് അവസരം ലഭിച്ചിരിക്കുന്നു. അതിന് എന്തുകൊണ്ടും യോഗ്യനും അര്‍ഹനുമായ സ്ഥാനാര്‍ത്ഥിയെതന്നെ ബിജെപി നെയ്യാറ്റിന്‍കരയ്ക്ക് നല്കിയിരിക്കുന്നു. ഒ.രാജഗോപാല്‍.
രാജഗോപാലിനിത് ആദ്യത്തെ തെരഞ്ഞെടുപ്പല്ല. ഒരു തെരഞ്ഞെടുപ്പിലും എനിക്ക് മത്സരിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രസ്ഥാനം നിര്‍ദ്ദേശിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തപ്പോള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കേരളീയര്‍ക്ക് ഒരിക്കല്‍പ്പോലും അദ്ദേഹത്തെ ജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഒരുതവണകൂടി തോറ്റു എന്നുവച്ച് ഒ.രാജഗോപാലിന്റെ സ്ഥാനത്തിനോ വലിപ്പത്തിനോ ഒരു കോട്ടവും സംഭവിക്കുന്നില്ല. സാധാരണ തെരഞ്ഞെടുപ്പുപോലെ ഇതും കടന്നുപോകും. എന്നാല്‍ അദ്ദേഹം ഇത്തവണ ജയിച്ചാല്‍ അത് ചരിത്രസംഭവമാകും. നെയ്യാറിന്തീരത്തെ അരുവിപ്പുറം പോലെ നെയ്യാറ്റിന്‍കരയുടെ ഖ്യാതി പശ്ചിമഘട്ടവും കടന്ന് നാടാകെ പരക്കും. നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക് അത് അഭിമാനത്തിന്റെ മുഹൂര്‍ത്തമാവും. മലീമസമായ കേരളരാഷ്ട്രീയത്തിന് ഗുണപരമായ പരിവര്‍ത്തനത്തിന് ആരംഭം കുറിക്കും. രാജഗോപാലിന്റെ വിജയം ഒരു നാടിന്റെ, ഒരു രാജ്യത്തിന്റെ മൊത്തം ചിത്രവും ചരിത്രവും മാറ്റിമറിക്കും.
അതിനുള്ള അവസരമായി ഈ ഉപതെരഞ്ഞെടുപ്പിനെ മാറ്റുമെന്നാശിക്കാം. പലര്‍ക്കും വോട്ടുനല്‍കി ഒരിക്കല്‍പ്പോലും ജയിക്കാന്‍ കഴിയാതെ പോയ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ ഇക്കുറി സ്വയം ജയിക്കാന്‍ ഒ.രാജഗോപാലിന് വോട്ടുചെയ്യുവാന്‍ തയ്യാറായിരിക്കുന്നു. അതിനായി രാജഗോപാല്‍ നടത്തിയ പ്രയത്നങ്ങള്‍ പാഴാകില്ല. അദ്ദേഹം ജയിച്ചാല്‍ വോട്ടര്‍മാര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടിയും വരില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: