പത്തനംതിട്ട: വിനോദസഞ്ചാര മേഖലയില്‍ ജില്ലയ്ക്ക് ഏറെ നേട്ടം കൊയ്യാമായിരുന്ന ഗവി പെരിയാര്‍ കടുവാസംരക്ഷണ മേഖലയില്‍ ഉള്‍പ്പെടുത്തിയതോടെ വനസൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികള്‍ക്കായി പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വനംവകുപ്പ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി മൂഴിയാര്‍, ആനത്തോട്, കക്കി, പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിനോദസഞ്ചാര വികസനത്തിനുള്ള പദ്ധതികളും വനംവകുപ്പ് തയ്യാറാക്കുന്നുണ്ട്.
ലോക വിനോദ ഭൂപടത്തില്‍ സ്ഥാനംപിടിച്ച ഗവിയും പരിസര പ്രദേശങ്ങളും പെരിയാര്‍ കടുവാസംരക്ഷണ പദ്ധതിപ്രദേശമാക്കിയതോടെ ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ കടന്നുവരവിന് നിയന്ത്രണങ്ങളും വനംവകുപ്പ് ഏര്‍പ്പെടുത്തി. വനംവകുപ്പിന്റെ ഈ നിയന്ത്രണങ്ങള്‍ വിനോദസഞ്ചാരികളെ ഏറെ വലയ്ക്കുകയും പലപ്പോഴും വനപാലകരും വിനോദ സഞ്ചാരികളുമായുള്ള കലഹത്തിലും കയ്യാങ്കളിയിലും ചെന്നെത്തുകയുമുണ്ടാകുന്നു. ഗവിയിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ബോട്ടിംഗടക്കമുള്ള വിനോദോപാധികളുമായി പുതിയ സ്ഥലത്തേക്ക് ആകര്‍ഷിക്കാനാണ് വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നത്. റാന്നി ഡി.എഫ്.ഒ ആര്.കമലാധര് രണ്ടുകോടി രൂപയുടെ പുതിയ പ്രോജക്ട് ഇതിനായിവനംവകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
മൂഴിയാര്‍, ആനത്തോട്, കക്കി എന്നീ പ്രദേശങ്ങള്‍ വിനോദ സഞ്ചാരമേഖലയാക്കി രൂപപ്പെടുത്തുന്നതോടെ ഗവിയിലേക്കുള്ള വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാകും എന്നാണ് കരുതുന്നത്. കക്കിഡാമില് വിനോദ സഞ്ചാരികള്‍ക്ക് ബോട്ടിംഗിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക, പ്രകൃതിയുടെ സൗന്ദര്യം നുകരാനുതകുന്നവിധമുള്ള കുടിലുകളും മറ്റും ഒരുക്കുക, വനത്തിനുള്ളില്‍ ഏറുമാടങ്ങള്‍ തയ്യാറാക്കുക, തുടങ്ങിയ പദ്ധതികളും മുന്നോട്ട് വയ്ക്കുന്നു. ഇതിന് പുറമേ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വനവിഭവങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കത്തക്കവിധമുള്ള സ്റ്റാളുകളും തുടങ്ങാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: