ന്യൂദല്‍ഹി: തന്റെ അഭാവത്തില്‍ ബിജെഡിയിലുണ്ടായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് പാര്‍ട്ടി നേതാവും ഒറീസ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്ക്. ബിജെഡി പിളര്‍പ്പിലേക്കെന്ന റിപ്പോര്‍ട്ടിനോട് ദല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ഒരു പാര്‍ലമെന്റംഗം സര്‍ക്കാരിനെ തകര്‍ക്കാനും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനും ശ്രമിച്ചതായി പട്നായിക്ക് പറഞ്ഞു. ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വറിലെത്തി പാര്‍ട്ടി നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും ഒറീസ മുഖ്യമന്ത്രി വ്യക്തമാക്കി.
നവീന്‍ പട്നായിക്കിന്റെ ലണ്ടന്‍ സന്ദര്‍ശനവേളയില്‍ പ്യാരി മോഹന്‍ മഹോപാധ്യായ എംപിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എംഎല് എമാര്‍ യോഗം ചേര്‍ന്നിരുന്നു. ബിജെഡിയില്‍ പിളര്‍പ്പ് രൂക്ഷമായ സാഹചര്യത്തിലാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് മന്ത്രിമാരുള്‍പ്പെടെ 21 എംഎല്‍എമാര്‍ പ്യാരിമോഹന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തന്നില്‍ നിന്ന് പട്നായിക്കിന് ഭീഷണിയില്ലെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം സുരക്ഷിതനാണെന്നും പ്യാരി മോഹന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി നവീന്‍ പട്നായ്ക്ക് നിയമസഭ പിരിച്ചു വിട്ട് ജനവിധി തേടണമെന്ന് എന്‍സിപി അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും പാര്ട്ടിക്കുമുണ്ടാകുന്ന പ്രതിസന്ധി നിയമപരമായും ഭരണപരമായും നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടെതന്നും എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതിയംഗം അരുണ്‍ ഡേ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: