അലഹബാദ്: ആരുഷി-ഹേമരാജ് ഇരട്ടകൊലക്കേസിലെ പ്രതി ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി. നേരത്തെ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
വിചാരണകോടതിയില്‍ കീഴടങ്ങാനും പിന്നീട് ജാമ്യാപേക്ഷ നല്‍കാനുമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍ വിചാരണകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും തള്ളിയതിനെ തുടര്‍ന്നാണ് നൂപുര്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ കഴിഞ്ഞ ആഴ്ച വിചാരണക്കോടതി നൂപുര്‍ തല്‍വാറിനും ഭര്‍ത്താവ് രാജേഷ് തല്വാറിനുമെതിരേ കൊലക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
മകളായ ആരുഷിയെയും വീട്ടുവേലക്കാരനായിരുന്ന ഹേംരാജിനെയും കൊലപ്പെടുത്തിയെന്നും തെളിവു നശിപ്പിച്ചുവെന്നുമാണ് ഇരുവര്‍ക്കുമെതിരായ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതിനും ഇരുവര്‍ക്കുമെതിരേ ഐപിസി 203/34 വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്‍ കേസില്‍ നൂപുര്‍ തല്വാറിനെതിരേ നേരിട്ട് തെളിവുകള്‍ ഇല്ലെന്നായിരുന്നു ജാമ്യാപേക്ഷയില്‍ ഇവരുടെ വാദം. ഇവര്‍ നാലു പേരായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നതെന്നും അഞ്ചാമതൊരാള് അവിടെയെത്തിയതിന് തെളിവില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.
ആരുഷിയുടെയും ഹേംരാജിന്റെയും പരിക്കുകള്‍ ഒരേ തരത്തല് ഉള്ളതാണെന്നും വീട്ടില്‍ നിന്ന് കണ്ടെടുത്ത ഗോള്‍ഫ് സ്റ്റിക്ക് കൊണ്ടാണ് ഇരുവരെയും തല്ലി പരിക്കേല്‍പിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നുമാണ് സിബിഐയുടെ വാദം. 2008 മെയ് 16 നാണ് ആരുഷി കൊല്ലപ്പെട്ടത്. ഒരു ദിവസത്തിന് ശേഷമാണ് ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: