നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ഇനി രണ്ട് നാള് കൂടി മാത്രം. സമീപകാല രാഷ്ട്രീയത്തില്‍, ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ഇതിന് മുമ്പ് ലഭിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയിലെ വിധിയെഴുത്ത് സംസ്ഥാന രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ നിര്‍ണായകമാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമെന്ന് വിശേഷിപ്പിക്കുന്നത് അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കും എന്നതുകൊണ്ടല്ല. അങ്ങനെ പറയാമായിരുന്നത് ഒരു പരിധിവരെ പിറവം ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ചായിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിര്‍ണയിക്കപ്പെടുന്നത് ഒരു മന്ത്രിസഭയുടെ ഭാവിയോ ഭാഗധേയമോ അല്ല. മറിച്ച് കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയത്തിന്റെ തന്നെ ഭാവിയുടെ താക്കോല്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലെ സമ്മതിദായകരുടെ കൈകളിലാണ്. അതുകൊണ്ടാണ് കേരളമാകെയും കേരളത്തില്‍ താല്‍പ്പര്യമുള്ള കേരളത്തിന് പുറത്തുള്ളവരൊട്ടാകെയും നെയ്യാറ്റിന്‍കരയിലേക്ക് ഉറ്റുനോക്കുന്നത്.
ഇടത് വലത് മുന്നണികളെ സംബന്ധിച്ചിടത്തോളം, ആ മുന്നണികളെ നയിക്കുന്ന സിപിഎം, കോണ്‍ഗ്രസ് എന്നീ കക്ഷികളെ സംബന്ധിച്ചിടത്തോളം, നെയ്യാറ്റിന്‍കരയിലേത് രാഷ്ട്രീയ നിലനിലനില്പ്പിനുവേണ്ടിയുള്ള പോരാട്ടം തന്നെയാണ്. അതിന് കാരണമായത് അവിടെ ഓര്‍ക്കാപ്പുറത്ത് ഒരു ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിത്തീര്‍ത്ത സാഹചര്യം കൂടിയാണ്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുവര്‍ഷംപോലും പിന്നിടുന്നതിന് മുമ്പ് നെയ്യാറ്റിന്‍കര നിവാസികളുടെ മേല്‍ വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കപ്പെടുകയായിരുന്നു. ഉണ്ടിരുന്ന നായര്‍ക്ക് ഒരു ഉള്‍വിളിയെന്ന പോലെയാണ് സിപിഐം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ച ശെല്‍വരാജിന് നിയമസഭാംഗത്വം രാജിവയ്ക്കാനും പാര്‍ട്ടി വിടാനും പെട്ടെന്നൊരു സുപ്രഭാതത്തില്‍ തോന്നിയത്.
കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് ഭേദം എന്നാദ്യം പ്രഖ്യാപിച്ച ശെല്‍വരാജ് ആ പ്രഖ്യാപനം അച്ചടിച്ചു വന്ന പത്രക്കടലാസുകളിലെ മഷി ഉണങ്ങുന്നതിനുമുമ്പ് തന്നെ കോണ്‍ഗ്രസ് നയിക്കുന്ന ഭരണമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ വീണ്ടും ജനവിധി തേടുന്ന അസംബന്ധ നാടകമാണ് നെയ്യാറ്റിന്‍കരക്കാര്‍ കണ്ടത്. മറുപക്ഷത്ത് കേരളാ കോണ്‍ഗ്രസില്‍നിന്ന് സിപിഎമ്മില്‍ ചേക്കേറിയ ലോറന്‍സ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായും വേഷമിടുന്നു. ഉത്തരേന്ത്യ പണ്ടേ ഉപേക്ഷിച്ച ‘ആയാറാം ഗയാറാം’ രാഷ്ട്രീയം പ്രബുദ്ധതയ്ക്ക് പേര് കേട്ട കേരളത്തില്‍, നെയ്യാറ്റിന്‍കരയില്‍ പരീക്ഷിച്ചു നോക്കുകയാണ് ഇരുമുന്നണികളും. ഇവര്‍ക്കിടയിലാണ് സംസ്ഥാനത്തിന്റെ നിയമസഭാ രാഷ്ട്രീയത്തില്‍ ഇടം തേടുന്ന ബിജെപി അതിന്റെ താരനേതാവ് ഒ.രാജഗോപാലിനെ ഒരിക്കല്‍ കൂടി അങ്കത്തിനിറിക്കിയിട്ടുള്ളത്.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് പാര്‍ട്ടി നല്കുന്ന പ്രാധാന്യവും ആ മണ്ഡലത്തിലെ സമ്മതിദായകരുടെ സന്മനോഭാവവും തന്നെയാണ് തങ്ങളുടെ ഒരു സമുന്നത നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നിര്‍ബന്ധിതമായത്. രാജഗോപാലിനെ കുറിച്ച് മോശമായ ഒരഭിപ്രായം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ആജന്മ ശത്രുക്കള്‍പോലും പറയില്ല. കേരളത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കും ഒ.രാജഗോപാലിനെ ഒരിക്കലും നന്ദിപൂര്‍വമല്ലാതെ ഓര്ക്കാതിരിക്കാനാവില്ലെന്ന് ‘സമകാലിക മലയാളം’ ഒരിക്കല്‍ മുഖംപ്രസംഗത്തിലെഴുതി.
സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്ത് സംജാതമാക്കിയിട്ടുള്ളത്. ഇരു മുന്നണികളും മത്സരബുദ്ധിയോടെ പിന്തുടര്ന്നു വരുന്ന ന്യൂനപക്ഷപ്രീണനം നെയ്യാറ്റിന്‍കരയിലെ മണ്ണ് രാജഗോപാലിന്റെ രാഷ്ട്രീയത്തിന് വളക്കൂറുള്ളതാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം നായര്‍, ഈഴവ, നാടാര്‍ സാമുദായിക സംഘടനാ നേതൃത്വവും നെയ്യാറ്റിന്‍കരയില്‍ സ്വീകരിച്ചിട്ടുള്ള സമീപനവും ബിജെപിയില്‍ ഒട്ടേറെ പ്രതീക്ഷ ഉയര്‍ത്തുകയും ഇരു മുന്നണികളിലും ആശങ്കയും അങ്കലാപ്പും വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടേയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ അവര്‍ നെയ്യാറ്റിന്‍കരയിലെ തങ്ങളുടെ സമുദായാംഗങ്ങള്‍ക്ക് നല്കുന്ന സന്ദേശം സുവ്യക്തമാണ്. ഹിന്ദു നാടാര്‍ സംഘടനാ നേതൃത്വത്തിന്റേയും സമീപനം രാജഗോപാലിന് സഹായകമാണ്.
ഒഞ്ചിയത്തിന്റേയും ടി.പി.ചന്ദ്രശേഖരന്റേയും പേരില്‍ നെയ്യാറ്റിന്‍കരയില്‍ ഒരു ധ്രുവീകരണം സൃഷ്ടിച്ച്, അതുവഴി ന്യൂനപക്ഷ രാഷ്ട്രീയ ധാര്‍ഷ്ട്യത്തിനെതിരെയുള്ള ഭൂരിപക്ഷ സമുദായത്തിന്റെ പുതിയ പടയണിയെ പ്രതിരോധിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ വോട്ടിംഗ് ദിനം അടുക്കുന്തോറും ആകെ അവതാളത്തിലാവുന്നതാണ് കാണുന്നത്. സിപിഎമ്മിലാവട്ടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ അച്യുതാനന്ദന്റെ ആക്രോശങ്ങളും തുടര്‍ന്ന് എം.എം.മണിയുടെ കൊലവിളിയും കൂടിയായപ്പോള്‍ അങ്കലാപ്പ് അഭൂതപൂര്‍വമായി. അതേ അച്യുതാനന്ദനെ തന്നെ പ്രചരണത്തിനിറക്കുന്ന ഗതികേടിലാണ് അവിടെ സിപിഎം. അവസാന ശ്രമമെന്ന നിലയില്‍ കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുന്നത് എ.കെ.ആന്റണിയേയും. ചിക്കമംഗലൂരില്‍ ഇന്ദിരാഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട അതേ ആന്റണി തന്നെ നെയ്യാറ്റിന്‍കരയില്‍ കാലുമാറി വന്ന ശെല്വരാജന് വേണ്ടി വോട്ട് തേടുന്നത് അന്തോണിശൈലിയുടെ ആവര്‍ത്തന വിരസമായ വിരോധാഭാസം. ഇതേ ആന്റണിയാണ് കേരള മുഖ്യമന്ത്രി ആയിരിക്കവേ അന്നത്തെ കേന്ദ്രമന്ത്രി ഒ.രാജഗോപാലിനെ ‘കേരളത്തിന്റെ അംബാസഡര്‍’ എന്ന് വിശേഷിപ്പിച്ചതെന്ന് ഓര്‍ക്കുക.
അതു പറയുമ്പോഴാണ് ഇരുമുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അതാത് പാര്‍ട്ടികളിലെ അടിയൊഴുക്കുകള്‍ വെളിച്ചത്ത് വരുന്നത്. അവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സ്വന്തം അണികള്ക്കിടയില്ത്തന്നെയുള്ള കടുത്ത പ്രതിഷേധമാണ് ആ അടിയൊഴുക്കുകള്‍ക്ക് ആധാരം. കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിയുടെ പരമ്പരാഗത മണ്ഡലത്തിലാണ് കാലുമാറി വന്നയാളിനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നത്. സിപിഎമ്മിന്റെ മുന്‍ സ്പീക്കറും മന്ത്രിയുമൊക്കെയായ എം.വിജയകുമാര്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിക്കാന്‍ കുപ്പായം തുന്നി തയ്യാറായതാണ്. തമ്പാനൂര്‍ രവിക്കും വിജയകുമാറിനും സ്ഥാനാര്‍ത്ഥിത്വം നഷ്ടമായത് ഒരേ കാരണംകൊണ്ട് തന്നെ.
വോട്ടെടുപ്പ് അടുത്തുവരുന്നതോടെ അതിശക്തമായിക്കൊണ്ടിരിക്കുന്ന നിര്‍ദ്ദേശമാണ് നെയ്യാറ്റിന്‍കരയിലേത് മനഃസാക്ഷി വോട്ടാവണമെന്നത്. കേരള രാഷ്ട്രീയത്തില്‍ നാളിതുവരെ മനഃസാക്ഷിയെപ്പറ്റി ജനനേതാക്കള്‍ ഇങ്ങനെ പരസ്യമായി സംസാരിക്കുന്നത് കേട്ടിട്ടില്ല, മൂന്ന് വ്യത്യസ്ത പ്രസ്ഥാനങ്ങളും അവയുടെ വിഭിന്ന പ്രത്യയശാസ്ത്രങ്ങളും സ്ഥാനാര്‍ത്ഥികളും നെയ്യാറ്റിന്‍കരയില്‍ ഏറ്റുമുട്ടുന്ന നിര്‍ണായക മുഹൂര്‍ത്തത്തില്‍, വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും നിഷേധാത്മക രാഷ്ട്രീയത്തിന് എതിരെയുള്ള കേരളത്തിലെ ചുവരെഴുത്ത് വ്യക്തവും ശക്തവുമാണ്. അക്രമരാഷ്ട്രീയത്തിനെതിരെ അടുത്തകാലത്തായി ഉയരുന്ന അഭൂതപൂര്‍വമായ ജനവികാരം വിളിച്ചുപറയുന്നത് ഇനി വികസനത്തിന്റെ രാഷ്ട്രീയം വേണമെന്നാണ്. വികസന രാഷ്ട്രീയത്തിലേക്കുള്ള ദിശാമാറ്റത്തിന് നെയ്യാറ്റിന്‍കര നാന്ദിയാകുമോ?
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: