ചോര പുരണ്ട മഴു എറിഞ്ഞ് അറബിക്കടലില്‍നിന്നും വീണ്ടെടുത്തതാണെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന കേരളത്തില്‍ ഇന്ന് ചോരപ്പുഴ ഒഴുകുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമോ ഭിന്നാഭിപ്രായം പുലര്‍ത്തുന്ന ഒരു പാര്‍ട്ടി വിടാനുള്ള സ്വാതന്ത്ര്യമോ ഇല്ലാത്തവരായി മലയാളികള്‍ രൂപഭേദം പ്രാപിക്കുകയാണ്. പാര്‍ട്ടി വിടുന്നവര്‍ കൊലക്കത്തിക്കിരയാകുന്ന കേരളത്തില്‍ ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിനും വിലക്കുകള്‍ വരുന്നു. വിപരീതാഭിപ്രായം പറയാനോ എഴുതാനോ ധൈര്യപ്പെടുന്ന മാധ്യമങ്ങളെ വലതുപക്ഷ മാധ്യമങ്ങളെന്ന് മുദ്രകുത്തുന്ന മാര്‍ക്സിസ്റ്റ്പാര്‍ട്ടി ഇപ്പോള്‍ മാധ്യമ നിയന്ത്രണത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണ്.
ചോര വീണ മണ്ണില്‍നിന്നുയര്‍ന്ന പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് ഇത്ര അസഹിഷ്ണുത? ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറയുന്നത് 1982 മുതല്‍ പാര്‍ട്ടി ലിസ്റ്റ് തയ്യാറാക്കി പാര്‍ട്ടി വിടുന്നവരെയും അനഭിമതരെയും വെട്ടിയും വെടിവെച്ചും തല്ലിക്കൊന്നും പരലോകത്തേക്കയച്ചുവെന്നാണ്. അതിനര്‍ത്ഥം 1982 മുതല്‍ കുലംകുത്തികള്‍ കൊലചെയ്യപ്പെട്ടിരുന്നു എന്നാണ്. എം.എം. മണി പറഞ്ഞ കൊലപാതകങ്ങള്‍ നടന്നത് ഇപ്പോള്‍ കുലംകുത്തി പ്രയോഗത്തിനെതിരെ പ്രതികരിച്ച് ടി.പി. ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ച വി.എസ്. അച്യുതാനന്ദന് പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ്. അച്യുതാനന്ദന്റെ ഭരണകാലത്ത് വെട്ടിനിരത്തിയ അപ്പുക്കുട്ടന് വള്ളിക്കുന്നും വി.ബി. ചെറിയാനും മറ്റും ഇന്ന് പാര്‍ട്ടിയിലേക്ക് തിരിച്ച് ക്ഷണം കിട്ടാതെ പുറത്തുതന്നെയാണല്ലോ.
അസഹിഷ്ണുത മാര്‍ക്സിസ്റ്റ്പാര്‍ട്ടി മുഖമുദ്രയാക്കിയപ്പോഴാണ് മാധ്യമങ്ങള്‍ക്കുനേരെ ഭീഷണി ഉയരുന്നത്. ഇനി മാധ്യമ രക്തസാക്ഷികളും കേരളമണ്ണില്‍ പിറക്കുമോ? ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ അനുസ്മരിപ്പിക്കുന്ന കഠിന നിയന്ത്രണങ്ങളാണ് ഇന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്. പണ്ട് രാജവാഴ്ചക്കാലത്ത് രാജഭക്തി എന്നാല്‍ രാജാവ് പറയുന്നതെല്ലാം ശരി എന്നു പറയുന്നതായിരുന്നു. ചക്രവര്‍ത്തി നഗ്നനായി നടന്നപ്പോള്‍ അത് പറയാന്‍ നിഷ്കളങ്കനായ ഒരു പിഞ്ചുകുഞ്ഞിന് മാത്രമേ സാധിച്ചുള്ളൂ. ഇന്ന് പാര്‍ട്ടി സെക്രട്ടറി എന്നാല്‍ സ്വേഛാധിപതിയും സെക്രട്ടറി ഭരണം എന്നാല്‍ ഏകാധിപത്യവുമാണ്. പാര്‍ട്ടി ചാരന്മാരും സ്റ്റാലിനിസ്റ്റ് റഷ്യയിലെ പോലെ കേരളത്തിലും രൂപപ്പെടുമ്പോള്‍ നമ്മിലും ആശഴ യ്ഋീവേലൃ ശെ ംമരേവശിഴ എന്ന ഭീതി സംജാതമാകുന്നു. ഇനി സജിത മഠത്തില്‍ തരുന്ന പരസ്യസന്ദേശം ഉള്‍ക്കൊണ്ട് ആണും പെണ്ണും ഒരുപോലെ ഇന്ദുലേഖ തേച്ച് മുടി നീട്ടിവളര്‍ത്തി ഉള്‍ക്കരുത്ത് നേടി ചെറുക്കേണ്ടിവരുമോ?
മാധ്യമങ്ങള്‍ സാക്ഷിമൊഴികള്‍ ചോര്‍ത്തിയെടുത്ത് വാര്‍ത്തയാക്കി പൊതുജനാഭിപ്രായം പാര്‍ട്ടിക്കെതിരെ രൂപപ്പെടുത്തുന്നു എന്ന പാര്‍ട്ടി സെക്രട്ടറിയുടെ അരുളപ്പാടാണ് ബാക്കി നേതാക്കള്‍ ഉരുവിടുന്നത്. സാക്ഷിമൊഴികള്‍ ചോര്‍ത്തിയെടുത്ത് പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ബ്രേക്കിംഗ് ന്യൂസിന് പരതുന്ന ദൃശ്യമാധ്യമങ്ങള്‍ പോലീസുകാരെ സ്വാധീനിച്ച് ചോര്‍ത്തിയെടുക്കുന്ന വാര്‍ത്ത ഈ അന്വേഷണാത്മക പത്രപ്രവര്ത്തനകാലഘട്ടത്തില് എങ്ങനെ പ്രസിദ്ധീകരിക്കാതിരിക്കും?
റോം കത്തിയപ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചപോലെയാണ് ഇന്ന് കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍. ജനായത്ത ഭരണം ഇന്ന് ജനക്ഷേമത്തില്‍ ഊന്നിയുള്ളതല്ല, അധികാരലഭ്യതക്ക് ഊന്നല്‍ നല്‍കുന്നതാണ്. 1982 മുതല്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രിയവും അക്രമ രാഷ്ട്രീയവും നടമാടിയപ്പോഴും അന്നും ഇടയ്ക്ക് ഭരണം ലഭിച്ചിരുന്ന യുഡിഎഫ് ഈ പ്രവണതയെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്തില്ല എന്നാണ് ചോരയില്‍ കുളിച്ച് കൊഴിഞ്ഞുവീഴുന്ന ജീവിതങ്ങളും തെളിയിക്കുന്നത്. മണി പറഞ്ഞ കൊലകള്‍ എങ്ങനെ തെളിവില്ലാതെ തള്ളപ്പെട്ടു? മണിയുടെ ലിസ്റ്റിലുള്ള തമിഴനെ കൊലചെയ്തതില് തമിഴ്നാട് സര്‍ക്കാര്‍ എടുത്ത കേസില്‍ ഏഴ് പ്രതികളും ശിക്ഷിക്കപ്പെട്ടു എന്നതുതന്നെ തെളിയിക്കുന്നത് ഈ ആക്രമണ-കൊലപാതക രാഷ്ട്രീയം യുഡിഎഫും എതിര്‍ക്കാനോ തടയാനോ പൂര്‍ണമായി നിര്‍ത്തുവാനോ ശ്രമിക്കുന്നില്ല എന്നതാണ്. പോലീസും തീര്‍ത്തും രാഷ്ട്രീയ പിണിയാളുകളായി മാറി, ഭരിക്കുന്ന പാര്‍ട്ടികളുടെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുന്ന കാഴ്ചയും നമുക്ക് കാണാവുന്നതാണ്.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ശക്തമായ പ്രതിരോധത്തിലേക്കും സൂക്ഷ്മമായ പോലീസന്വേഷണത്തിലേക്കും നീങ്ങുന്ന യുഡിഎഫും യഥാര്‍ത്ഥത്തില്‍ കൊലപാതക രാഷ്ട്രീയത്തില്‍ പ്രത്യക്ഷമല്ലാത്ത രീതിയില്‍ പങ്കാളികളാകുകയല്ലേ? ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നെയ്യാറ്റിന്കരയിലെത്തിയ എ.കെ. ആന്റണി കൊലപാതക രാഷ്ട്രീയം ആറടിമണ്ണില്‍ കുഴിച്ചുമൂടണം എന്ന് ഉദ്ഘോഷിക്കുമ്പോള്‍ അതിന് കിട്ടുന്ന പ്രതികരണം ദുര്‍ബലമാകുന്നത് അത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലായതുകൊണ്ടു മാത്രമാണ്. നെയ്യാറ്റിന്‍കര കടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുഖമില്ല, തലച്ചോറില്ല, ചെവിയുമില്ല. വോട്ട് രേഖപ്പെടുത്താന്‍ ഉപയുക്തമായ കൈകള്‍ മാത്രമുള്ള, തീര്‍ത്തും രാഷ്ട്രീയ നിയന്ത്രണ വിധേമായ ഒരു ജനക്കൂട്ടം മാത്രമാകുന്നു അവര്‍. വാഗ്ദാനങ്ങള്‍ വിശപ്പുമാറ്റുകയില്ല. പക്ഷെ പ്രതികാരവാഞ്ഛ വളര്‍ത്തുന്നത് നിരാശാബോധമുള്ള ഒരു ജനതയില്‍ വിനാശകരമായ പ്രവണതകളാണ് സൃഷ്ടിക്കുന്നത്.
ഇന്ന് ടിപി വധവും ഇപ്പോള്‍ വന്ന മണിമുഴക്കങ്ങളും കാഴ്ചയെയും കണ്ണുകളെയും കീഴടക്കുമ്പോള്‍ കേള്‍വിക്കാരും വായനക്കാരും ബുദ്ധിയും വിശകലനാത്മകതയും മറന്ന് യാന്ത്രികമായി പ്രതികരിക്കുകയും പാര്‍ട്ടി പറയുന്നിടത്ത് വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇനി രാഷ്ട്രീയപാര്‍ട്ടികള്‍ മാധ്യമനിയന്ത്രണം കൂടി പ്രാബല്യത്തില്‍ വരുത്തിയാല്‍ ബംഗാളില്‍ മമതാ ബാനര്‍ജി ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളെ വിലക്കിയ സ്ഥിതിയിലേക്ക് കേരളവും മാറും. പാര്‍ട്ടി പത്രങ്ങളും ചാനലുകളും മാത്രം അനുവദനീയമാകുമ്പോള്‍ സാക്ഷര മലയാളികള്‍ ചലിക്കുന്ന പാവകളായി മാറും. അവര്‍ ഓതി തരുന്നത് വേദവാക്യങ്ങളായി ഇന്നത്തെ മാര്‍ക്സിസ്റ്റ് അണികളെപ്പോലെ സമൂഹം മാറും. പക്ഷെ ഒരു രാഷ്ട്രീയ നേതാക്കള്‍ക്കും സ്ഥിരാഭിപ്രായമില്ലെന്നും സന്ദര്ഭത്തിനനുയോജ്യമായി ഭാഷയും ഭാവവും മാറുന്നവരാണിവരെന്നും അധികാരേഛയില് ഏത് ഒത്തുതീര്‍പ്പിനും തയ്യാറാകുമെന്നും ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് വ്യക്തമാകും.
ഇന്ത്യ ആര്യാവര്ത്തമായിരുന്നു. സദ്ഗുണങ്ങളുടെ വിളനിലം. സ്വാതന്ത്ര്യവും ജനായത്ത ഭരണവും പാര്‍ട്ടി-തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പ്രബലമായപ്പോഴാണ് അസഹിഷ്ണുത വേരോടിത്തുടങ്ങിയത്. ജാതി-മതാടിസ്ഥാനത്തില്‍ മന്ത്രിമാരുടെ എണ്ണവും വകുപ്പ് വിഭജനവും കോര്പ്പറേഷന് വിഭജനവും എല്ലാം നടക്കുമ്പോള്‍ ജനങ്ങളെ മാനസികമായി വേര്‍തിരിക്കുന്നതും മതവിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തുന്നതും രാഷ്ട്രീയപാര്ട്ടികള്തന്നെയാണ്. ജാതിയില്ല- വര്‍ഗം മാത്രം എന്ന് പറയുന്ന വിപ്ലവപാര്‍ട്ടി പോലും മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്കപ്പെട്ടപ്പോള് സാമുദായിക സന്തുലനം അട്ടിമറിച്ചു എന്നാക്രോശിക്കുകയുണ്ടായി. നെയ്യാറ്റിന്‍കര നാടാര്‍ പ്രാമുഖ്യമുള്ള മേഖലയായതിനാല്‍ നാടാര്‍ സമുദായക്കാരെ സ്ഥാനാര്‍ത്ഥികളാക്കി, സമുദായനേതാക്കളെയും മതമേധാവികളെയും പ്രീണിപ്പിക്കാനുള്ള പദയാത്രകളും മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു. മൂല്യച്യുതി എല്ലാ മേഖലയെയും ബാധിച്ചപ്പോള്‍ രാഷ്ട്രീയം ഉരുത്തിരിയുന്നത് തെറ്റായ ദിശയിലാണ്. അഭിപ്രായസ്വാതന്ത്ര്യം അഭിലഷണീയമല്ല എന്ന സന്ദേശമാണ് പാര്‍ട്ടി സെക്രട്ടറിയുടെ പിണിയാളുകള്‍ വക്താക്കളായി ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് നേതൃഭക്തി പ്രകടിപ്പിച്ച് പറയുന്നത്.
ഈ നേതൃഭക്തി സാംസ്കാരികനായകര്‍ പോലും വച്ചുപുലര്ത്തുന്നതിനാലായിരുന്നു ടി.പി. ചന്ദ്രശേഖരന് വധത്തിനുശേഷം മുഴങ്ങിയ നിശ്ശബ്ദത. യു.കെ. കുമാരന് എഴുതിയപോലെ ലോകസാഹിത്യത്തില്‍ കൊലക്കെതിരെ ഉയര്‍ന്ന ആദ്യ പ്രതിരോധം ആയിരുന്നു മാനിഷാദ. ഇന്ന് അക്രമ-കൊലപാതക രാഷ്ട്രീയം മുഖമുദ്രയാക്കിയിരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് പോലും പ്രചാരം നേടിക്കൊടുത്തത് നാടകങ്ങളും കവികളുമായിരുന്നല്ലോ. പക്ഷെ പാവങ്ങളുടെ, അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടി ഇന്ന് കോര്‍പ്പറേറ്റ് പ്രീണനം നടത്തുന്നവരും എതിരാളികളെ കൊല്ലാന്‍ മാഫിയക്ക് ക്വട്ടേഷന്‍ നല്‍കുന്നവരുമായി മാറി. സത്യത്തിന്റെയും നീതിയുടെയും മാനവികതയുടെയും ഭാഗത്തുനിന്ന സാംസ്കാരിക നായകര്‍ക്കും പാര്‍ട്ടി നിറം കൈവന്നിരിക്കുന്നു.
ടി.പി. ചന്ദ്രശേഖരന്റെ പൈശാചിക വധം മാനവികതയുള്ള സമൂഹത്തെ ഞെട്ടിച്ചെങ്കിലും അതിന്ഒരു പോസിറ്റീവ് വശം ഉണ്ട് എന്ന് പറയാന്‍ എന്നെ പ്രേരിപ്പിക്കുന്നത് ഇതിനുശേഷം വന്ന പ്രതികരണങ്ങളും പ്രതികരണമില്ലായ്മയും ആണ്. ഈ 51 വെട്ട് വെട്ടിക്കൊന്ന നേതാവിന്റെ പാര്‍ട്ടി വിട്ട് സ്വന്തം അസ്തിത്വവും വ്യക്തിത്വവും തേടി മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു എന്ന ഒറ്റ കുറ്റത്തിന് ജനോപകാരിയായ, കുടുംബസ്ഥനായ, വൃദ്ധയായ മാതാവുള്ള ഒരാളുടെ അരുംകൊലയാണ് ഇന്ന് സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന അപച്യുതികളെയും അതിലെ രാഷ്ട്രീയമാനങ്ങളെയും ചര്‍ച്ചാവിഷയമാക്കിയത്. ബുദ്ധിയും ബോധവും രാഷ്ട്രീയത്തിന് തീറെഴുതാത്തവര് ഇതിന്റെ നൈതികതയെയും ഈ അധികാരക്കൊതി കാരണമുള്ള കൊലപാതക രാഷ്ട്രീയത്തെയും അത് പൊഴിക്കുന്ന ചുടുചോരയേയുംപറ്റി ചിന്തിക്കും. അതോടൊപ്പം ഈ കേസുകള്‍ ഒതുക്കാനല്ലാതെ, ഈ ചോരക്കൊതിക്ക് തടയിടാന്‍ ശ്രമിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ മനുഷ്യത്വമില്ലായ്മയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവരുന്നു.
ഈ വിവിധ വശങ്ങള് ചര്‍ച്ചകളിലൂടെയും ദൃശ്യങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും ജനങ്ങളുടെ മുന്നില്‍ നിരത്തുന്ന മാധ്യമങ്ങളെയും 51 വെട്ട് വെട്ടി ഇല്ലാതാക്കാന്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ആഗ്രഹിക്കുന്നത് യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാനും കപടമുഖം മാത്രം വെളിപ്പെടുത്താനുമാണ്. ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ നിഷ്പക്ഷത നിലനിര്‍ത്തിതന്നെ മുമ്പോട്ടുപോകാനുള്ള ഊര്‍ജം നിലനിര്‍ത്തണം. മാധ്യമശ്രമമാണല്ലോ ഇപ്പോള്‍ എം.എം. മണിയുടെ വെളിപ്പെടുത്തലുകള്‍ ബിബിസിയില്‍ പോലും വാര്‍ത്തയായി വരാന്‍ കാരണമായത്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: