ന്യൂദല്‍ഹി: പ്രധാനമന്ത്രി ഉള്‍പ്പെടെ പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ ഹസാരെ സംഘം അഴിമതിയാരോപണം ഉന്നയിച്ചതില്‍ സംഘത്തിലെ പ്രമുഖരില്‍ ഒരാളായ ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേ വിയോജിപ്പ് അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നും എന്ത് തെളിവാണ് ഇതിന് പിന്നിലുള്ളതെന്നും തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് ഹസാരെ സംഘം നടത്തിയ ആരോപണങ്ങളെ ഹെഗ്ഡേ വിമര്‍ശിച്ചത്. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെതിരെ സംഘത്തിലെ ചിലര്‍ നടത്തിയ അഭിപ്രായങ്ങള്‍ അനാവശ്യമായിരുന്നെന്നും കര്‍ണ്ണാടക മുന്‍ലോകായുക്ത കൂടിയായ ജസ്റ്റീസ് സന്തോഷ് ഹെഗ്ഡേ പറഞ്ഞു.
പ്രധാനമന്ത്രിയെക്കുറിച്ച് അഡ്വ.പ്രശാന്ത് ഭൂഷണ് നടത്തിയ അഭിപ്രായത്തോട് ബിജെപിയും വിയോജിപ്പ് അറിയിച്ചു. പ്രധാനമന്ത്രിയെപ്പോലൊരാളെ വിമര്‍ശിക്കുമ്പോള്‍ അനുചിതമായ വാക്കുകള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹസാരെ സംഘത്തിലെ അംഗങ്ങള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അഴിമതിയാരോപണം ചെറുക്കാന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ശിഖണ്ഡിയെപ്പോലെ മുന്നില്‍ നിര്‍ത്തുകയാണെന്നായിരുന്നു ഹസ്സാരെ സംഘാംഗം അഡ്വ. പ്രശാന്ത് ഭൂഷണ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ആര്‍ജെഡി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം പ്രധാനമന്ത്രിയെ ശിഖണ്ഡി എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് അഡ്വ.പ്രശാന്ത് ഭൂഷണ് പറഞ്ഞു. അഴിമതി മൂടി വയ്ക്കാന്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ.മന്‍മോഹന്‍സിംഗ് സത്യസന്ധനായ വ്യക്തിയാണെന്ന് ഹസാരെ അഭിപ്രായപ്പെട്ടത് സിഎജി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം മനസ്സിലാക്കാതെയാണെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു. റിപ്പോര്‍ട്ട് ഇംഗ്ലീഷിലായതിനാല്‍ ഹസാരെയ്ക്ക് പൂര്‍ണ്ണമായും അത് വായിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തോ വായിച്ച് കേള്പ്പിച്ചോ കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിക്കുമെന്ന് അഡ്വ.പ്രശാന്ത് ഭൂഷണ് പറഞ്ഞു.
അഴിമതിക്കെതിരെ തങ്ങള്‍ സ്വീകരിക്കുന്ന നടപടികളോട് ഹസ്സാരെ പൂര്‍ണ്ണമായും യോജിക്കുന്നുണ്ടെന്ന് മറ്റൊരു സംഘാംഗമായ അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി. സര്‍ക്കാരിന് നഷ്ടം വരുത്തി സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖാനനാനുമതി നല്‍കിയത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കല്‍ക്കരി വകുപ്പിന്റെ ചമുതല നിര്‍വഹിക്കുമ്പോഴായിരുന്നു എന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹസാരെ സംഘം പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: