തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് പഞ്ചായത്തിലാണ് ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കണ്ണശ്ശന്മാരും മലയിന്‍കീഴുമായുള്ള ബന്ധം പ്രസിദ്ധമാണ്.കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത് ക്ഷേത്രഗോപുരത്തിലാണെന്നും മയില്‍പ്പീലി കണ്ണനെ ഉപാസിച്ചായിരുന്നു കാവ്യരചന നടത്തിയതെന്നും പുരാവൃത്തം. കണ്ണശ്ശഗീതയുടെ ജന്മത്തിന് സാക്ഷ്യം വഹിച്ച ഈ നാട്. ശബരിമല മാളികപ്പുറം മേല്‍ശാന്തിയായ ഗോവിന്ദന്‍പോറ്റി മലയാളമാസം ഒന്നാം തീയതിതോറും ക്ഷേത്രദര്‍ശനത്തിന് മുടങ്ങാതെ എത്തുന്നു.
ക്ഷേത്രനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ആകര്‍ഷകമാണ്. മുന്നില്‍ വലിപ്പമുള്ള ധ്വജം. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണിത്. അതിനുചുവട്ടില്‍ ചുറ്റും മനോഹരമായ കൊത്തുപണികള്‍. ശ്രീകോവിലിന്റെ കഴുക്കോലില്‍ തെളിയുന്ന പുരാതനലിപിയും നാലമ്പലത്തിനകത്തെ തൂണികളിലെ ശില്‍പങ്ങളുമെല്ലാം ചാരുതയാര്‍ന്നവ. വടക്കുവശത്ത് വിസ്തൃതമായ കുളമുണ്ട്. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ശ്രീകൃഷ്ണന്‍. തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതെന്നും വില്വമംഗലത്തുസ്വാമിയാര്‍ പൂജിച്ചതാണെന്നും ഐതിഹ്യം.
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിയെ തിരുവല്ല-വാഴപ്പന്‍ എന്നര്‍ത്ഥത്തില്‍ തിരുവല്ലാഴപ്പന്‍ എന്നും വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. മലയിന്‍കീഴ് ക്ഷേത്രം പണ്ട് തിരുവല്ലക്ഷേത്രത്തിന്റെ കീഴേടമായിരുന്നുവെന്നും തിരുവല്ലം പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമ. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും, ഉപദേവന്മാരായുണ്ട്. ധര്‍മ്മശാസ്താവിന്റെ അമ്പലത്തിന് മേല്‍ക്കൂരയില്ല. പണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരു ശാന്തിക്കാരനോട് കഴകക്കാരില്‍ ചിലര്‍ക്ക് വിരോധം തോന്നി. ശത്രുത വളര്‍ന്നപ്പോള്‍ ക്ഷേത്രപറമ്പില്‍ വച്ച് ശാന്തിക്കാരന്‍ ശത്രുക്കളാല്‍ വധിക്കപ്പെട്ടു.
ദുര്‍മരണം സംഭവിച്ച ശാന്തിക്കാരനെ ബ്രഹ്മരക്ഷസായി ഇവിടെത്തന്നെ കുടിയിരുത്തുകയായിരുന്നു. വടക്കുവശത്ത് കിഴക്കോട്ട് ദര്‍ശനമായി നാഗരും ചുറ്റുമതിലിനുപുറത്ത് യക്ഷിയുമാണ്. സ്വാമിയാര്‍ പൂജയുണ്ട്. പണ്ടു പൂജ നടക്കുമ്പോഴും ഒരു സംഭവമുണ്ടായി. സ്വാമിയാര്‍ മഠത്തിന്റെ അധിപതി ആറുദേശപ്പറ്റി സ്വാമികള്‍ മലയിന്‍കീഴ് ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചുവരികയായിരുന്നു. അദ്ദേഹം നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരങ്ങള്‍ ലംഘിച്ച് ശ്രീകൃഷ്ണ ഭക്തയായ ഒരു സ്ത്രീ ഭഗവത് ദര്‍ശനത്തിനായി നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുകയും അവര്‍ പിന്നീട് മടങ്ങിവരാതിരിക്കുകയും ചെയ്തു. അവര്‍ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു എന്ന് ഐതിഹ്യം. ഇന്നും ഇവിടെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
പിതാംബരധാരിയായ മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തിയ വേണഗോപാലനായ കണ്ണന്‍ ഈ ക്ഷേത്രത്തില്‍ അനന്തചൈതന്യമായി വിരാജിച്ച് ആയിരമായിരം ഹൃദയങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍മാരിയായി പെയത്തിറങ്ങുന്നു. കദളിപ്പഴവും പാല്‍പ്പായസവും ഉണ്ണിയപ്പവും ഭഗവാന് പ്രധാന നിവേദ്യങ്ങള്‍. പണ്ട് ധാരാളം പശുക്കുട്ടികളെപ്പോലും നേര്‍ച്ചയായി നടയ്‌ക്ക് വച്ചിരുന്നു.
ചിങ്ങമാസത്തിലെ തിരുവോണം, വിഷു, അഷ്ടമിരോഹിണി, മകരഠ ഒന്ന്, മിഥുനം ഒന്ന് എന്നിവ വിശേഷങ്ങള്‍. മീനമാസത്തിലാണ് പ്രസിദ്ധമായ മലയിന്‍കീഴ് ഉത്സവം. തിരുവോണദിവസം ആറാട്ടായി. ആദ്യത്തെ ദിവസം രാത്രിയിലാണ് കൊടിയേറ്റ്. പരിപാടികളില്‍ ക്ഷേത്രകലകള്‍ക്കാണ് മുഖ്യസ്ഥാനം. പ്രശസ്തരുടെ സംഗീതകച്ചേരി അതിന് മാറ്റു കൂട്ടും. മലയിന്‍കീഴിന്റെ ഓരോ മുക്കിലും മൂലയിലും ദീപാലങ്കാരങ്ങള്‍. ക്ഷേത്രാങ്കണം മുതല്‍ ആറാട്ടുകടവുവരെ പുഷ്പാലങ്കാരങ്ങള്‍. മൂന്നും നാലും അഞ്ചും ദിവസങ്ങളില്‍ ഉത്സവബലിയുണ്ട്. അഞ്ചാം ദിവസം തിരുവാഭരണം ചാര്‍ത്തല്‍. ഏഴാം ദിവസം പള്ളിവേട്ട. മലയിന്‍കീഴിലെ വേട്ടകളത്തിലാണിത്. എട്ടാം ദിവസം വൈകിട്ട് ആറാട്ട്.
ആറാട്ട് ദിവസം രാവിലെ കൊടിയിറങ്ങും. ഇവിടെനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുഴക്കാട് ദേവീക്ഷേത്രത്തിനു സമീപമുള്ള തോട്ടിലാണ് ആറാട്ട്. പത്തുപതിനഞ്ച് ആനകളുടെയും പഞ്ചവാദ്യംപോലുള്ള വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര. ഭക്തിനിര്‍ഭരമായ ഈ ചടങ്ങിനുപിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ വിവാഹത്തിനാഗ്രഹിച്ചാണ് ആ ദേവീക്ഷേത്രത്തിലേക്ക് പോകുന്നതെന്നും ആഗ്രഹം സഫലമാകാതെയാണ് മടങ്ങുന്നതെന്നും അക്കഥ. തിരിച്ചെത്തുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കും. തിരിച്ചുള്ള യാത്രകാണാനും ഭക്തജനങ്ങള്‍ നിറപറയൊരുക്കി കാത്തുനില്‍ക്കുന്നുണ്ടാകും. ഗംഭീരമായ കരിമരുന്നുപ്രയോഗത്തോടെ ഉത്സവാഘോഷങ്ങള്‍ക്ക് സമാപനമാകും. പെരിനാട് സദാനന്ദന്‍ പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: