വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ആണെന്ന് പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും ബേനസീറിന്റെ മകനുമായ ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
ബേനസീര്‍ ഭീഷണി ഉയര്‍ന്നിട്ടും സുരക്ഷ ശക്തമാക്കാന്‍ മുഷറഫ് തയ്യാറായില്ലെന്നും ബേനസീറിനെ നിരവധി തവണ മുഷറഫ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിലാവല്‍ പറഞ്ഞു.
പരസ്പ്പര സഹകരണവും ബന്ധവും ആശ്രയിച്ചായിരിക്കും സുരക്ഷയെന്ന് ബേനസീറിനോട് പറഞ്ഞിരുന്നു. പാക്കിസ്ഥാനില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനോട് മുഷറഫിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ചതോടെ ബേനസീറിന്റെ സുരക്ഷയില്‍ കുറവുവരുത്തിയെന്നും ബിലാവല്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നുകൊണ്ട് വലിയ പങ്ക് വഹിക്കാനുള്ള പദ്ധതി ആരംഭിക്കുമെന്നും ബിലാവല്‍ പറഞ്ഞു. തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ ഏതു മാര്‍ഗമായാലും അതിലൂടെ രാജ്യത്തെ ജനങ്ങളെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്നും രാജ്യത്ത് ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ തങ്ങള്‍ എല്ലാവരും സഹായിക്കുമെന്നും ബിലാവല്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ താങ്കള്‍ സുരക്ഷിതനാണോ എന്നു ചോദിച്ചപ്പോള്‍, അതേക്കുറിച്ച് താന്‍ ആശങ്കപ്പെടുന്നില്ല എന്നായിരുന്നു മറുപടി. പാക് സര്‍ക്കാര്‍ തനിക്കാവശ്യമായ സുരക്ഷതരുമെന്നതില് പൂര്‍ണ വിശ്വാസമുണ്ടെന്നും ബിലാവല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: