ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന് കൊലക്കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട അണ്ണന് എന്ന ശ്രീജേഷ് ഉള്‍പ്പെടെ പതിനാലോളംപേരെ കസ്റ്റഡിയിലെടുത്തിട്ടും ക്വട്ടേഷന്‍ സംഘനേതാവായ കൊടി സുനിയുടെ ഒളിസങ്കേതം വെളിപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോഴും എന്തുകൊണ്ട് സുനിയെയും അയാള്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത സിപിഎം നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്യുന്നില്ല എന്നത് ഇന്ന് വലിയൊരു ചോദ്യചിഹ്നമായി ഉയര്ന്നുനില്ക്കുന്നു.
കണ്ണൂരില്‍ കതിരൂരിലെ പാര്‍ട്ടിഗ്രാമമായ കുണ്ടുചിറയിലെ മലഞ്ചെരുവില്‍ രഹസ്യകേന്ദ്രത്തില്‍ സുനിയെ കൂടാതെ കൊലപാതകത്തിന്റെ സൂത്രധാരനായ ടി.കെ. രജീഷും എം.സി. അനൂപും കഴിയുന്നത് കണ്ണൂരിലെ രണ്ട് പ്രമുഖ നേതാക്കളുടെ തണലിലാണത്രേ. പോലീസിന്റെ റെയ്ഡിനെ ചെറുക്കാന്‍ സ്ത്രീകളെയും കുട്ടികളെയും അടക്കം ചാവേര്പടയും സജ്ജമാക്കിയിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. ഗൂഢാലോചനക്കും ക്വട്ടേഷനും നേതൃത്വം നല്കിയ സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കളെ കസ്റ്റഡിയില്‍ എടുക്കാന്‍ മാത്രം ശക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു എന്ന് പറയുമ്പോഴും എന്തുകൊണ്ട് അവരെ കസ്റ്റഡിയില്‍ എടുക്കുന്നില്ല? ശ്രീജേഷിന്റെ അറസ്റ്റിന്ത്തുടര്ന്നാണ് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. ചന്ദ്രശേഖരനെ ആക്രമിക്കുന്നതിനിടയില്‍ കയ്യിന് വെട്ടേറ്റ് കണ്ണൂരില്‍ ഒരാശുപത്രിയില്‍ ചികിത്സ തേടിയശേഷം കര്‍ണാടകത്തിലേക്ക് കടന്ന ക്വട്ടേഷന്‍ സംഘാംഗത്തെ പിടികൂടാനാവുകയും ഗൂഢാലോചനയെപ്പറ്റിയും സാങ്കേതിക സാമ്പത്തികസഹായം നല്കിയവരെപ്പറ്റിയുമുള്ള മൊഴികള്‍ ലഭ്യമായിട്ടും ഉന്നതരുടെ പങ്ക് വെളിപ്പെട്ടിട്ടും ഈ കേസ് ഇപ്പോഴും അന്വേഷണ മൂടുപടത്തിനുള്ളില്‍ നിലനിര്‍ത്തുന്നത് നെയ്യാറ്റിന്‍കര കയറുവാന്തന്നെയാണ്.
സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിജയം നേടാനല്ല മറിച്ച് സിപിഎമ്മുമായി ഒരു വിലപേശല്‍ നടത്തി നെയ്യാറ്റിന്‍കരയില്‍ തോറ്റുകൊടുക്കാം എന്ന ഒത്തുതീര്‍പ്പില്‍ എത്തുവാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നതെന്ന് അനുമാനിക്കാവുന്നതാണ്. അല്ലെങ്കില്‍ത്തന്നെ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് മദ്യവും പണവും ഒഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിവരുന്നുണ്ട്. മുസ്ലീംലീഗിന് അഞ്ചാം മന്ത്രിയെ നല്കുകവഴി മുസ്ലീംപ്രീണന ആരോപണം നേരിട്ട് പ്രതിരോധത്തിലായ യുഡിഎഫിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയത് സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്ന ആരോപണമായിരുന്നു. പക്ഷെ ടി.പി. ചന്ദ്രശേഖരന് വധവും പാര്‍ട്ടിക്കെതിരായ വി.എസ്. അച്യുതാനന്ദന്റെ കടന്നാക്രമണവും യുഡിഎഫിന് തുണയായി. കൊലചെയ്യപ്പെട്ട ചന്ദ്രശേഖരന് ജീവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ സിപിഎമ്മിന് വിപത്തായി. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയത് തിരിച്ചറിയുന്ന യുഡിഎഫ് ഇപ്പോള്‍ ഈ കൊലപാതകത്തിന് നേതൃത്വം കൊടുത്ത നേതാക്കളുടെ അറസ്റ്റ് വൈകിക്കുന്നത് ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രതീക്ഷിച്ചാണെന്ന് വ്യക്തം. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലുമെന്നപോലെ ആരെയെങ്കിലുമൊക്കെ തുറുങ്കിലടച്ച് ഉന്നതരെ രക്ഷിച്ച് നെയ്യാറ്റിന്‍കര കയറാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. മറ്റൊരു ദുരൂഹമായ വസ്തുത ടി.പി. വധത്തില്‍ മുസ്ലീംലീഗിന്റെ നിശ്ശബ്ദതയാണ്. ബിജെപിയുടെ നെയ്യാറ്റിന്‍കരയിലെ വിജയസാധ്യതക്ക് സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും ഒരു ഘടകമാണ്. ഇടതു-വലതു ശബ്ദത്തിനതീതമായി മൂന്നാമതൊരു ശബ്ദം നിയമസഭയില്‍ ഉയരണമെന്ന ആഗ്രഹം ശക്തമായ സമയമാണിത്.
മുസ്ലീംപ്രീണനവും സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തതിനും പുറമെ കൊലപാതകരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയായി യുഡിഎഫ് ചിത്രീകരിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും നെയ്യാറ്റിന്‍കര വിജയം ബിജെപിക്ക് അപ്രാപ്യമല്ലാതാകുന്നു. രാഷ്ട്രീയ കാലാവസ്ഥാ മാറ്റത്തിനൊപ്പം ബിജെപിയും നെയ്യാറ്റിന്‍കരയില്‍ ഒറ്റക്കെട്ടായി മുന്നേറുകയാണ്. കണ്ണൂര്‍ സിപിഎമ്മിലെ പി. ജയരാജനടക്കം ഉന്നത നേതാക്കളാണ് ടിപി വധക്കേസിന് ഉത്തരവാദികള്‍ എന്ന് അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചതായാണ് വിവരം. സ്ഥിരീകരണത്തിന് കൊടി സുനിയെ കണ്ണൂര്‍ പാര്‍ട്ടിഗ്രാമത്തില്‍നിന്നും അറസ്റ്റുചെയ്യണം.
പക്ഷെ പിടിക്കപ്പെട്ടാല്‍ നേതാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താതെ അന്വേഷണം വഴിതെറ്റിക്കണമെന്ന നിര്‍ദ്ദേശവും സുനിക്ക് ലഭിച്ചിട്ടുണ്ട്. മറ്റൊരു വസ്തുത സിപിഎം വിട്ട് ലീഗിലെത്തിയറഫീക്കിനെതിരായ ആക്രമണവും രാഷ്ട്രീയകൊലപാതകമാണെന്ന് തെളിഞ്ഞതാണ്. പക്ഷെ ഇതും വിലപേശലിനുള്ള ആയുധമായി യുഡിഎഫ് ഉപയോഗിക്കും. ഇടതു-വലതു ഭേദമെന്യേ അക്രമ-കൊലപാതക രാഷ്ട്രീയം കേരളത്തില്‍ അരങ്ങുവാഴാന്‍ തുടങ്ങിയിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കണ്ണൂര്‍ ജയിലില്‍ പോലും പുലരുന്ന സിപിഎം മേധാവിത്വം. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചാണ് സിപിഎം മുന്നേറുന്നത് എന്ന് ആരോപിക്കുമ്പോഴും ഭരണം മാറിയിട്ടും വ്യവസ്ഥിതി മാറുന്നില്ല എന്ന വസ്തുത തെളിയിക്കുന്നത് യുഡിഎഫിന്റെ കഴിവുകേടാണ്. കേരള ജനത തിരിച്ചറിയുന്ന ഈ യാഥാര്ത്ഥ്യംതന്നെയാവും നെയ്യാറ്റിന്‍കരയിലെയും വിധിയെഴുത്തിനെ നിര്‍ണയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: