ലാഹോര്‍: രണ്ട് ദിവസങ്ങളിലായി ചിക്കാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പാക്കിസ്ഥാന് നാണംകെട്ടുവെന്ന് മുന്‍ പാക് പ്രധാനമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ വിശ്വാസമില്ലായ്മയാണ് ഇതിന് കാരണമെന്നും ഖുറേഷി ആരോപിച്ചു. അഫ്ഗാനിലേക്കുള്ള യുദ്ധസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്ന രാജ്യങ്ങളെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നന്ദി അറിയിച്ചപ്പോള്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. ഈ ഘട്ടത്തിലാണ് ഖുറേഷി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. സര്‍ദാരിയുടെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയില്‍നിന്നും അടുത്തിടെയാണ് ഖുറേഷി രാജിവെച്ചത്. നാറ്റോ പാത സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിക്ക് മുമ്പ് അവസാന നിമിഷമാണ് യുഎസിന്റെ ഉപാധികളില്ലാത്ത ക്ഷണം സ്വീകരിച്ച് നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുവാന്‍ സര്‍ദാരി ചിക്കാഗോയിലേക്ക് പോയത്. എന്നാല്‍ സര്‍ദാരിയുമായി ചര്‍ച്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ വിസമ്മതിച്ചിരുന്നു. നാറ്റോപാത തുറക്കുന്നത് സംബന്ധിച്ച പാക് സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിനാലാണ് ഇത്. നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനുശേഷമാണ് നാറ്റോ പാത അടച്ചിടുന്നത്. ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള തെഹ്റിക് ഇ-ഇന്‍സാഫ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാണ് ഖുറേഷി. നാറ്റോ ഉച്ചകോടിക്ക് പോകുന്നതിന് മുമ്പ് പാര്‍ലമെന്റിന്റെ ചില ശുപാര്‍ശകള്‍ അറിയിച്ചിരുന്നു. യുഎസുമായുള്ള ഇസ്ലാമാബാദിന്റെ ബന്ധം ഏറ്റവും ഗുരുതരാവസ്ഥയിലാണെന്നും ഖുറേഷി പറഞ്ഞു.
പാക് സര്‍ക്കാരിനെ ലോകരാഷ്ട്രങ്ങള്‍ പ്രാധാന്യത്തോടെ കാണുന്നില്ലെന്നും, പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിനാലാണ് ഇതെന്നും, രാജ്യത്തെ സമൂഹവും രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിനെതിരെ ശക്തമായാണ് പ്രതിഷേധിക്കുന്നതെന്നും ഖുറേഷി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: