ഇസ്ലാമാബാദ്: പാകിസ്ഥാനിന്റെ വടക്ക് വസീറിസ്ഥാനിലെ ഗോത്രപ്രദേശത്ത് യു.എസിന്റെ ആളില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പാക് നഗരമായ മിറാന്‍ഷാ മാര്‍ക്കറ്റിന് സമീപം തീവ്രവാദികളുടെ ഒളി കേന്ദ്രമായിരുന്ന വീട്ടിന് നേരെയാണ് റിമോര്‍ട്ട് നിയന്ത്രിത ചാരവിമാനം ആക്രമണം നടത്തിയത്.
പ്രദേശിക സമയം ഇന്ന് പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് മിസൈലുകളാണ് വീട്ടില്‍ പതിച്ചത്. ആക്രമണത്തില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികവക്താക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹക്കാനി, തെഹ്രിക്കെ താലിബാന് എന്നീ തീവ്രവാദികളുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ് അഫ്ഗാന് അതിര്‍ത്തി പ്രദേശമായ വസീറിസ്ഥാന്.
ഷിക്കാഗോ ഉച്ചകോടിയ്ക്ക് ശേഷം പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണിത്. പാക്കിസ്ഥാനില്‍ യു.എസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒബാമയോട് ആവശ്യപ്പെട്ടിരുന്നു.
ചെറു വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ രാജ്യാന്തര നിയമത്തിന് എതിരാണെന്നും എത്രയും വേഗം ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍ത്തലാക്കാന്‍ യു.എസ് തയ്യാറാവണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞമാസം പാക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു.
എന്നാല്‍ പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച യു.എസ് പാക്കിസ്ഥാനിലെ തീവ്രവാദികളെ ഉന്മൂലനം ചെയ്യാന്‍ ഫലപ്രദമായ മാര്‍ഗമാണ് ഡ്രോണ്‍ ആക്രമണങ്ങളെന്ന മറുപടിയാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: