മലയാളത്തിന്റെ പ്രിയ നടനായ മോഹന്‍ലാലിന് ഇവിടെ ജീവിക്കാന്‍ കഴിയാത്ത വൈകാരിക സാഹചര്യം വന്നിരിക്കുന്നു എന്ന വാര്‍ത്ത നമ്മെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ദൈവാലയത്തില്‍ നിന്ന് ഭ്രാന്താലയത്തിലേക്കുള്ള യാത്രയാണത്രേ കേരളത്തിന്റേത്. അക്ഷരംപ്രതി ഇത് ശരിവെക്കുന്നതാണല്ലോ കാര്യങ്ങള്‍. മനുഷ്യന് എന്ന പദത്തിന് ഒരു വിലയും ഇല്ലാതാവുകയും അണികള്‍ക്കും അനുയായികള്‍ക്കും മാത്രം പൊന്നിന്റെ വിലയായി മാറുകയും ചെയ്ത വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ ആര്‍ക്കും തോന്നാവുന്നതേ മോഹന്‍ലാലിനും തോന്നിയിട്ടുള്ളൂ.
ശാന്തിയും സമാധാനവും കളിയാടിയിരുന്ന ഈ സംസ്ഥാനത്ത് നിഷ്പക്ഷമായ നിലപാടുള്ള ഒരു കലാകാരന് പോലും പേടിയോടെയേ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്നു വരുന്നത് എത്രമാത്രം ദയനീയമാണ്. ഇത്തരമൊരവസ്ഥയ്ക്ക് മുന്നിട്ടിറങ്ങുകയും അതിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന സംഘടനകള്‍ക്ക് മാനവികതയുള്ളതായി പറായാനാവുമോ? ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ അരുംകൊല ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സമൂഹം സ്നേഹിക്കുകയും ആദരിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന ഒരു കലാകാരന് വേദനിപ്പിക്കുന്ന സത്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
രാഷ്ട്രീയശാസനയുടെയും മതശാസനയുടെയും ഊര്‍ജം ആവാഹിച്ച് മനുഷ്യരെ കൊന്നുതള്ളുന്ന അവസ്ഥമൂലം കേരളത്തില്‍ ജീവിക്കാന്‍ പേടിയാകുന്നുവെന്ന അഭിപ്രായ പ്രകടനം മോഹന്‍ലാല്‍ പറഞ്ഞത് ഏതെങ്കിലും രാഷ്ട്രീയ കക്ഷിയെ ഉന്നംവെച്ചുകൊണ്ടല്ല. ശാന്തിയും സമൃദ്ധിയും സന്തോഷവും കളിയാടിയിരുന്ന സ്ഥലത്ത് കാളിമ പരന്നതിന്റെ അസ്വസ്ഥതയാലാണ്. ഒഞ്ചിയത്ത് വെട്ടേറ്റ് മരിച്ച ചന്ദ്രശേഖരന്റെ അമ്മയുടെ കണ്ണീരില്‍ തന്റെ ജന്മദിനാഹ്ലാദങ്ങള് മുങ്ങിപ്പോകുന്നുവെന്ന് ആ മഹാനടന് പറയുമ്പോള്‍ എത്രമാത്രം വേദന അദ്ദേഹം അനുഭവിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
രോഗബാധിതയായ സ്വന്തം അമ്മയുടെ പരിചരണത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മറ്റോരമ്മയുടെ തീരാവിലാപത്തിന്റെ ആഴവും പരപ്പും മോഹന്‍ലാലിന് തിരിച്ചറിയാനാവുന്നുണ്ട്. ലോകത്തെ, സ്നേഹം എന്താണെന്ന് വാസ്തവത്തില്‍ പഠിപ്പിക്കുന്നത് അമ്മമാരാണത്രെ. സ്വന്തം കുട്ടിയുടെ മൂക്കു വിയര്‍ത്താല്‍ ഒരമ്മയുടെ ഹൃദയം പൊള്ളിപ്പിടയും. കുട്ടിയുടെ വേദന തഴുകിമാറ്റുന്നതുവരെ അമ്മയ്ക്ക് സ്വസ്ഥതയുണ്ടാവില്ല. അമ്മമാരുടെ മനസ്സിന് കടലിനെക്കാളും ആഴവും വ്യാപ്തിയുമുണ്ടെന്നാണ് കവിവചനം. അത്തരത്തിലുള്ള അവസ്ഥയില്‍ സ്വന്തം മകന് അനേകം വെട്ടുകളേറ്റ് വിധിയുടെ ക്രൂരവിനോദത്തിന് വിധേയനാവുന്നത് ഒരമ്മയ്ക്ക് സഹിക്കാനാവുമോ? ഈ ചോദ്യമാണ് മോഹന്‍ലാല്‍ ഉന്നയിക്കുന്നത്.
പ്രത്യയശാസ്ത്രം പരാജയപ്പെടുമ്പോള്‍ പ്രത്യയശസ്ത്രംകൊണ്ട് മുന്നേറാനാവുമെന്ന് കരുതുന്നത് മൗഢ്യമാണ്. അക്രമം ഒന്നിനും പരിഹാരമാവുന്നില്ല. കൊന്നുകൂട്ടിയ ജഡങ്ങളുടെ കണക്കെടുത്തുകൊണ്ടല്ല ഒരു പാര്‍ട്ടിയുടെ ശക്തിനിശ്ചയിക്കുന്നത്. മനുഷ്യരെ സാംസ്കാരികമായി ഉയര്‍ത്തുകയും അവരുടെ ഉന്നതിയില്‍ തങ്ങളാലാവുന്നത്ര സഹായം ചെയ്തുകൊടുക്കുകയും ചെയ്യുകയെന്ന ധര്‍മ്മമാണ് രാഷ്ട്രീയകക്ഷികള്‍ വെച്ചുപുലര്‍ത്തേണ്ടത്. തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ചല്ല പാര്‍ട്ടി പോകുന്നതെന്നു തോന്നുമ്പോള്‍ നിശ്ചയമായും ഒരാള്‍ക്ക് പാര്‍ട്ടി മതിലുകള്‍ക്കുള്ളില്‍ നിന്ന് പുറത്തുവരാം; വരണം.
അങ്ങനെ പുറത്തുവരുന്നവരെ തുണ്ടംതുണ്ടമാക്കി ഭീഷണിയുടെ പുതപ്പിട്ടുമൂടാന്‍ ആരും ശ്രമിക്കരുതെന്ന അപേക്ഷകൂടിയുണ്ട് ലാലിന്റെ അനുഭവക്കുറിപ്പില്‍. കേട്ടുകേള്‍വിമാത്രമുള്ള ചന്ദ്രശേഖരന്റെ ദുരന്തത്തില്‍ സംവദിക്കാന്‍ മോഹന്‍ലാലിന് സാധിച്ചതുതന്നെ കലാകാരനായതുകൊണ്ടാണ്. മാനവികതയുടെ എണ്ണിയാലൊടുങ്ങാത്ത തരംഗങ്ങളാല്‍ കമ്പനം ചെയ്യപ്പെടുന്ന ഹൃദയമാണ് കലാകാരന്മാരുടേത്. ഇവിടെ പക്ഷേ, ചന്ദ്രശേഖരന്റെ ക്രൂരമായ അന്ത്യത്തില്‍ തങ്ങളുടെ വേദന സമൂഹത്തെ അറിയിക്കാന്‍ അത്തരക്കാര്‍ വല്ലാത്ത വിമുഖത കാണിച്ചു എന്ന കാര്യം ഓര്‍ക്കണം. ചില സാഹിത്യകാരന്മാര് പേടികൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞു. ചിലര്‍ ആര്‍ക്കും പിടികൊടുക്കാതെ പ്രതികരിച്ചു. ചിലര്‍ തങ്ങളീ നാട്ടുകാരല്ലേ എന്ന നിലപാട് സ്വീകരിച്ചു. പാമ്പും പഴുതാരയും ചുട്ടുകരിക്കപ്പെട്ടപ്പോള്‍ വായ തുറന്നവരും നെഞ്ചത്തടിച്ച് നിലവിളിച്ചവരും സുഖസുന്ദരമായി മൗനവല്‍മീകങ്ങളില്‍ സുഷുപ്തിയിലായി. പാര്‍ട്ടിയുടെ കലയും സംസ്കാരവും മാത്രം മതിയെന്ന് ശഠിച്ചവര്‍ ശിലകളായി നില്‍ക്കുകയും ചെയ്തു. ഈയവസരത്തിലാണ് ജനലക്ഷങ്ങളുടെ ആരാധ്യനായ മോഹന്‍ലാല്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. സ്നേഹത്തിന്റേയും ശാന്തിയുടെയും സമാധാനത്തിന്റേയും വഴികള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്ന ശുഭാപ്തി വിശ്വാസം വളരാന്‍ ഇത് ഏറെ സഹായകമാണ്.
സമൂഹ മനസ്സാക്ഷിക്കു മുമ്പിലേക്ക് മോഹന്‍ലാല്‍ ഉയര്‍ത്തിവിട്ട പരാമര്‍ശങ്ങള്‍ അതിന്റെ യഥാര്‍ഥ വികാരത്തോടെയാവണം നാം സ്വീകരിക്കേണ്ടത്. കലാകാരനെ സംബന്ധിച്ച് രാഷ്ട്രീയവും ജീവിതവും എല്ലാം മനുഷ്യനുവേണ്ടിയുള്ളതാണ്. കൊന്നു തള്ളുന്ന സംസ്കാരം ഒരുകാലത്തും ഒരു നാടിനും ഗുണം പിടിക്കുന്നതല്ല. ചെകുത്താന്മാരുടെ വിളയാട്ടമായിരിക്കും അതിന്റെ ആത്യന്തികഫലം. എന്നാല്‍ ജീവിതത്തിന് ശുഭകരമായ ഒരു മാനം നല്കാന് ശാന്തിയും സമാധാനവും സൗഹാര്‍ദ്ദവും നിറഞ്ഞ ഒരന്തരീക്ഷം വേണം. അത്തരമൊരു സ്ഥിതിവിശേഷം പൊടുന്നെ ഉണ്ടാവില്ല. നിസ്തന്ദ്രമായ പ്രവര്‍ത്തനം അതിന് അനിവാര്യമാണ്. ലാലിനെപ്പോലെയുള്ള കലാകാരന്മാര് ഇതിനായി മുന്നിട്ടിറങ്ങിയാല്‍ ഒരുപക്ഷേ,അത് എളുപ്പം സാധിച്ചേക്കാം. അതുകൊണ്ടുതന്നെയാവണം തന്റെ ജന്മദിനവേളയില്‍ ക്രിയാത്മകമായി അദ്ദേഹം അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ‘മാനിഷാദ’ പറഞ്ഞ സംസ്കാരത്തിന്റെ സംശുദ്ധമായ വഴിയിലൂടെതന്നെയാണ് പോകേണ്ടത് എന്ന് പറയാതെ പറഞ്ഞുവെക്കുന്നു മോഹന്‍ലാല്‍. യുവജനങ്ങളുടെ മനസ്സില്‍ ക്രൗര്യം വിളയുന്നത് ആശങ്കയോടെയാണ് ലാല്‍ കാണുന്നത്.
ഓരോമകനുവേണ്ടിയും കാത്തിരിക്കുന്ന അമ്മമാരുടെ വാത്സല്യനിധിയായ മടിത്തട്ടിലേക്ക് കബന്ധങ്ങള്‍ എടുത്തുവെക്കരുത് എന്ന് മോഹന്‍ലാല്‍ അപേക്ഷിക്കുമ്പോള്‍ ഇത്തിരിനേരം ആ ആത്മാര്‍ഥത നമുക്ക് നെഞ്ചേറ്റിക്കൂടേ? പാര്‍ട്ടിയും പതാകയും ബലിദാനികളും ചോരപ്പുഴയും പാര്‍ട്ടി ഗ്രാമങ്ങളും നിറഞ്ഞ ഈ മണ്ണില്‍ ഇത്തിരി സ്നേഹത്തിന്റെ കുളിര്‍കാറ്റ് വീശാന്‍ നമുക്ക് അവസരം കൊടുത്തുകൂടേ? ഓരോ മലയാളിയും നൂറുവട്ടം ഈ ചോദ്യം സ്വയം ചോദിച്ചുകൊണ്ടേയിരിക്കണം. ഉത്തരം കിട്ടാതിരിക്കില്ല. അമ്മമാരുടെ കണ്ണീരില്‍ കുതിരാത്ത ഒരു സംസ്ഥാനത്തിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും സാധിക്കണം. മോഹന്‍ലാലിന്റെ അകമഴിഞ്ഞ പിന്തുണ നിശ്ചയമായും അതിനുണ്ടാവും. കാരണം ലാലിന് പ്രിയപ്പെട്ട മണ്ണാണിത്. ഇവിടെ ജീവിക്കാന്‍ അദ്ദേഹത്തിന് പേടിയുണ്ടായിക്കൂട. അങ്ങനെയുണ്ടാവുന്നുവെങ്കില് കുറ്റവാളികളാകാതിരിക്കാന് നാം ശ്രദ്ധിച്ചേ മതിയാവൂ; ഒപ്പം രാഷ്ട്രീയപ്പാര്‍ട്ടികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: