രണ്ടു മത്സ്യത്തൊഴിലാളികളെ അകാരണമായി വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരെയുള്ള നിയമനടപടി തുടരുകയാണ്. ഇതിനെ തടയാനും അട്ടിമറിക്കാനും തുടക്കം മുതല്‍ തന്നെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരുന്നു. നേര്‍വഴി സ്വീകരിക്കുന്നതിനെക്കാള്‍ വളഞ്ഞ വഴിയാണ് അവര്‍ അതിനായി തെരഞ്ഞെടുത്തത്. പള്ളി മേധാവികളെയും അതേ മതവിഭാഗത്തില്‍ പെട്ടവരെയും സ്വാധീനിക്കാന്‍ കഴിയുന്ന ജനപ്രതിനിധകളെയും അതിനായി ഉപയോഗിച്ചു. എന്നാല്‍ ജനവികാരം ശക്തമായതിനാല്‍ അവരുടെ ചതുരുപായങ്ങളും വിലപ്പോയില്ല. ഇപ്പോഴിതാ ഭീഷണിയും തുടങ്ങിയിരിക്കുന്നു. പ്രശ്നം രാജ്യാന്തര തലത്തില്‍ ഉന്നയിച്ച് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ സ്ഥാനപതിയെ ഇറ്റലി തിരികെ വിളിച്ചു. മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ദല്‍ഹിയില്‍ നിന്ന് ഇറ്റാലിയന്‍ സ്ഥാനപതി ജിയാകോമോ സാന്ഫെലിസെയെ തിരികെ വിളിച്ചത്. കേസുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചകള്‍ക്കായാണ് സാന്ഫെലിസെയെ തിരികെ വിളിക്കുന്നതെന്നാണ് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രാലയം നല്കുന്ന വിശദീകരണം. എന്നാല്‍ പിന്നീട് നയതന്ത്ര നീക്കങ്ങള്‍ പരാജയപ്പെട്ടതിലുള്ള അമര്ഷമാണിതിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. റിമാന്‍ഡില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരായ ലൊസ്തോറേ മാസി മിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ മുഖ്യപ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതിന്റെ തൊട്ടു പുറകെയാണ് ഈ നീക്കങ്ങളെല്ലാം.
ഇതിനിടെ കപ്പല്‍ വെടിവയ്പ്പു കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റഫാന്‍ ദേ മിസ്തുറയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടിരുന്നു. തിരുവനന്തപുരത്തെ ഓഫീസിലെത്തിയാണ് ഇറ്റാലിയന്‍ സംഘം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയത്. സംഘം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.സൊാസ്പാക്യവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മതമേലധ്യക്ഷന്മാര് വഴിയുള്ള നീക്കം തുടരെ തുടരെ നടക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കടലില്‍ വെടിവയ്പ്പ് നടന്നത് രാജ്യാന്തര കപ്പല്‍ ചാലിലാണെന്ന മുന്‍ നിലപാട് സംഘം ആവര്‍ത്തിച്ചു. കൊലക്കുറ്റത്തിന് സൈനികര്‍ക്കെതിരെ ഇറ്റലിയില്‍ നിയമ നടപടി ആരംഭിക്കുന്നുണ്ടെന്നും അതിനാലാണ് ഇന്ത്യയിലെ നിയമനടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നുമാണ് അവരുടെ ന്യായം. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരാണെന്ന നിഗമനത്തില്‍ സ്വയരക്ഷക്കായാണ് സൈനികര്‍ വെടിയുതിര്‍ത്തതെന്നും അവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുകയാണ്.
കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയതോടെയാണ് പുതിയ ഭീഷണിയുമായി ഇറ്റലി രംഗത്തിറങ്ങിയിട്ടുള്ളത്. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് അന്വേഷണസംഘം സമര്‍പ്പിച്ചത്. 196 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 427 (വിശ്വാസവഞ്ചന), 34 (വിശ്വാസവഞ്ചന), സുവ (രാജ്യാന്തര കടല്‍ നിയമം) മൂന്ന് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ 60 സാക്ഷികളെ വിസ്തരിച്ചു. 126 അനുബന്ധരേഖകളും 46 തൊണ്ടിമുതലുകളും കേസുമായി ബന്ധപ്പെട്ട് പരിശോധിച്ചു. ഈ കേസ് തുടരുന്നതിലെ അസഹ്യതയും അസംതൃപ്തിയുമാണ് ഇറ്റലിയില്‍ നിന്നും ഉണ്ടാകുന്നത്. ‘എന്റിക്ക ലെക്സി’ യുടെ സുരക്ഷാചുമതലയുള്ള ആറംഗ നാവികസേനാ യൂണിറ്റിന്റെ ചീഫ് കമാന്‍ഡര്‍ ലസ്തോറെ മാസി മിലിയാനോ, നാവിക സേനാംഗം സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളാണ്. ഇറ്റാലിയന്‍ നിര്‍മിതമായ ബനറ്റോ തോക്ക് ഉപയോഗിച്ച് നാവികര്‍ ഇരുപത് തവണ ബോട്ടിന് നേരെ വെടിയുതിര്‍ത്തതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഒന്നാം പ്രതിയായ ലസ്തോറേ മാസി മിലാനോ 12 തവണയും രണ്ടാം പ്രതിയായ സാല്‍വത്തോറേ ജിറോണ്‍ എട്ട് തവണയും മത്സ്യബന്ധനബോട്ടിന് നേരെ വെടിയുതിര്‍ത്തിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ പ്രകാരവും ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം അനുസരിച്ചും വെടിയുതിര്‍ത്ത സ്ഥലം കേരള തീരത്തിന് വളരെ അടുത്ത നോട്ടിക്കല്‍ മെയില്‍ മാത്രം വ്യത്യാസത്തിലാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. കപ്പലും ബോട്ടും തമ്മിലുള്ള അകലം 200 മീറ്ററായിരുന്നു. ബോട്ടുടമ ഫ്രെഡി ഉള്‍പ്പെടെ 60 സാക്ഷികളെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോട്ടിലെ ഒന്‍പത് തൊഴിലാളികളും കപ്പലിലെ ആറ് ജീവനക്കാരും സാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതിനു പുറമെ കോസ്റ്റ്ഗാര്‍ഡിന്റെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥരും മറ്റ് ബോട്ടുകളിലെ ജീവനക്കാരും സാക്ഷി പട്ടികയിലുണ്ട്.
വിചാരണ വേളയില്‍ സാക്ഷികളുടെ നിലപാടെന്താകുമെന്ന് പറയാനാകില്ല. സാക്ഷികളെ പ്രലോഭിപ്പിച്ചും പണം നല്‍കിയും വശത്താക്കാന്‍ പോലും മടിയില്ലാത്തവരാണ് ഇറ്റാലിയന്‍ അധികാരികളെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. അതോടൊപ്പമാണ് സര്‍ക്കാര്‍ തലത്തിലുള്ള സമ്മര്‍ദ്ദവും. ഇറ്റാലിയന്‍ പ്രധാനമന്ത്രി മറിയോമോണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി പലകുറി ബന്ധപ്പെട്ടു. ഏറ്റവും ഒടുവിലാണ് പ്രശ്നം രാജ്യാന്തര തലത്തിലെത്തിക്കുമെന്ന ഭീഷണി ഉയര്‍ത്തിയത്. ഇരുരാജ്യങ്ങളുടെ സൗഹൃദം ഉലയും വിധമുള്ള നടപടികളിലേക്കൊന്നും പോകരുതെന്ന അപേക്ഷയാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. രണ്ട് ഇന്ത്യന്‍ പൗരന്മാരെ വെടിവച്ചു കൊന്നതാണ് വിഷയം. പ്രതികളായ ഇറ്റലിക്കാരെ രക്ഷിക്കാന്‍ ഇറ്റാലിയന്‍ ഭരണകൂടം ശ്രമിക്കുന്നത് കണ്ടെങ്കിലും സ്വന്തം പൗരന്മാരുടെ ജീവന് നഷ്ടപ്പെട്ടതിലുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയേണ്ടതായിരുന്നു. അതുണ്ടായില്ല. ഇനി ഭീഷണിക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതിരിക്കുകയെങ്കിലും ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: