കേരളപ്പിറവിയുടെ സുവര്‍ണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം മലയാളികളോട് ചോദിച്ച ഒരു ചോദ്യമുണ്ട് ‘നിങ്ങള്‍ക്ക് പാര്‍ട്ടിയോ നാടോ വലുത്?’ കക്ഷിരാഷ്ട്രീയത്തിന്റെ തത്വദീക്ഷയില്ലാത്ത കിടമത്സരത്തില്‍ നിര്‍ദാക്ഷിണ്യം ഹോമിക്കപ്പെടുന്ന നാടാണ് കേരളം. അനീതിയും പക്ഷപാതിത്വവും ജാതിമതപ്രീണനവും കൊടികുത്തിവാഴുന്ന കേരളത്തില്‍ ജീവിച്ച് തീഷ്ണമായ അനുഭവങ്ങള്‍ നെഞ്ചിലേറ്റിയ ശേഷമാണ് ഡോ. കലാം രാഷ്ട്രപതിയായത്. കേരളത്തോട് രാഷ്ട്രപതി ചോദിച്ച ചോദ്യം അരവ്യാഴവട്ടക്കാലം പിന്നിടുമ്പോഴും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാത്ത സമസ്യയായി ഇവിടെ അവശേഷിക്കുന്നു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരെക്കൊണ്ട് ഈ ചോദ്യം സ്വയം ചോദിപ്പിച്ച് അവരില്‍ ഉത്തരം രൂപപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ ബി.ജെ.പിക്ക് നെയ്യാറ്റിന്‍കരയില്‍ വിജയിക്കാന്‍ സാധിക്കും. കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍ ഇന്ത്യന്‍ ഭരണഘടനയേക്കാള്‍ പാര്‍ട്ടി ഭരണഘടന വലുതെന്ന് സ്ഥാപിക്കുന്നവരാണ് കേരളത്തിലെ മുഖ്യകക്ഷിയായ സിപിഎം! അക്രമംകൊണ്ട് നരമേധവും പാര്‍ട്ടി ഗ്രാമങ്ങള്വഴി സമാന്തരഭരണവും നടത്തുന്നത് അവരുടെ പാര്‍ട്ടി തിട്ടുരമനുസരിച്ചാണ്. രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തൊളം അധികാരത്തിനുവേണ്ടി എന്ത് ഹീനപ്രവര്‍ത്തിയും ചെയ്യുമെന്ന നിലയില്‍ അവര്‍ അധ:പതിച്ചിരിക്കുന്നു. സംഘടിത ന്യൂനപക്ഷ കണ്ണുരുട്ടലിന് മുമ്പില്‍ സാഷ്ടാംഗ പ്രണാമത്തിനുവേണ്ടി നട്ടെല്ല് വളച്ച് നാണംകെട്ട് നടക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ). പണ്ട് ഗുല്‍സാരിലാല്‍ നന്ദ കേരളത്തിലെ കോണ്‍ഗ്രസ്സിനെ “ദേശീയ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ രോഗഗ്രസ്ഥഘടകം” എന്നു വിശേഷിപ്പിച്ചത് ഇവിടെ നടത്തിവന്ന നഗ്നമായ മത-ജാതി പ്രീണനം കണ്ടുമടുത്തിട്ടായിരുന്നു. ന്യൂനപക്ഷ പ്രീണനംകൊണ്ട് ഭരണഘടനാധിഷ്ഠിത നീതി അട്ടിമറിക്കപ്പെട്ട നാടാണിപ്പോള്‍ കേരളം. ഈ അപകടതലം ജനമനസ്സുകളിലേക്ക് സന്നിവേശിപ്പിക്കാന്‍ ബിജെപിയ്ക്ക് കഴിയേണ്ടതുണ്ട്.
കേരള സംസ്ഥാനം തുല്യനീതി, നിയമാധിഷ്ഠിതനീതി എന്നിവയുടെ ശവപ്പറമ്പായി മാറാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സംഘടിത ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുക വഴി സാമൂഹിക സന്തുലിതാവസ്ഥപോലും അപകടത്തിലായിട്ടുള്ള പ്രദേശമാണ് കേരളം. ഭൂരിപക്ഷ സമൂഹമായ ഹിന്ദുക്കള്‍ തങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയില്‍ നട്ടംതിരിയുകയാണ്. ഭൂരിപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് ന്യൂനപക്ഷം കവര്‍ന്നെടുക്കുന്നു എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവുന്നതല്ല. ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ സത്യം ഉറപ്പിച്ച് ഉറക്കെപ്പറയുന്നത് നീതി ലഭിക്കേണ്ടവന് നീതി നിഷേധിച്ചുകൂടാ എന്ന അടിസ്ഥാനപ്രമാണത്തെ ആസ്പദമാക്കിയാണ്.
കേരളത്തിലെ യുഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി അധികാരം കയ്യാളിയപ്പോള്‍ അനുഭവങ്ങളുടെ സാക്ഷ്യപത്രങ്ങളുയര്ത്തി അരവ്യാഴവട്ടക്കാലം മുമ്പ് തുറന്നുപറഞ്ഞത് ഇപ്രകാരമായിരുന്നു. “കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ സംഘടിതരാണ്. ഈ സംഘടിത ന്യൂനപക്ഷം ആ സംഘടിത ശക്തിയെ ഉപയോഗിച്ചുകൊണ്ട് ഗവണ്മെന്റില് നിന്നും കൂടുതല്‍ വിലപേശല്‍ നടത്തുന്നു എന്നൊരാക്ഷേപം ഇതരസമുദായങ്ങള്ക്കുണ്ട്. ആ ആക്ഷേപത്തിന്റെ അന്തരീക്ഷം കേരളത്തില്‍ നിലില്‍ക്കുന്നു. ആ സത്യം ആരും വിസ്മരിക്കരുത്. കേരളത്തില്‍ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കേരള സമൂഹത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ന്യൂനപക്ഷങ്ങളാണ്. ആ സത്യം കാണുന്ന ഒരുത്തനാണ് ഞാന്‍. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളോട് കുറച്ചുകൂടി സംയമനം പാലിക്കണം എന്നു ഞാന്‍ പറയുന്നത്.” (മുഖ്യമന്ത്രി എ.കെ. ആന്റണി 2003 ജൂലൈ 9ന് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണം- മാതൃഭൂമി 14-07-03)
2004 ജൂണ്‍ ഒന്നിന് യുഡിഎഫ് യോഗത്തില്‍ ആന്റണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റമുണ്ടായത് ഫോട്ടോ സഹിതം ഒന്നാം പേജില്‍ നല്‍കിക്കൊണ്ട് വന്ന വാര്‍ത്തയുടെ തലവാചകം ഇപ്രകാരമായിരുന്നു. “ലീഗിന്റെ പിണിയാളാകാന്‍ എന്നെ കിട്ടില്ല. മുഖ്യമന്ത്രിസ്ഥാനം തുടരാന്‍ താല്‍പ്പര്യമില്ല” – എ.കെ. ആന്റണി (മംഗളം 2-6-04) ഇതിന് മറുമൊഴിയായി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “എ.കെ. ആന്റണിയുടെ അപ്രമാദിത്വത്തിന് വഴങ്ങില്ല.”- (മംഗളം 2-6-2004) കേരളത്തിന്റെ ഭരണസാരഥ്യം വഹിച്ച് രഹസ്യഫയലുകള്‍ പോലും കണ്ട് വിലയിരുത്തി അഭിപ്രായപ്രകടനം നടത്തുന്ന കേരള മുഖ്യമന്ത്രിയാണ് ഇവിടെ ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന സത്യം പരസ്യമായി വെളിപ്പെടുത്തിയത്. പക്ഷേ, വെളിപ്പെടുത്തിയ പ്രകടമായ അനീതി പരിഹരിക്കാന്‍ ആന്റണിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ, പിന്ഗാമികളോ ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല. സത്യമേ പറയൂ എന്ന് ശഠിച്ച ആന്റണിക്ക് അവസാനം തന്റെ മുഖ്യമന്ത്രി സ്ഥാനം തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. എന്നിട്ടും അനീതി അവസാനിപ്പിക്കാനും വ്രണിത വിഭാഗത്തിന് അര്‍ഹമായ നീതികിട്ടാനും വേണ്ടി ആരും ഒന്നും ചെയ്തില്ലെന്നു മാത്രമല്ല കവര്ന്നെടുക്കലുകാരും പിണിയാളുകളും കൂടുതല്‍ ശക്തിനേടി എല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നു.
2010 ഒക്ടോബറില്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഇടതുപക്ഷക്കാരനായ അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദനും ആന്റണി പറഞ്ഞ ഭൂരിപക്ഷ സമൂഹത്തിന്റെ നേര്‍ക്കു നടക്കുന്ന നെറികേടിന്റെയും നീതിനിഷേധത്തിന്റെയും സംഘടിത കവര്‍ന്നെടുക്കലിന്റെയും കഥ ആവര്‍ത്തിച്ചു. ക്രിസ്ത്യന്‍, മുസ്ലീം വര്‍ഗ്ഗീയത വളര്‍ന്നുവെന്ന് തുറന്നടിച്ചു പറയുവാനും അച്യുതാനന്ദന് ആ മുഖാമുഖം പരിപാടി ഉപയോഗപ്പെടുത്തുകയുണ്ടായി. പക്ഷേ ഈ കൊടിയ അനീതി ഇല്ലാതാക്കുവാനും തുല്യനീതി നടപ്പാക്കാനും ഭൂരിപക്ഷ സമൂഹത്തിന്റെ നഷ്ടപ്പെട്ട അവകാശങ്ങളെങ്കിലും തിരിച്ചെടുത്തു നല്‍കാനും എന്തെങ്കിലും നടപടി അദ്ദേഹം സ്വീകരിച്ചതായി ആര്‍ക്കും അറിവില്ല. ഈ നീതി നിഷേധം, ഭരണതല വിവേചനം, അവഗണന എന്നിവ നെയ്യാറ്റിന്‍കരയില്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ് കേരളത്തെ മുസ്ലീംലീഗിന് തീറെഴുതി കൊടുത്തുകഴിഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെ നിശ്ചയിക്കേണ്ടതും അവര്‍ക്കു വകുപ്പുകള്‍ പ്രഖ്യാപിക്കേണ്ടതും മുഖ്യമന്ത്രിക്ക് മാത്രം ഭരണഘടന കല്പ്പിച്ചു നല്‍കിയിട്ടുള്ള സവിശേഷ അധികാരമാണ്. എന്നാല്‍ കേരളത്തില്‍ മുസ്ലീംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ 5-ാം മന്ത്രിയേയും അദ്ദേഹത്തിന്റെ വകുപ്പുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രയുടെയും കോണ്‍ഗ്രസ്സിന്റെയും കഴുത്തില്‍ കത്തി ചൂണ്ടി അത് പിടിച്ചുവാങ്ങുകയും ചെയ്തു. കെ.പി.സി.സി. ഭാരവാഹികള്‍ യോഗം ചേര്‍ന്ന് വേണ്ടെന്ന് തീരുമാനിച്ചിട്ടും മുസ്ലീംലീഗിന് കോണ്‍ഗ്രസ്സിന്റെ തലയുടെ മീതെകൂടി തങ്ങളുടെ അതിരുവിട്ട ആവശ്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു.
കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ ഏറ്റവുമധികം സഹായിച്ച രണ്ടു പ്രസ്ഥാനങ്ങളാണ് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും! ബഹുമാന്യനായ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി മുസ്ലീംലീഗ് കൊണ്ടുവന്ന വിദ്യാഭ്യാസ പാക്കേജിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആരാധ്യനായ ജനറല്‍ സെക്രട്ടറി അതിന്റെ പ്രസിദ്ധീകരണമായ ‘യോഗനാദത്തില്‍’ വിദ്യാഭ്യാസ മന്ത്രി തന്റെ കീഴില്‍ നടത്തിയ മുഴുവന്‍ നിയമനങ്ങളും മന്ത്രിയുടെ മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി എഡിറ്റോറിയലെഴുതി പ്രതിഷേധിച്ചു.
പ്രബലരായ ഈ രണ്ട് ഹിന്ദുസംഘടനാ നേതാക്കളും ഹിന്ദുക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുകയും കവര്‍ന്നെടുക്കുകയും ചെയ്യുന്ന ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ അപ്രമാദിത്വത്തിനെതിരെ അരയും തലയും മുറുക്കി ജനങ്ങള്‍ രംഗത്തിറങ്ങാനും നെയ്യാറ്റിന്‍കരയെ ഉപയോഗപ്പെടുത്താനും ആഹ്വാനം നല്‍കിയിട്ടുണ്ട്. സി.പി.എം. അക്രമരാഷ്ട്രീയത്തിനെതിരെ ബി.ജെ.പി. ശക്തമായി പ്രതികരിക്കേണ്ട അസുലഭ സന്ദര്‍ഭം സംജാതമായ വര്‍ത്തമാന സാഹചര്യത്തെയും മൗനം വെടിഞ്ഞ് ഉപയോഗപ്പെടുത്താന്‍ ദേശീയ ശക്തികള്‍ക്ക് കഴിയേണ്ടതുണ്ട്.
സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ തിരുകൊച്ചിയില്‍ കോണ്‍ഗ്രസ്സ് കയ്യാളിയ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയത്തിനെതിരെ കൈകോര്‍ത്തുപിടിച്ചു പോരാടിയ നേതാക്കളായിരുന്നു മന്നത്ത് പത്മനാഭനും ആര്. ശങ്കറും. എന്‍.എസ്.എസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഈഴവ സമുദായക്കാരനും എസ്.എന്‍.ഡി.പി.യുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നായര്‍ സമുദായക്കാരനും അംഗങ്ങളായ ആ സുവര്‍ണ്ണ കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കേണ്ട അവസരമാണിത്. അന്നത്തെ കൊടിയ അനീതി കൂടുതല്‍ ശക്തമായിരിക്കുന്നു. ഇതിനെതിരെ സത്യവും നീതിയും ജനമനസ്സുകളില്‍ സന്നിവേശിപ്പിക്കേണ്ട ഘട്ടം സമാഗതമായിരിക്കുന്നു. 1950-52 നേക്കാള്‍ സ്ഥിതിഗതികള്‍ എത്രയോ കൂടുതല്‍ മോശമായിരിക്കുന്നു.
മന്നത്തേയും ശങ്കറേയും കൂടാതെ കോണ്‍ഗ്രസ്സിന്റെ നെറികേടുകള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമായിരുന്നു പട്ടം താണുപിള്ളയുടേത്. ന്യൂനപക്ഷ പ്രീണനത്തിനെതിരെ ഹിന്ദുത്വം മാറ്റുരച്ചു നോക്കിയ ആദ്യകാല ഉപ തെരഞ്ഞെടുപ്പുകളില്‍ നെയ്യാറ്റിന്‍കരയും നെടുമങ്ങാടും അഖിലേന്ത്യാ തലത്തില്‍തന്നെ കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിച്ച ചരിത്രമുള്ള കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളാണ്. നെടുമങ്ങാട് മന്നം- ശങ്കര്‍ കൂട്ടുകെട്ടിന്റെ സ്ഥാനാര്‍ത്ഥിയും നെയ്യാറ്റിന്‍കരയില്‍ പട്ടം താണുപിള്ളയുടെ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ പ്രീണനനയത്തിനെതിരെ ജനങ്ങളെ അണിനിരത്തി വിജയിച്ച പ്രദേശങ്ങളായിരുന്നു. ചരിത്രം വീണ്ടും കൂടുതല്‍ കരുത്തോടെ ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. തെറ്റിനും കുറ്റത്തിനുമെതിരേ ആഞ്ഞടിക്കാന്‍ നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാര്‍ക്ക് കഴിയണം. ന്യൂനപക്ഷ ശക്തികളുടെ സമ്മര്‍ദ്ദത്തിന് കീഴടങ്ങുന്ന ആര്‍ജ്ജവമില്ലാത്ത രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന് അവസരം നല്‍കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: