രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പി.എ.സാംഗ്മയുടെ പേര് പെട്ടെന്നാണ് ഉയര്‍ന്നു വന്നത്. സ്ഥാനാര്‍ഥി മോഹവുമായി വിവിധ കക്ഷികളെ സാംഗ്മ നേരത്തെ തന്നെ കണ്ടതാണ്. പക്ഷേ അതൊന്നും പൊതുചര്‍ച്ചയായിരുന്നില്ല. ഒഡീഷാ മുഖ്യമന്ത്രി നവീന്പട്നായ്ക്കും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും ഈ വിഷയം ചര്‍ച്ച ചെയ്തു. ഇരുവരും സാംഗ്മയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചു. യുപിഎ ഘടകകക്ഷിയായ എന്‍സിപിയുടെ നേതാവാണ് സാംഗ്മ. പക്ഷേ എന്‍സിപി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ശരത്പവാര്‍ പറയുന്നു. എന്‍സിപിയുടെ എംപിയും കേന്ദ്രമന്ത്രിയും സാംഗ്മയുടെ മകളുമായ അഗതാ സാംഗ്മ പിതാവാകട്ടെ രാജ്യത്തിന്റെ 13-ാം രാഷ്ട്രപതിയെന്ന് പറഞ്ഞിട്ടുമുണ്ട്. കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് അഗത.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുഖ്യപങ്കു വഹിക്കേണ്ടത് യുപിഎയും എന്‍ഡിഎയുമാണ്. യുപിഎ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ്കുമാര്‍ മുഖര്‍ജിക്കു വേണ്ടി കരുനീക്കം തുടങ്ങി. ഡിഎംകെയുടെ പിന്തുണ തേടി ഏപ്രില്‍ 29ന് പ്രതിരോധ മന്ത്രി എ.കെ.ആന്റണി എം.കരുണാനിധിയെ കണ്ടു. കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ സാന്നിധ്യത്തില്‍ ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി പുറത്തിറങ്ങിയ ആന്റണി വിട്ടൊന്നും പറഞ്ഞിട്ടില്ല. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പേരും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്. എന്‍ഡിഎയെ ആണെങ്കില്‍ തീരുമാനമൊന്നും എടുത്തിട്ടുമില്ല. മുംബൈയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതിക്കു ശേഷമാകും അതിനെ കുറിച്ചുള്ള ആലോചന. പക്ഷേ മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമായാലെന്താ ? എന്നൊരു ചിന്തയുമുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജിയാണെങ്കില്‍ പിന്തുണ നല്കാന് സിപിഎം ഒരുങ്ങുകയാണ്. അതങ്ങനെയാണ്. കോണ്‍ഗ്രസും സിപിഎമ്മും കീരിയും പാമ്പും പോലെ പെരുമാറുന്നതായി ഭാവിക്കും. ഇടയ്ക്കവര്‍ ബോബനും മോളിയുമാകും. പ്രണബാണ് കോണ്‍ഗ്രസ് സ്ഥാനാര്ഥിയെങ്കില് സിപിഎം പിന്തുണ നല്കുമ്പോള് കേരളത്തിലെ സിപിഎമ്മുകാര്‍ ആര്‍ക്കു വോട്ടു ചെയ്യും ? കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുന്ന കേരളത്തിലെ പ്രതിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യേണ്ട ഗതികേട് മറച്ചു വയ്ക്കാന്‍ അവര്‍ ന്യായങ്ങള്‍ നിരത്തിയേക്കാം. നെയ്യാറ്റിന്‍കരയില്‍ സിപിഎം ജയിക്കുമെന്നല്ലേ സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ജയിച്ചു പോകുന്ന സിപിഎം എംഎല്‍എ കോണ്‍ഗ്രസിന് വോട്ടു നല്കുന്ന അവസ്ഥയൊന്നാലോചിച്ചു നോക്കൂ. നാണമുള്ളവര്‍ക്കല്ലേ നാണക്കേടുണ്ടാകൂ. പ്രണബ് പണ്ട് രാജ്യസഭയിലെത്തിയതും സിപിഎം കണ്ണടച്ചതു കൊണ്ടാണ്.
ബംഗാളികള്‍ക്ക് അങ്ങനെയൊരു മമതയുണ്ട്. അതു മാത്രമല്ല. നിലവിലുള്ള രാഷ്ട്രപതി പ്രതിഭാ ദേവീ സിംഗ് പാട്ടീലിനെ വിജയിപ്പിക്കാന്‍ എന്തൊരു ഒത്തൊരുമയായിരുന്നു. ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ഷെഖാവത്തായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. അടിമുടി മാന്യനെന്ന് സര്‍വരും സമ്മതിക്കുന്ന നേതാവ്. അദ്ദേഹത്തെ തോല്പിച്ചു ജയിപ്പിച്ച മഹതിയുടെ വിശേഷണം കേള്‍ക്കുമ്പോള്‍ അഭിമാനമല്ല അപമാനമല്ലേ തോന്നുന്നത് !
ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിലെല്ലാം വച്ച് ഏറ്റവും വലുതാണ് നമ്മുടെ രാഷ്ട്രപതി ഭവനം. 1950 വരെ വൈസ്രോയിമാരുടെ താമസസ്ഥലമായ റെയ്സിനാ കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവന് 19 വര്‍ഷം കൊണ്ടാണ് പണിതത്. 1931ല്‍ ആദ്യതാമസക്കാരനായ ഇര്വിന് പ്രഭു എത്തി. പന്ത്രണ്ടാമത്തെ രാഷ്ട്രപതിയായാണ് പ്രതിഭാ പാട്ടീല്‍ എത്തിയത്. നാലരവര്‍ഷം രാഷ്ട്രപതി കാലയളവില്‍ വിദേശയാത്രയ്ക്കു മാത്രം അവര്‍ ചെലവാക്കിയത് 200 കോടിയിലധികമാണ്. ഈ വാര്‍ത്ത ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളോടുള്ള അവഹേളനമാണെന്ന് പറയേണ്ടതില്ലല്ലോ. വിലയേറിയ ഈ യാത്ര കൊണ്ട് വലിയ എന്തെങ്കിലും നേട്ടം രാജ്യത്തിനുണ്ടായി എന്നും പറയാനാകില്ല. എടുത്തു പറയത്തക്ക സംഭാവനകളെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം കോണ്‍ഗ്രസെങ്കിലും ഒരു ചാന്‍സു കൂടി അവര്‍ക്കു നല്‍കുമായിരുന്നല്ലോ. അവരുടെ പേരു പോലും ഉച്ചരിക്കാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. കമ്മ്യൂണിസ്റ്റു പിന്തുണയോടെ അവര്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എത്തുന്നതു വരെ പ്രതിഭാ പാട്ടീല്‍ ആരാണ്, എന്താണ് എന്നാര്‍ക്കുമറിയില്ല. പക്ഷേ രാജസ്ഥാനില്‍ അവരെ അറിയാം. ദല്‍ഹി നമ്പര്‍ 10-ജനപഥിലെ വലിയ വീട്ടിലെ കെട്ടിലമ്മയ്ക്കും നല്ല പരിചയമാണ്. രാജസ്ഥാനിലെ ഗവര്‍ണറായിരുന്നല്ലോ അവര്‍. ആ സമയത്ത് ബിജെപി സര്‍ക്കാരാണ് സംസ്ഥാനം ഭരിച്ചിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിന് അംഗീകാരം നല്കാന് ഗവര്‍ണര്‍ കൂട്ടാക്കിയില്ല. അത് മാത്രമായിരുന്നു രാഷ്ട്രപതി ഭവനിലേക്ക് അവര്‍ക്ക് വഴിയൊരുക്കിയത്.
രാഷ്ട്രപതി എന്നാല്‍ പ്രഥമ പൗരത്വമാണ്. ഭരണഘടന അനുസരിച്ച് പരമോന്നത പദവി. ആ സ്ഥാനത്തെത്തുന്നവരുടെ അര്‍ഹതയും യോഗ്യതയും സത്യസന്ധതയുമൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. 2007ല്‍ റെയ്സിനാ കുന്നിലെ വലിയ വീട്ടിലേക്ക് ഇവരെ ആനയിക്കുമ്പോള്‍ തന്നെ അഭിമാനകരമായ കുടുംബ പശ്ചാത്തലമല്ല എന്ന് വ്യക്തമായിരുന്നു. ആത്മഹത്യയും കൊലപാതകവും വിശ്വാസവഞ്ചനയും ഒക്കെ അവര്‍ക്കു നേരിട്ട് പങ്കില്ലാത്തതാണെങ്കിലും ബന്ധുത്വത്തില്‍ പെട്ടവര്‍ക്കെല്ലാം ഒഴിഞ്ഞു മാറാന്‍ പറ്റാത്തതാണ്. ഏറ്റവും ഒടുവില്‍ മകനും കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്രസിംഗ് ഷെഖാവത്ത് മഹാരാഷ്ട്രയില്‍ ഒരു പണി ഒപ്പിച്ചു. തന്റെ മണ്ഡലത്തില്‍ പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പണം കൊടുത്ത് വോട്ടു മറിക്കാന്‍ ശ്രമം നടത്തി. ഇതിനായി ഒരു കോടി രൂപയും കൊടുത്ത് രണ്ട് അനുയായികളെ വിട്ടു. അവര്‍ പിടിയിലായതോടെ പണത്തിന്റെ ഉടയോനെ മനസിലായി. ഷെഖാവത്ത് അതു സമ്മതിക്കുകയും ചെയ്തു. 87 വാര്‍ഡില്‍ ഓരോ ലക്ഷം വീതം. ബാക്കി പാര്‍ട്ടി ഫണ്ടിലേക്ക്. അതായിരുന്നു ലക്ഷ്യം.
റെയ്സിനാ കുന്നിറങ്ങുന്ന ഒന്നാം നമ്പരുകാര്‍ക്ക് ദല്‍ഹിയില്‍ വിശാലമായ ബംഗ്ലാവു നല്‍കാറുണ്ട്. എന്നാല്‍ പ്രതിഭാ പാട്ടീല്‍ അത് ലഭിക്കും വരെയൊന്നും കാത്തു നിന്നില്ല. പടിയിറങ്ങിയാല്‍ കൂടു കൂട്ടാന്‍ പൂനെ കന്റോണ്‍മെന്റ് സൈനിക സ്ഥലത്ത് 2,61,000 ചതുരശ്ര അടി ഭൂമി അവര്‍ കണ്ടെത്തി. പണ്ടൊരു രാഷ്ട്രപതിയുടെ ഭാര്യ മംഗലാപുരത്തെ ഒരു സ്വര്‍ണക്കടയില്‍ നിന്നും വിലകൂടിയ നെക്ലേസ് തരപ്പെടുത്തിയ കഥ കേട്ടിട്ടുണ്ട്. അതിനെക്കാള്‍ തരംതാണുപോയി സൈനിക ഭൂമി തരപ്പെടുത്താന്‍ രാഷ്ട്രപതി തന്നെ ശ്രമിച്ചതെന്ന് പറയാതിരിക്കാനാകില്ല. ഏതായാലും പ്രതിഭാപാട്ടീലിനെ രണ്ടാമതൊരു ഊഴത്തിന് പരിഗണിക്കാന്‍പോലും തയ്യാറാകാഞ്ഞത് നന്നായി. പകരം പ്രണബാണോ സാംഗ്മയാണോ അതോ മറ്റാരെങ്കിലുമാകുമോ എന്നതറിയാന്‍ ഒരുമാസം കൂടി ക്ഷമിച്ചാല്‍ മതി. ജൂലായ് 25നാണ് നിലവിലെ രാഷ്ട്രപതിയുടെ സമയം തീരുന്നത്.
ഒന്നുകില്‍ ഉപരാഷ്ട്രപതി, അല്ലെങ്കില്‍ രാഷ്ട്രപതി എന്നൊക്കെ എ.കെ.ആന്റണിയെക്കുറിച്ചുള്ള ചര്‍ച്ച പരന്നിരുന്നു. സര്വസമ്മതനാകാന് ആന്റണിയും ശ്രദ്ധിച്ചിരുന്നു. വിവാദങ്ങളിലൊന്നും ചെന്നുപെടാതെ സൂക്ഷിച്ചുനില്ക്കാന് ആന്റണിക്കറിയാം. തൂവെള്ള ഖദറില്‍ ചെളിതെറിക്കാതെ ശ്രദ്ധിക്കാനും നോക്കാറുണ്ട്. കൂടെ നിന്നവരെല്ലാം നാറുമ്പോഴും നിവര്‍ന്നു നില്ക്കുന്നവന് ആന്റണി എന്ന് അഭിമാനിക്കുന്നവരില്‍ ‘അയ്യടാ’ എന്ന് തോന്നിപ്പിച്ചതാണ് പ്രതിരോധവകുപ്പില്‍ ഏറ്റവും ഒടുവില്‍കേട്ട അഴിമതി. കരസേനാമേധാവി നേരിട്ട് പറഞ്ഞിട്ടും എഴുതി തരാഞ്ഞതിനാല്‍ അന്വേഷിച്ചില്ല എന്ന ന്യായം ആന്റണിയെ തൃപ്തിപ്പെടുത്തിയോ എന്നറിയില്ല. പക്ഷേ പൊതുജനങ്ങള്ക്കൊട്ടും തൃപ്തിയായില്ല കേട്ടോ. കരസേനാ മേധാവി യഥാസമയം വയസ്സറിയിച്ചില്ലെന്ന പ്രതിരോധമന്ത്രിയുടെ നിലപാടും ശരിയായോ എന്ന സംശയം ബാക്കി നില്ക്കുന്നു. ആന്റണിയെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ഇതൊന്നും തടസ്സമൊന്നുമല്ല. പക്ഷേ സാംഗ്മയെങ്ങാനും കയറിവന്നാല്‍ സ്വാഭാവികമായി ഉയരുന്ന സംശയമുണ്ട്. ‘അപ്പോള്‍ ആന്റണിയോ ?’
അറയ്ക്കല്‍ പറമ്പില്‍ കുര്യന് ആന്റണിയെക്കാള്‍ ഏഴുവയസ്സ് ചെറുപ്പമാണ് പൂര്ണോ അഗിടോക് സാംഗ്മയ്ക്ക്. പക്ഷേ രണ്ടുപേരും ഭരണപരിചയം വേണ്ടുവോളമുള്ളവര്‍. സംസ്ഥാന മുഖ്യമന്ത്രിയായിരുന്നവര്‍. സാംഗ്മ ലോകസഭയിലൂടെയും ആന്റണി രാജ്യസഭ വഴിയുമാണ് പാര്‍ലമെന്റിലും കേന്ദ്രമന്ത്രിസഭയിലുമെത്തിയത്. സാംഗ്മയ്ക്ക് ഒരു സവിശേഷത കൂടിയുണ്ട്. ലോകസഭയുടെ അധ്യക്ഷനായി മികവു തെളിയിച്ചു. ഇരുവരും റോമന്‍ കത്തോലിക്കാ വിഭാഗത്തിലാണെങ്കിലും സാംഗ്മയ്ക്ക് അതിലും ഒരു തൂക്കം മുന്നിലാണ്. ഗോത്രവര്ഗക്കാരന്. ഈ വിഭാഗത്തില്‍ നിന്നും വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ആരും റെയ്സിനാ കുന്നിലെ വിശാലമായ കൊട്ടാരത്തിലെ താമസക്കാരനായിട്ടില്ല. അതെങ്ങാനും സാംഗ്മയുടെ അധീനത്തിലാകേണ്ടി വന്നാല്‍ മറ്റൊരു റോമന്‍ കത്തോലിക്കകാരന് ഉപരാഷ്ട്രപതിയാകാന്‍ കഴിയുമോ ? അഞ്ചു വര്‍ഷം കഴിഞ്ഞുള്ള രാഷ്ട്രപതിക്കസേരയും റോമന്‍ കത്തോലിക്കകാരനെ കാത്തിരിക്കുമോ ? ആകെ ഒരു കണ്ഫ്യൂഷന്. അതു കൊണ്ടു തന്നെ കോണ്‍ഗ്രസിന് ഒരു സംശയവും ഉണ്ടാകാന്‍ ഇടയില്ല. സാംഗ്മയെ എന്തു വില കൊടുത്തും തടയണം എന്നു തന്നെയാകും അവരുടെ നിലപാട്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: