ജോത്സ്യന്മാരെ ഞാന്‍ വിശ്വസിക്കാറോ ആശ്രയിക്കാറോ ഇല്ലെങ്കിലും ജ്യോതിഷം എന്ന ശാസ്ത്രത്തില്‍ എനിക്ക് വിശ്വാസമാണ്. അതുകൊണ്ട് ഗ്രഹങ്ങളുടെ നില മാറുന്നത് ഞാന്‍ ശ്രദ്ധിക്കാറും ഉണ്ട്. ഇന്ന് വ്യാഴത്തിന്റെ നില മാറി. നിര്ണായകമാണത്രെ വ്യാഴത്തിന്റെ ഈ മാറ്റം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു നിര്‍ണായകമായ മാറ്റമായിരുന്നു ശനിയുടേത്. ഈ മാറ്റങ്ങള്‍ എല്ലാ വ്യക്തികളേയും ബാധിക്കുമെന്നാണ് ശാസ്ത്രം. ചിലരെ അനുകൂലമായും ചിലരെ പ്രതികൂലമായും. ജ്യോതിഷത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും ജ്യോത്സ്യന്മാരെ അന്ധമായി ആശ്രയിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുന്നവരാണ് വാണിജ്യ, രാഷ്ട്രീയ, ചലച്ചിത്ര രംഗങ്ങളിലുള്ളവര്‍ അധികവും. എല്ലാ രാഷ്ട്രീയക്കാരും സിനിമക്കാരും കച്ചവടക്കാരും അങ്ങനെയാണെന്നല്ല. അല്ലാത്തവരും ഉണ്ട്. അവരില്‍ ചിലര്‍ പുരോഗമന വാദികളും യുക്തിവാദികളുമായി ചമയുകയും രഹസ്യമായി ചാത്തന് സേവയും, മന്ത്രവാദവുമൊക്കെ നടത്തുകയും ചെയ്യും. കേരളത്തിലും അത്തരക്കാര്‍ അനവധിയാണ്.
പക്ഷെ ഉമ്മന്‍ചാണ്ടിയോ പിണറായി വിജയനോ ജ്യോത്സ്യന്മാരെ ആശ്രയിക്കുന്നതായി ഞാന്‍ കരുതുന്നില്ല. എന്നാല്‍ അവരുടെ അടുത്ത പല സഹപ്രവര്‍ത്തകരും സഖാക്കളും അക്കാര്യത്തില്‍ തെല്ലും പിന്നിലല്ല. എന്തായാലും ശനിയുടേയും വ്യാഴത്തിന്റെയും മാറ്റം ഉമ്മന്‍ ചാണ്ടിയേയും പിണറായി വിജയനേയും, അവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും, കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഇത് ജ്യോതിഷവിധി പ്രകാരമോ, ഈ രണ്ട് നേതാക്കളുടെ ഗ്രഹനില വിശകലനം ചെയ്തോ പ്രകടിപ്പിക്കുന്ന അഭിപ്രായമല്ല. ഇരുവരുടേയും അടുത്ത കാലത്തെ അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തിലാണിത് പറയുന്നത്.
ഉമ്മന്‍ചാണ്ടിയെ അനുകൂലമായും പിണറായിയെ പ്രതികൂലമായും ശനിയോ, വ്യാഴമോ ബാധിച്ചിരിക്കുന്നു എന്നത് സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങള്‍ വിളിച്ചു പറയുന്നു. സമയവും സംഭവഗതിയുമൊക്കെ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായും പിണറായിക്ക് പ്രതികൂലമായും മാറിക്കൊണ്ടിരിക്കുന്നതിന് പ്രത്യേക രാഷ്ട്രീയ കാരണങ്ങളൊന്നും കാണുന്നില്ല. രാഷ്ട്രീയ ഘടകങ്ങള്‍ മാത്രം പരിഗണിക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയില്‍ ഉറക്കം നഷ്ടപ്പെടേണ്ട കാലമാണിത്.
പിറവത്ത് ഉമ്മന്‍ചാണ്ടിയുടെ മുന്നണിക്ക് ബമ്പറടിച്ചു. അതിന് രാഷ്ട്രീയ കാരണങ്ങള്‍ ഏറെയില്ല. പിറവത്ത് പരാജയപ്പെട്ടാല്‍ താനായിരിക്കും ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള അവസാന കേരള മുഖ്യമന്ത്രിയെന്ന ഉമ്മന്‍ചാണ്ടിയുടെ ഭീഷണിയെ തുടര്‍ന്ന് സത്യക്രിസ്ത്യാനികളൊട്ടാകെ കുരിശിന്റെ വഴി സ്വീകരിച്ചതാണ് ഐക്യജനാധിപത്യമുന്നണി അവിടെ അട്ടിമറി വിജയം നേടിയതിന് പിന്നില്‍ എന്ന് പ്രചരണമുണ്ട്. പക്ഷെ പിറവമല്ല നെയ്യാറ്റിങ്കര. അവിടെ പള്ളിയും പട്ടക്കാരും സഹായിച്ചാല്‍ ചിലതൊക്കെ നടക്കുമെങ്കിലും ഭൂരിപക്ഷസമുദായത്തെ ചവിട്ടിമെതിച്ചു മുന്നോട്ട് പോവാന്‍ നെയ്യാറ്റിങ്കരക്കാര്‍ അങ്ങനെ സമ്മതിക്കില്ല. അതുകൊണ്ട് തന്നെ നെയ്യാറ്റിങ്കര നിയോജകമണ്ഡലത്തില്‍ നീന്തിക്കയറുന്നതിന്, നെയ്യാറിലെ വെള്ളമത്രയും ഉമ്മന്‍ചാണ്ടിയും കൂട്ടരും കുടിക്കേണ്ടിവരുമെന്നത് കേരളത്തിലെ രാഷ്ട്രീയ ശിശുക്കള്‍ക്ക് പോലും അറിയാം. അങ്ങനെയിരിക്കെയാണ് ഒഞ്ചിയത്തെ ചന്ദ്രശേഖരനെ ക്രൂരമായി കൊല ചെയ്യുന്നത്. അതോടെ രാഷ്ട്രീയാന്തരീക്ഷം മാറിമറിഞ്ഞു. ചര്‍ച്ചാവിഷയങ്ങളും ചര്‍ച്ചയും മാറി. ശെല്‍വരാജിന്റെ കാലുമാറ്റവും കാലുമാറി വന്ന സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം നല്കിയതും കാലുമാറിയ മറ്റൊരാള്‍ക്ക് മന്ത്രിസ്ഥാനം നല്കിയതും ആ മന്ത്രിയെ തീരുമാനിച്ചത് മുഖ്യമന്ത്രി അല്ല മുസ്ലീംലീഗ് അദ്ധ്യക്ഷനാണെന്നതും അങ്ങനെ മതമൗലിക വാദത്തിനു മുന്നില്‍ മതേതരത്വത്തെ പിടിച്ച് ആണയിടുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസും മുട്ടുകുത്തിയതും മറ്റും ജനം മറക്കാനും പൊറുക്കാനും തക്ക പാതകമായി ഒരു രാഷ്ട്രീയ കൊലപാതകം വളര്‍ന്നു വലുതായതും ആരുടെ സമയം നന്നായതുകൊണ്ടാണെന്ന് കവിടി നിരത്തി നേക്കേണ്ടതില്ല.
മറുപക്ഷത്ത് പിണറായിയുടേയും പാര്‍ട്ടിയുടേയും പ്രതീക്ഷയ്ക്കും പ്രത്യാശയ്ക്കുമൊക്കെ മേല്‍ കരിനിഴല്‍ വിഴ്ത്തിക്കൊണ്ട് കൊല്ലപ്പെട്ട ചന്ദ്രശേഖരന് ജിവിച്ചിരുന്ന ചന്ദ്രശേഖരനെക്കാള്‍ കേരളത്തിന്റെ രാഷ്ട്രീയ ചക്രവാളമാകെ വളര്‍ന്നു വലുതാവുന്നത് അന്തം വിട്ട്, അസ്തപ്രജ്ഞനായി നോക്കിനില്ക്കാനെ സഖാക്കള്‍ക്ക് സാധിക്കുന്നുള്ളു. ഗ്രഹനില മോശമാവുമ്പോഴും, ഗ്രഹണത്തിനിടയിലെന്ന പോലെ ഞാഞ്ഞൂലും തല പൊക്കുമെന്നത്രെ പ്രമാണം. റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന ഒഞ്ചിയം പാര്‍ട്ടി പിണറായി നയിക്കുന്ന മഹാമാര്ക്സിസ്റ്റ് പാര്ട്ടിയ്ക്കുനേരെ ഫണം വിടര്‍ത്തിയാടുന്നു. എന്തിനേറെ ഇടതുപക്ഷപാര്‍ട്ടികളുടെ ഇദപര്യന്തമുള്ള ചരിത്രത്തില്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തരത്തില്‍ പാര്‍ട്ടി സെക്രട്ടറിയേയും പാര്‍ട്ടി നടപടിയേയും പാര്‍ട്ടിക്കാരനായ മുതിര്‍ന്ന നേതാവ് പത്രസമ്മേളനം വിളിച്ചുകൂട്ടി പരസ്യമായി വിമര്‍ശിക്കുന്നു. അച്ചടക്ക നടപടി എടുക്കാന്‍ പാര്‍ട്ടിനേതൃത്വത്തെ വെല്ലുവിളിക്കുന്നു. ഒന്നും ചെയ്യാനോ പറയാനോ ആകാതെ പാര്‍ട്ടിയുടെ സംസ്ഥാന, കേന്ദ്രനേതൃത്വം നോക്കിനില്ക്കുന്നു. പാറപോലെ ഉറച്ചതെന്ന് കരുതിയിരുന്ന കേഡര്‍ പാര്‍ട്ടിയില്‍നിന്ന് പല ജില്ലകളിലും പലരും കൊഴിഞ്ഞു പോകുന്നു. പോരെ ശനിയുടേയും വ്യാഴത്തിന്റെയും മാറ്റത്തിന്റെ പ്രതികൂല ഫലങ്ങള്‍.
ഗ്രഹങ്ങളുടെ മാറ്റം അനിശ്ചിതത്വത്തിന്റെ തടവറയിലാക്കിയിരിക്കുന്നത് ബാലകൃഷ്ണപിള്ളയുടെ കുടുംബത്തെയാണ്. കുടുംബത്തെയെന്ന് പറയാന്‍ കാരണം കേരള കോണ്‍ഗ്രസ് ‘ബി’യിലെ പ്രശ്നം വെറും ഒരു കുടുംബപ്രശ്നമാണെന്ന് വയലാര്‍ രവി കഴിഞ്ഞ ദിവസം പ്രസ്താവിച്ചതുകൊണ്ടാണ്. പിള്ളയുടെ പ്രശ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ നാള് മുതല്‍ ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കി തുടങ്ങിയതാണ്. ഒരു പ്രശ്നവുമില്ലെങ്കില്‍, ആവശ്യമില്ലാത്തതൊക്കെ അദ്ദേഹം ഏറ്റുപിടിച്ച് പ്രശ്നമുണ്ടാക്കും. പണ്ട് നിലയ്ക്കല്‍ വിവാദം കത്തിനില്‍ക്കുന്ന കാലത്ത് തോമാശ്ലീഹ!
കേരളത്തില്‍ വന്ന് നിലയ്ക്കല്‍ ഉള്‍പ്പടെയുള്ള യിടങ്ങളില്‍ ഏഴരപള്ളി സ്ഥാപിച്ചതിന്റെ ആധികാരിക രേഖകള്‍ തന്റെ പക്കലുണ്ടെന്ന് പിള്ളേച്ചന് അവകാശവാദം ഉന്നയിച്ചു. ഇടക്കാലത്ത് അബ്ദുള്‍ നാസര്‍ മദനിയുടെ വക്കാലത്തുമായി അദ്ദേഹത്തെ മോചിപ്പിക്കാനും മറ്റുമായി പിള്ള പ്രസംഗിച്ചു നടന്നു. അതിനൊക്കെ വളരെ മുമ്പാണ് പഞ്ചാബ് മോഡല്‍ പ്രസംഗം നടത്തിയതിന് കരുണാകരന് മന്ത്രിസഭയില്‍ നിന്ന് പിള്ള പുറത്തായത്. അന്ന് ഇന്നത്തെപോലെ അനിശ്ചിതത്വത്തിന്റെ തടവറയിലായിരുന്നു ബാലകൃഷ്ണപിള്ള. അന്നൊക്കെ മുഖ്യമന്ത്രി കരുണാകരനോട് പിള്ളയുടെ മന്ത്രിസ്ഥാനത്തെക്കുറിച്ച് പത്രക്കാര് ചോദിക്കുമ്പോള്‍ ‘ഏതു പിള്ള’ എന്നാണ് കരുണാകരന് പ്രതികരിച്ചിരുന്നത്. ഇന്നിപ്പോള്‍ സ്വയം മന്ത്രിയാവുകയല്ല സ്വന്തം പിള്ളയെ മന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കാനാണ് പിള്ളയുടെ ഒടുവിലത്തെ ശ്രമം. കേരള രാഷ്ട്രീയത്തിലെ ഒരു വന്‍ ‘നൂയിസന്‍സ്’ ആയി മാറിയിരിക്കുകയാണ് പിള്ള ഇന്ന്. കരുണാകരന്, മകന് മുരളിയെ മന്ത്രിയാക്കി; പിസിസി പ്രസിഡന്റാക്കി. മുഹമ്മദ് കോയയുടെ മകന് മുനീറും ടി.കെ.ദിവാകരന്റെ മകന് ബാബുവും മന്ത്രിമാരായ മന്ത്രി പുത്രന്മാരാണ്. അവുക്കാദര്‍ കുട്ടി നഹയുടെ മകനും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലുണ്ട്. മക്കള്‍ക്ക് രാഷ്ട്രീയ മേല്‍വിലാസം ഉണ്ടാക്കികൊടുക്കാനായി ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചവരുടെ കൂട്ടത്തില്‍ സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വരെയുണ്ട് കേരളത്തില്‍. കേരളത്തിനു പുറത്ത് പറയുകയും വേണ്ട. ഏറ്റവും ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്. പക്ഷെ അച്ഛന് മകനെ അധികാരകസേരയില്‍ നിന്ന് താഴെയിറക്കാനായി ശ്രമിക്കുന്നത് കേരള രാഷ്ട്രയത്തിലോ ഇന്ത്യന്‍ രാഷ്ട്രീയത്തിലോ എന്നല്ല പഴയ മുഗള്‍ കാലഘട്ടത്തില്‍ പോലും കേട്ടു കേഴ്വിയില്ല.
ഇവിടെയാണ് ആര്.ബാലകൃഷ്ണപിള്ള വ്യത്യസ്തനാവുന്നത്. എന്തൊക്കെയാണ് മകനെപ്പറ്റി ആ അച്ഛന് ഇപ്പോള്‍ നാടുനീളെ പറഞ്ഞു നടക്കുന്നത്. മകന് ഗണേശന് കഴിഞ്ഞ തവണ മന്ത്രി ആയപ്പോഴും ഇതു തന്നെയായിരുന്നു പിള്ളയുടെ പണി. അന്ന് അണിയറയിലായിരുന്നു. ഇന്ന് സഹിക്കാനാവാതെ മറനീക്കി പുറത്തുവന്ന് മകനെതിരെ ഉറഞ്ഞു തുള്ളുകയാണ് പിള്ള. ഇതൊക്കെ സഹിക്കുന്ന ഗണേശനെ സമ്മതിച്ചേ മതിയാകൂ. അതിനേക്കാള്‍ ഏറെ സമ്മതിക്കേണ്ടത് ഗണേശന്റെ മാതാവായ, പിള്ളയുടെ ധര്‍മ്മ പത്നിയേയാണ്. ഭര്‍ത്താവും മകനും തമ്മിലുള്ള ഈ പോര് ആയമ്മ എങ്ങിനെ സഹിക്കും.
ശനി മാറിയപ്പോഴാണ് പിള്ള പുറത്തിറങ്ങിയത്. ഇന്ന് വ്യാഴം മാറിയതിനെ തുടര്‍ന്ന് പിള്ളയുടെ മകനാവുമോ പുറത്താവുന്നത്? പക്ഷെ ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മുന്നില്‍ പിള്ളയുടെ പ്രശ്നം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു. പണ്ട് കരുണാകരന് ചോദിച്ചതുപോലെ ഏതു പിള്ള എന്നവര്‍ ചോദിക്കുന്നില്ലെന്നു മാത്രം. പകരം കാമരാജിനെപ്പോലെ പാര്‍ക്കാലാം എന്നു മാത്രം അവര്‍ പിള്ളപ്രശ്നത്തില്‍ പ്രതികരിക്കുന്നു.
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: