മരച്ചില്ലയിലിരുന്ന കിളികളിലൊന്നിനെ വേടന് അമ്പെയ്തു വീഴ്ത്തിയപ്പോള്‍ ‘അരുതു കാട്ടാളാ’ എന്ന് വിലക്കിയ കാവ്യസംകൃതിയുടെ നാടാണ് ഭാരതം. അമ്പേറ്റ് നിലത്തു വീണ് പിടഞ്ഞ പക്ഷിയെ നോക്കി, മരക്കൊമ്പിലിരുന്ന ഇണക്കിളിയുടെ ദുഃഖം മനസ്സിലൊതുക്കാന്‍ കവിക്കായില്ല. ഞെട്ടറ്റു വീണ പൂവിനെ കണ്ട് സങ്കടപ്പെട്ട കവിയുടെയും നാടാണ് നമ്മുടേത്. അവരെല്ലാം പ്രതികരിച്ചത് അവരുടെ സൃഷ്ടികളിലൂടെയാണ്. മഹത്തായ, മികച്ച സൃഷ്ടികളിലൂടെ.
ഇണയെ നഷ്ടപ്പെട്ട പക്ഷിയുടെയും അമ്പില്‍ നിന്നു മുറിവേറ്റ് വീണുമരിച്ച പക്ഷിയുടെയും വേദന സഹൃദയരുടെ നെഞ്ചിലേക്കു പകര്‍ന്നത് കവിയുടെ വാക്കുകളിലൂടെയാണ്. ഭാരതത്തിന്റെ പാരമ്പര്യം അത്തരത്തിലായിരുന്നു. കരുണ വറ്റാത്ത മനസ്സുമായാണ് നമ്മുടെ സാഹിത്യ പ്രതിഭകളും എഴുത്തുകാരും ജീവിച്ചത്. സമൂഹത്തില്‍ കാണുന്ന അധമ പ്രവര്‍ത്തികള്‍ക്കെതിരെ അവര്‍ സ്വന്തം സൃഷ്ടികളിലൂടെ പ്രതികരിച്ചു. അവര്‍ പക്ഷം പിടിച്ചില്ല. പക്ഷപാതത്തോടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തില്ല.
എന്നാല്‍ കാലാന്തരത്തില്‍ എല്ലാത്തിനും വന്നു ചേര്‍ന്ന മൂല്യശോഷണം എഴുത്തുകാരിലും ഉണ്ടായി. എഴുതുന്നതു വലിയവലിയ കാര്യങ്ങള്‍. എന്നാല്‍ പ്രവര്‍ത്തിക്കുന്നതോ അതിനു കടകവിരുദ്ധമായും. കല്ലേറുകൊണ്ട് പിടഞ്ഞുവീണ പക്ഷിയെ നോക്കി കവിതയിലൂടെ വിലപിക്കുന്ന കവി ആ പക്ഷിയെ പാകംചെയ്തു തിന്നുന്ന കാലം. മദ്യത്തിനെതിരെ വാതോരാതെ സംസാരിക്കുന്ന എഴുത്തുകാരന് രാത്രിയായാല്‍ മദ്യത്തില്‍ മുങ്ങി ജീവിക്കുന്നു. കരുണ പ്രവഹിക്കുന്ന കവിതയെഴുതിയ കവിയുടെ വാഹനം ഇടിച്ച് തളര്‍ന്നുപോയ യുവാവിനെ തിരിഞ്ഞു നോക്കാത്ത കവി.
റോഡുവികസനത്തിന് തടസ്സമായി വഴിയില്‍ നില്ക്കുന്നതോ, ജനത്തിനു ഭീഷണിയായി മറിഞ്ഞു വീഴാറായി നില്ക്കുന്നതോ ആയ മരം മുറിച്ചു കളയാന്‍ ശ്രമിച്ചാല്‍ “…..ഹോ, എന്റെ പ്രിയ മരമേ…” എന്നു വിലപിക്കുകയും സ്വന്തം വീട്ടിലെ മരങ്ങളെല്ലാം വിറ്റ്, കിട്ടിയ കാശ് പോക്കറ്റിലാക്കുകയും ചെയ്യുന്ന എഴുത്തുകാരുടെ കാലം.
എന്തിനും ഏതിനും പ്രതികരിക്കുന്ന പ്രത്യേകതയുള്ള ഒരു വിഭാഗം ജീവിക്കുന്ന നാടാണ് നമ്മുടെ കേരളം. അതില്‍ മേല്‍പ്പറഞ്ഞ എഴുത്തുവര്ഗ്ഗവും പെടും. പ്രതികരിച്ചില്ലെങ്കില്‍ ഉറക്കം വരാത്ത വര്‍ഗ്ഗമാണവര്‍. ഓരോ രാഷ്ട്രീയപ്പാര്‍ട്ടിക്കും പ്രതികരിക്കാന്‍ പ്രത്യേകം പ്രത്യേകം ആള്‍ക്കാരുണ്ടിവിടെ.
സന്ദര്‍ഭത്തിനനുസരിച്ച് അവര്‍ പ്രതികരിച്ചു കൊണ്ടിരിക്കും. എഴുത്തുകാരെക്കൂടാതെ ജോലിയില്‍ നിന്നു വിരമിച്ച ചില പത്രപ്രവര്‍ത്തകരും ഇപ്പോള്‍ പ്രതികരണത്തൊഴിലാളികളായി മാറിയിട്ടുണ്ട്. ടിവി ചാനലുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവര്‍ക്കെല്ലാം ജോലിയായി. ഫെയ്സ്ബുക്കില്‍ സമയം കളയുകയും മനോരോഗികളായി മാറുകയും ചെയ്യുന്ന വലിയൊരു വിഭാഗവും സജീവമായുള്ളതിനാല്‍ അവിടെയും പ്രതികരിക്കുന്നവര്‍ നിരവധിയുണ്ട്. (ഫെയ്സ്ബുക്ക് നിത്യവും ഉപയോഗിക്കുന്നവര്‍ മനോരോഗികളാകുന്നെന്ന് അമേരിക്കയില്‍ നിന്നുവന്ന റിപ്പോര്‍ട്ടാണ്.)
കേരള മനസാക്ഷിയെ ഏറെ ഞെട്ടിച്ച ഒരു സംഭവമാണ് കോഴിക്കോട്ടെ ഒഞ്ചിയത്തു നടന്ന ടി.പി.ചന്ദ്രശേഖരന് വധം. നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പു കാലമായി അതുവളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയും ജനങ്ങളുടെ മനസ്സില്‍ പ്രതിഷേധ പ്രതികരണവുമുണ്ടായി. എന്നാല്‍ ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ ആദ്യമായി സംഭവിക്കുന്ന രാഷ്ട്രീയ കൊലപാതകമല്ല. ഇതിലും നിഷ്ഠൂരമായാണ് കെ.ടി.ജയകൃഷ്ണന് എന്ന അധ്യാപകനെ ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ കുട്ടികളുടെ മുന്നിലിട്ട് കൊലചെയ്തത്. ജയകൃഷ്ണന്റെ നെഞ്ചും തലച്ചോറും വടിവാള്‍കൊണ്ട് പിളര്‍ന്നപ്പോള്‍ പുറത്തേക്ക് ചീറ്റിയ രക്തം പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്താണ് പതിച്ചത്. അന്നുണ്ടായ ഞെട്ടലില്‍ മനസ്സു തകര്‍ന്ന കുട്ടികള്‍ മനസാന്നധ്യം വീണ്ടെടുക്കാന്‍ കാലങ്ങളെടുത്തു. ഇപ്പോള്‍ ചന്ദ്രശേഖരന് വധത്തെ ക്രൂരമെന്നും നിഷ്ഠൂരമെന്നും അപലപിക്കുന്നവര്‍ അന്ന് നാക്കുംവാക്കും മാളത്തിലൊളിപ്പിച്ചവരാണ്.
ഫെയ്സ്ബുക്കിലെ പ്രതികരണത്തില്‍ എഴുത്തുകാരന് കുറിച്ച വാക്കുകള്‍ അന്ന്, ജയകൃഷ്ണന് മാസ്റ്ററെ നിഷ്ഠൂരമായി കൊലചെയ്തപ്പോള്‍ കണ്ടില്ല. എങ്കിലും അദ്ദേഹം പങ്കുവച്ച അഭിപ്രായത്തോട് യോജിപ്പാണുള്ളത്. ഇത്രക്രൂരമായ ഒരു കൊലപാതകത്തോട് പ്രതികരിക്കാതെ മൗനമായി ജീവിക്കുന്ന പ്രതികരണ വാദികളായ എഴുത്തുകാര്‍ക്കു നേരെ അദ്ദേഹം ചൊരിഞ്ഞ പരിഹാസവാക്കുകള്ക്കൊപ്പം നില്‍ക്കുന്നതാണ് ശരി. പരമേശ്വരന്റെ ഫെയ്സ്ബുക്ക് പ്രതികരണത്തിന്റെ മുള്ളേറ്റത് ഇപ്പോള്‍ വല്ലപ്പോഴും കവിയാണെന്നത് മറക്കാതിരിക്കാന്‍ കവിതയെഴുതുന്ന, മുഴുവന്‍ സമയ സീരിയല്‍ നടനായ ബാലചന്ദ്രന് ചുള്ളിക്കാടിനും പിന്നെ സച്ചിദാനന്ദനും അശോകന്ചരുവിലുനുമൊക്കെയാണ്. അതു പിന്നെ പലരുമേറ്റു പിടിച്ച് ഒരു സാംസ്കാരിക സംഭവമായി വളരുക തന്നെ ചെയ്തു.
പരമേശ്വരന് പറഞ്ഞത് ഉദ്ധരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. അതിങ്ങനെയാണ്:
“….എല്ലാ മാഫിയാ തലവന്മാരെയും പോലെ ഇയാളും (ഇയാളെന്ന് പറഞ്ഞത് പിണറായിവിജയനെ ആണ്) ഒരു ദിവസം നിഷ്ക്രമിക്കും. എന്നാല്‍ സാഹിത്യസാംസ്കാരിക രംഗത്തുള്ള അയാളുടെ ഭജനസംഘം അവരുടെ മഹത്തായ പൈതൃകത്തിന് വരുത്തി വച്ച നാണക്കേട് ചിരകാലം നിലനില്ക്കും. ഇപ്പോള്‍ ബുദ്ധന്റെ നിര്‍മമത അഭിനയിക്കുന്ന ബാലചന്ദ്രന് ചുള്ളിക്കാട് കൊല നടന്ന പിറ്റേന്ന് ആണ് ക്രിമിനല്‍ പാര്‍ടിയുടെ പോഷകസംഘടനയുടെ യോഗത്തില്‍ കവിത അമറാന്‍ പോയത്…..സച്ചിദാനന്ദന് പിണറായിയുടെ പാര്‍ടി സമ്മേളനങ്ങളില്‍ പ്രഭാഷിക്കാന്‍ പോയത് പറയാന്‍ എനിക്ക് ഭയമാണ്…..വിജയേട്ടന്റെ ചിരി കണ്ടു മതിമറന്ന മുകുന്ദേട്ടനെ കുറിച്ച്, പാര്‍ട്ടി ഗ്രാമങ്ങളില്‍ എല്ലാം ഡീസന്റ് ആണെന്ന് പറഞ്ഞ പെണ്ണുമ്പിള്ളയെ കുറിച്ച്, അശോകന് ചരുവിലിന്റെ ജന്തുസഹജമായ സ്വാമിഭക്തിയെ കുറിച്ച് ഒക്കെ മറ്റാരെങ്കിലും പറയട്ടെ…..
ആഗോളവല്‍ക്കരണകാലത്ത് മതതീവ്രവാദ സംഘങ്ങളുടെയും തിരിച്ചറിയാന്‍ പറ്റാത്ത ദേശീയ അന്തര്‍ദേശീയ നിഷ്ഠൂര മൂലധനശക്തികളുടെയും ഇലനക്കിപ്പട്ടികളാണ് പാര്‍ട്ടികളും വര്‍ഗീയസംഘടനകളും. അവയുടെ ചിറി നക്കിപ്പട്ടികളാണ് ഒരു നല്ല പങ്ക് എഴുത്തുകാരും. കലാകാരന്മാരും. അവര്‍ നാളെയുടെ നാണക്കേടുകള്‍ ആണ്…..” പരമേശ്വരന്റെ വാക്കുകളിലെ പ്രധാനപ്പെട്ടവ ഇതാണ്.
ഇന്നു പ്രതികരിക്കാത്ത എഴുത്തുകാരും കലാകാരന്മാരും നാളെയുടെ നാണക്കേടുകളാണെന്ന പ്രസ്താവനയ്ക്ക് ഒരു ഭേദഗതി കൂടി നിര്‍ദ്ദേശിക്കുന്നു. ഇന്നലെ പ്രതികരിക്കാത്ത എഴുത്തുകാരും എന്നുകൂടി ചേര്‍ക്കണം. ഇന്നലെ ജയകൃഷ്ണന് മാസ്റ്ററാണ് കൊല്ലപ്പെട്ടത്. ഇതിലും ക്രൂരമായി. ഇന്ന് ചന്ദ്രശേഖരനും. രണ്ടു കൊലപാതകങ്ങളും അപലപിക്കപ്പെടണം. പക്ഷേ, ഇന്നലത്തേതിനെ മറന്ന് ഇന്നത്തേതിനെക്കുറിച്ചു മാത്രം വാചാലമാകുന്നത്, പ്രതികരിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് പക്ഷം പിടിക്കലാണ്. ജയകൃഷ്ണന് മാസ്റ്റര്‍ ബിജെപിക്കാരനായതിനാല്‍ കൊലചെയ്താലും കുഴപ്പമില്ലെന്നാണോ പരമേശ്വരന് കരുതുന്നത്. അന്നു പ്രതികരിക്കാന്‍ പരമേശ്വരനും തോന്നിയില്ലല്ലോ. അല്ലെങ്കില്‍ ഇന്നു പറയുമ്പോഴെങ്കിലും ജയകൃഷ്ണന് മാസ്റ്ററെ ഓര്‍ത്തുകൂടായിരുന്നോ. ജയകൃഷ്ണ്‍ മാസ്റ്ററുടെ ഘാതകരെ നിയമത്തിന്റെ കയ്യില്‍ നിന്ന് രക്ഷിക്കുകയും അവരെ തോളേറ്റി ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തപ്പോഴും “അരുത്….” എന്ന് പറയാന്‍ ഒറ്റ കവിപുംഗവനും ഉണ്ടായില്ലല്ലോ.
തൊട്ടയലത്തു താമസിക്കുന്നവരോടു പോലും മുഖം വീര്‍പ്പിക്കുന്ന, അവരെകണ്ടാലും പരിചയം കാട്ടാത്ത ജ്ഞാനപീഠത്തിലേറിയ കവിക്കും തോന്നിയില്ലല്ലോ അന്നും ഇന്നും പ്രതികരിക്കാന്‍. പരമേശ്വരന്റെ പരിഹാസം വന്നപ്പോള്‍ ചുള്ളിക്കാടിലെ കവിയല്ല പ്രതികരിച്ചത്. അദ്ദേഹത്തിലെ സീരിയല്‍ നടനാണ്. അദ്ദേഹത്തിന് പ്രതികരിക്കാന്‍ ഭയമാണെന്നു പറഞ്ഞതു തന്നെയാണ് കൊലക്കത്തിക്കെതിരായ പ്രതികരണമെങ്കിലും അത് നേരേ പറയാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. ക്വട്ടേഷന്‍ സംഘത്തിന്റെ കത്തിക്കിരയായാലോ എന്ന ഭയം ഭീരുവിന്റേതാണെന്ന് പറയാതെ വയ്യ.
ചന്ദ്രശേഖരന്റെ വധത്തെ പ്രമുഖ പിണറായി പക്ഷ സാഹിത്യകാരനായ എം.മുകുന്ദന് കണ്ടത് അച്ഛന് മകളെ പീഡിപ്പിക്കുന്നതുപോലെയും സഹപാഠിയെ വിദ്യാര്ത്ഥികഴുത്തറുത്തു കൊന്നതുപോലെയുമാണ്. ചന്ദ്രശേഖരന്റെ വധത്തിന് അദ്ദേഹത്തിന്റെ കണ്ണില്‍ രാഷ്ട്രീയമില്ല. സിപിഎം എന്ന പ്രസ്ഥാനത്തിനു പിന്നില്‍ അപ്പക്കഷ്ണത്തിനായി കൈനീട്ടി നില്ക്കുന്ന മുകുന്ദനെപ്പോലുള്ളവരെല്ലാം അങ്ങനയേ പറയൂ. പറയാന്‍ കഴിയൂ. അവരെക്കാത്ത് പിഎസ്സി മെമ്പര്‍ സ്ഥാനവും സാഹിത്യ അക്കാദമിയിലെ വലിയ കസേരയുമെല്ലാമുണ്ട്. കിട്ടാനുള്ളത് വലിയൊരു ലോകമാകുമ്പോള്‍ വെറുതെ എന്തിന് അതെല്ലാം നഷ്ടപ്പെടുത്തണം?
വിലാപങ്ങളെ മുഴുവന്‍ ഏറ്റു വാങ്ങുന്ന സുഗതകുമാരിക്ക് എന്തുപറ്റിയെന്ന് അദ്ഭുതപ്പെടാതെ വയ്യ. സാഹിത്യകാരന്മാര് പ്രതികരിക്കേണ്ടവരല്ലെന്നാണ് അവരുടെ പക്ഷം. സുഗതകുമാരിയെപ്പോലുള്ളവര്‍ നിരത്തിലിറങ്ങി പ്രതികരിച്ചപ്പോഴാണ് സെയിലന്റ്വാലിയെന്ന മനോഹരവനം ജീവിച്ചിരിക്കുന്നതെന്ന് മറന്നുപോയോ?. സമൂഹത്തിലെ അധമ പ്രവര്‍ത്തികളോട് പ്രതികരിക്കാതെ എങ്ങനെ ടീച്ചറെപ്പോലുള്ളവര്‍ക്ക് ജീവിക്കാനാകും? എഴുത്തുകാരും സാഹിത്യപ്രതിഭകളും സാമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആ സ്വാധീനം അത്തരം തിന്മകള്ക്കെതിരെ പക്ഷം നോക്കാതെ പ്രതികരിക്കാനുള്ള ആയുധമാക്കണം. എപ്പോഴെങ്കിലും നീട്ടിക്കിട്ടുന്ന എച്ചില് കഷണത്തിനായി സ്വന്തം വ്യക്തിത്വത്തെ പണയപ്പെടുത്തി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതല്ലേ?
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: