റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠുരവും പൈശാചികവുമായ വധം കേരളത്തിനുണ്ടാക്കിയ ഞെട്ടലില്‍നിന്ന് മോചിതരാകും മുമ്പ് തന്നെ അഹങ്കാരവും ജനവികാരത്തോടുള്ള പുഛവും അഭിപ്രായഭിന്നതയോടുള്ള അസഹിഷ്ണുതയും സിപിഎം ഒന്നുകൂടി തെളിയിച്ചിരിക്കുന്നു.
സിപിഎം വിട്ട് ലീഗില്‍ ചേര്‍ന്ന റഫീക്ക് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത് സിപിഎമ്മിന്റെ അധോലോക സാംസ്കാരിക ശൈലിക്ക് അടിവരയിടുന്നതാണ്. സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച് വാനോളം വളര്ന്നപ്പോഴാണല്ലോ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിരോധത്തിലാണ് സിപിഎം എങ്കിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്, ഒഞ്ചിയം-വടകര മേഖല ആരാധിച്ചിരുന്ന ടിപിയെ അദ്ദേഹത്തിന്റെ മൃഗീയ വധത്തിന് ശേഷവും കുലംകുത്തി എന്ന വിശേഷണം ആവര്‍ത്തിക്കുകയായിരുന്നു. ഇപ്പോള്‍ കൊലക്ക് പിന്നില്‍ സിപിഎം തന്നെയാണെന്ന് അറസ്റ്റ്ചെയ്ത എട്ടുപേരില്നിന്നും ശേഖരിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കുമ്പോഴും സിപിഎമ്മിന് ഇതില്‍ പങ്കില്ലെന്നും സത്യസന്ധമായ പോലീസ് അന്വേഷണമല്ല നടക്കുന്നതെന്നുമാണ് പിണറായി ഭാഷ്യം. കൊലക്ക് പിന്നില്‍ സിപിഎം നേതൃത്വംതന്നെയാണെന്ന് ടിപിയുടെ ഭാര്യ രമ ഉറപ്പിച്ച് പ്രഖ്യാപിക്കുന്നു. സിപിഎം ഇന്നും കേരളത്തെ വിറപ്പിക്കുന്ന കൊലപാതക രാഷ്ട്രീയപാര്‍ട്ടിയായി മാറി എന്നതിന് സാക്ഷ്യം വഹിക്കുന്നതാണ് കേരളത്തിലെ സാംസ്കാരികനായകരുടെ പ്രതികരണവും പ്രതികരണമില്ലായ്മയും തെളിയിക്കുന്നത്. എന്തുകൊണ്ട് സാംസ്കാരികനായകര്‍ മൗനം പാലിക്കുന്നു എന്ന ചോദ്യത്തിന് സക്കറിയയുടെ മറുപടി അത് ഭയംകൊണ്ടാണ് എന്നായിരുന്നു. പ്രസിദ്ധ എഴുത്തുകാരിയും സാമൂഹ്യവ്രര്ത്തകയുമായ മഹാശ്വേതാദേവി ടിപിയുടെ വീട് സന്ദര്‍ശിച്ചശേഷം പറഞ്ഞത് സിപിഎമ്മിനെ തൂത്തെറിയുക എന്നായിരുന്നു.
കേരളത്തില്‍ ബുധനാഴ്ച മുതലാണ് ഒറ്റപ്പെട്ട ചില സാംസ്കാരിക നായകന്മാര് ഈ പൈശാചിക കൊലക്കെതിരെ രംഗത്തുവന്നത്. “ഭയപ്പെടാതെ ചെറുക്കുക”എന്ന് പറയുന്ന സാംസ്കാരിക പ്രവര്‍ത്തകയും കവയിത്രിയുമായ സുഗതകുമാരി കൂട്ടിച്ചേര്‍ത്തത് ഈ കൊലകളും രാഷ്ട്രീയ ആക്രമണങ്ങളുമെല്ലാം രാഷ്ട്രീയപാര്‍ട്ടിയുടെ പകയുടെ ഫലമാണെന്നാണ്. നിരായുധനായി ഒറ്റക്ക് പോകുന്നയാളെ കൊല്ലിക്കുന്നത് നീചന്മാരുടെയും ഭീരുക്കളുടെയും രീതിയാണെന്നും രാഷ്ട്രീയ എതിരാളിയെ നേരിടേണ്ടത് പൊതുതെരഞ്ഞെടുപ്പിന്റെ മത്സരവേദിയിലാണെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ ഭയമാണെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാടും പറയുന്നു. കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുമോ എന്നാണ് ഭയം. കൊലക്ക്പിന്നില് ആരായാലും അവരെ ഒറ്റപ്പെടുത്തണമെന്ന് കവി സച്ചിദാനന്ദനും പറയുന്നു. പാര്‍ട്ടികള്‍ മതങ്ങളെപ്പോലെ ഇരുണ്ട കാലം അടിച്ചേല്‍പ്പിക്കുകയാണെന്നും ചന്ദ്രശേഖരന്റെ വധം ഇരുണ്ടയുഗത്തെ അനുസ്മരിപ്പിക്കുന്നു എന്നും ആനന്ദ് അഭിപ്രായപ്പെടുന്നു. സിപിഎം നേതൃത്വത്തിന് യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ല എന്ന സക്കറിയയുടെ പ്രതികരണം ശരിവെക്കുന്ന തരത്തിലാണ് അവര്‍ ടി.പി. ചന്ദ്രശേഖരനെ അധികാര ദുര്‍മോഹി എന്ന് വിശേഷിപ്പിച്ചത്. ടി.പി.ചന്ദ്രശേഖരന് പാര്‍ട്ടി വിട്ട് ആര്‍എംപി രൂപീകരിച്ചപ്പോള്‍ പതിനായിരങ്ങളാണ് ആ പാര്‍ട്ടിയില്‍ ചേര്‍ന്നത്. വടകരയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ യുഡിഎഫ് സീറ്റ് വാഗ്ദാനം നിരസിച്ചാണ് ഒറ്റക്ക് മത്സരിച്ച് 21833 വോട്ടുകള്‍ സ്വയം നേടിയത്. അധികാരമോഹമുണ്ടെങ്കില്‍ യുഡിഎഫ് സഹായത്തോടെ പാര്ലമെന്റംഗമാകാമായിരുന്ന ആള് ഒറ്റക്ക് മത്സരിച്ച് നേടിയ വോട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് കാരണം.
ചന്ദ്രശേഖരന്റെ കൊലപാതകം ജനങ്ങളിലുണ്ടാക്കിയ രോഷത്തിനനുസരിച്ച് നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സിപിഎം തുടച്ചുമാറ്റപ്പെടും എന്ന സാഹിത്യകാരന്മാരുടെ നിരീക്ഷണം ശരിയാണെന്ന് തെളിയിക്കുന്നതാണ് കണ്ണൂരും കോഴിക്കോടും സിപിഎമ്മില്‍നിന്നുള്ള കുത്തൊഴുക്ക്. ടി.പി. ചന്ദ്രശേഖരന് തന്നെ എഴുതിയപോലെ അധികാരഭ്രമവും അവിഹിതമായി നേടിയ സമ്പത്തും ജനങ്ങളോടുള്ള പുഛവും എല്ലാ എതിരഭിപ്രായങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശൈലിയുമാണ് ഇന്ന് സിപിഎം നേതൃത്വത്തിന്റെ മുതല്‍ക്കൂട്ട്. പക്ഷെ ചന്ദ്രശേഖരന്റെ വധം മുതലെടുത്ത് ലാഭം കൊയ്യാനുള്ള യുഡിഎഫ് ശ്രമത്തിന്റെ ദൃശ്യങ്ങളാണ് കലാപരാഷ്ട്രീയത്തിനെതിരെ പ്രഖ്യാപിച്ച ഹര്‍ത്താലും ഇപ്പോള്‍ വടകരയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസവും. കൊല സിപിഎം ശൈലിയല്ല എന്നാവര്‍ത്തിക്കുന്ന പിണറായി വിജയന്റെ പാര്‍ട്ടി നിഷ്ഠുരമായി എത്രയോ പേരെ കൊലചെയ്തു. പാര്‍ട്ടി വിട്ട കെ.ആര്. ഗൗരിയമ്മയുടെ വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. വളരെപേര് പാര്‍ട്ടി വിട്ടെങ്കിലും ടിപിയുടെ ഐതിഹാസിക ചെറുത്തുനില്‍പ്പുകളും ജനോപകാരപ്രവൃത്തികളും അദ്ദേഹത്തിനെ അവിസ്മരണീയനായ രക്തസാക്ഷിയാക്കി മാറ്റി. പക്ഷെ അത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധം മാത്രമാക്കി ചുരുക്കാതെ, കൊലപാതക രാഷ്ട്രീയ ശൈലി കേരളത്തില്‍ വളരാന്‍ അനുവദിക്കാതെ യഥാര്‍ത്ഥ കുറ്റവാളിളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെളിഞ്ഞ ചരിത്രമോ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട ചരിത്രമോ കേരളത്തിലില്ല. ഇതെങ്കിലും വ്യത്യസ്തമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: