പാതാളം ബണ്ടിന് സമീപം ബുധനാഴ്ചയും വന്‍ മത്സ്യക്കുരുതി നടന്നു. കറുത്ത ജലത്തില്‍ കരിമീനും ചെമ്മീനും ഉള്‍പ്പെടെ വന്‍തോതില്‍ മത്സ്യം ചത്തുപൊങ്ങിയത് ഓയില്‍ പാട പരന്നപ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ ഇത് നാലാംതവണയാണ് പെരിയാറില്‍ മത്സ്യക്കുരുതി അരങ്ങേറിയത്. പെരിയാറില്‍ മത്സ്യക്കുരുതി തുടര്‍ക്കഥയാകുന്നത് പെരിയാര്‍ തീരത്തുള്ള ഫാക്ടറികള്‍ പെരിയാറിലേക്ക് മാലിന്യം തള്ളരുതെന്ന നിരോധനം തൃണവല്ക്കരിച്ചതാണ്. പെരിയാര്‍ മേഖലയെ അപകടമേഖലയായി ഗ്രീന്‍പീസ് പ്രസ്ഥാനവും പ്രഖ്യാപിച്ചിരുന്നു. വേമ്പനാട് കായലില്‍ ഒഴുകിയെത്തുന്ന ഏഴ് നദികളില്‍ പ്രധാനമാണ് പെരിയാര്‍.
കടലില്‍നിന്നുള്ള ഭക്ഷ്യപ്രധാനമായ 125 ഇനം മത്സ്യങ്ങളില്‍ എഴുപത്തിയാറും കായലും നദികളുമായി ബന്ധപ്പെട്ടുള്ളവയാണ്. ഈ മത്സ്യങ്ങളാണ് കേരളത്തിലെ രണ്ടരലക്ഷം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ഏഴരലക്ഷം തീരദേശ മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗം. ഈ മലിനീകരണം പെരിയാറിന്റെ മാത്രം കഥയല്ല. ഭാരതപ്പുഴയും ഇന്ന് നഗരമാലിന്യ നിക്ഷേപകേന്ദ്രമാണ്. പൊന്നാനി നഗരസഭാ മാലിന്യം നിക്ഷേപിക്കുന്നത് ഭാരതപ്പുഴയിലാണ്.
ഈ ഭാരതപ്പുഴയിലെ മലിനമാക്കിയ വെള്ളമാണ് നഗരസഭ കുടിവെള്ളമായി പൈപ്പുകളില്‍കൂടി വിതരണം ചെയ്യുന്നത്. ഏലൂര്‍ മേഖലയില്‍ പെരിയാറില്‍നിന്നുള്ള വെള്ളം ആരും ഇന്ന് കുടിവെള്ളമായോ ഭക്ഷണം പാകം ചെയ്യുന്നതിനോ ഉപയോഗിക്കുന്നില്ല.
ഇത് മത്സ്യത്തൊഴിലാളികളുടെ ജീവിതപ്രശ്നം മാത്രമല്ല കേരളത്തിലെ മനുഷ്യരുടെ ആരോഗ്യപ്രശ്നവുംകൂടിയാണ്. വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്നുല്ഘോഷിക്കുന്ന ഒരു ജനത നഗരമാലിന്യം മലവിസര്ജ്യമുള്പ്പെടെ സ്വന്തം കുടിവെള്ളത്തില്‍ നിക്ഷേപിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തി ആരോഗ്യം അപായപ്പെടുത്തുന്നു. ഒരു പരിഷ്കൃത സമൂഹവും ചെയ്യാത്ത പ്രവൃത്തിയാണിത്. പക്ഷെ രാഷ്ട്രീയം മാത്രം ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ കാലവര്‍ഷം വന്നാല്‍ സാംക്രമികരോഗങ്ങളുടെ കേളീരംഗമായി സംസ്ഥാനം മാറുമെന്നും ട്രോളിംഗ് നിരോധനത്തോടെ മത്സ്യക്കുരുതി നടക്കുന്ന മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക് കൂപ്പുകുത്തുമെന്നും അധികാരവും പണവും സ്വപ്നം കാണുന്ന ഭരണകക്ഷിയും സര്‍ക്കാരും ചിന്തിക്കുന്നില്ല. പെരിയാറിനെയും ഭാരതപ്പുഴയെയും മാലിന്യനിക്ഷേപകേന്ദ്രങ്ങളാക്കി മാറ്റുന്നതിനോട് പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കും അവകാശമില്ലതായത് അവരും ഈ ഹീനകൃത്യത്തില്‍ പങ്കാളികളാകുന്നതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: